Skip to main content

ഭൂമി തരം മാറ്റം: അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കും- ജില്ലാ കളക്ടര്‍

ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുമെന്ന് ജില്ലാ കളക്ടർ വി.ആർ വിനോദ്. തിരൂർ, പെരിന്തല്‍മണ്ണ റവന്യു ഡിവിഷനുകള്‍ക്ക് കീഴിൽ ഭൂമി തരംമാറ്റത്തിനായി അപേക്ഷ നൽകിയവർക്കുള്ള അദാലത്തുകള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് എവിടെയും ഏജന്റുമാരെ നിയോഗിച്ചിട്ടില്ല.  ഓൺലൈൻ സംവിധാനത്തിൽ സുതാര്യമായാണ് തരം മാറ്റ അപേക്ഷകൾ പരിഗണിക്കുന്നത്. ആർക്കും ഓണ്‍ലൈനായി തങ്ങളുടെ അപേക്ഷയുടെ സ്ഥിതി പരിശോധിക്കാനാവും. അപേക്ഷയുടെ സീനിയോറിറ്റി പരിഗണിച്ച് മാത്രമാണ് തരം മാറ്റ ഉത്തരവ് നൽകിയിട്ടുള്ളതെന്നും കളക്ടർ പറഞ്ഞു.
ആവാസ വ്യവസ്ഥകൾ സംരക്ഷിച്ച് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും കൃഷി ഭൂമി സംരക്ഷിക്കുന്നതിനുമായാണ് 2008 ൽ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം കൊണ്ടു വന്നത്. വീട് വെക്കുന്നതുൾപ്പടെ മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങൾ തിരിച്ചറിഞ്ഞാണ് ഈ നിയമത്തില്‍ ആവശ്യമായ ഭേദഗതികൾ വരുത്തുന്നത്. എന്നാൽ ഇത് അത്ര വേഗത്തിൽ തീർപ്പാക്കാവുന്ന ഒന്നല്ല. വിവിധങ്ങളായ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇത്തരത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു നിയമത്തിൽ ഭേദഗതി വരുത്തുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന കാരണത്താലാണ് ഭൂമി തരംമാറ്റത്തിന് പലപ്പോഴും കാലതാമസം നേരിടേണ്ടി വരുന്നതെന്നും കളക്ടർ പറഞ്ഞു.
തിരൂർ റവന്യു ഡിവിഷന് കീഴിൽ ഭൂമി തരംമാറ്റത്തിനായി അപേക്ഷ നൽകിയവർക്കുള്ള അദാലത്ത് തിരൂർ ട്രസ്റ്റ് പ്ലാസ ഓഡിറ്റോറിയത്തിലും പെരിന്തല്‍മണ്ണ റവന്യു ഡിവിഷന് കീഴില്‍ അപേക്ഷ നല്‍കിയവര്‍ക്കായുള്ള അദാലത്ത് മലപ്പുറം ടൗണ്‍ഹാളിലുമാണ് സംഘടിപ്പിച്ചത്.
തിരൂർ ട്രസ്റ്റ് പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന അദാലത്തില്‍ തിരൂര്‍ സബ് കളക്ടർ സച്ചിൻ കുമാർ യാദവ് അധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് കളക്ടർ സുമിത് കുമാർ ഠാക്കൂർ, തിരൂര്‍ തഹസില്‍ദാര്‍ ഷീജ, എൽ. ആർ വിഭാഗം തഹസിൽദാർ നൗഷാദ്, എൽ.ആർ വിഭാഗം ഡപ്യൂട്ടി തഹസിൽദാർ ജോസഫ് സ്റ്റീഫൻ റൂബി തുടങ്ങിയവര്‍ പങ്കെടുത്തു.
മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന അദാലത്തില്‍ പെരിന്തല്‍മണ്ണ സബ് കളക്ടര്‍ ഡി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ പി.എം മായ, ഏറനാട് തഹസില്‍ദാര്‍ കെ.എസ് അഷ്റഫ്, ആര്‍.‍‍ഡി.ഒ ഓഫീസ് സീനിയര്‍ സൂപ്രണ്ട് എസ്.എസ് ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.  

date