Skip to main content

കാന്തിപ്പാറയ്ക്ക് ഇനി  സ്മാര്‍ട്ട് വില്ലജ് ഓഫീസ്

ഉടുമ്പന്‍ചോല താലൂക്കിലെ കാന്തിപ്പാറ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ ഓണ്‍ലൈന്‍ ആയി നിര്‍വഹിച്ചു.  ഓഫീസ് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ എം എം മണി എം എല്‍ എ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ 1666 വില്ലേജുകളെ സ്മാര്‍ട്ട് വില്ലേജ് ആക്കുന്നതിനുള്ള പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിവരികയാണെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. ഭരണാനുമതി ലഭിച്ച 692 വില്ലേജുകളില്‍ 472 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജുകളായി പുനര്‍നിര്‍മ്മിക്കപ്പെട്ടു. ശേഷിക്കുന്ന  220 വില്ലേജ് ഓഫീസുകള്‍  നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.  റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്,റവന്യു വകുപ്പിന്റെ പദ്ധതി വിഹിതം, എം എല്‍ എ ഫണ്ട് എന്നിവയില്‍ ഉള്‍പ്പെടുത്തിയാണ് 692 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ നിര്‍മ്മിക്കുന്നത് . നിര്‍മ്മാണം പൂര്‍ത്തിയായ 35 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാണ് ഇന്നലെ ( ഫെബ്രുവരി 3 )സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്യപ്പെട്ടത് .

 മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫിസുകളും സ്മാര്‍ട്ട് വില്ലേജുകളായി ഉയര്‍ത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് എം എം മണി എം എല്‍ എ പറഞ്ഞു. മികച്ച നിലവാരത്തിലുള്ള സേവനം അതിവേഗം ജനങ്ങളില്‍ എത്തട്ടെയെന്നും മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫിസുകളിലും താലൂക്ക് ഓഫിസിലും കമ്പ്യൂട്ടറും, മള്‍ട്ടിപര്‍പ്പസ് പ്രിന്ററും എം എല്‍ എ ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാന്തിപ്പാറ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മ്മാണത്തിന്  2021-2022 ല്‍  44 ലക്ഷം രൂപ വകയിരുത്തിയിരുന്നെങ്കിലും  14.16 ശതമാനം കുറഞ്ഞ നിരക്കിലാണ് പൊതുമരാമത്ത് വകുപ്പ്‌ സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.  ഒറ്റ നിലയിലായി 105.89 ച.മീ വിസ്തീര്‍ണ്ണത്തിലാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. കല്ല് കെട്ടോടുകൂടിയ അടിത്തറയും ഭിത്തികള്‍ സോളിഡ് ബ്ലോക്ക് ഉപയോഗിച്ചും വാതിലുകള്‍ മരം ഉപയോഗിച്ചും നിലത്തു ടൈല്‍ പാകിയുമാണ് നിര്‍മ്മാണം . ഇലട്രിക്കല്‍ ജോലികള്‍ക്ക് വേണ്ടി 1,50,000 രൂപയും, ഇലക്ട്രോണിക് ജോലികള്‍ക്ക് വേണ്ടി 70,000 രൂപയുമാണ്  വകയിരുത്തിയിരുന്നത്.  പൊതുമരാമത്തു വകുപ്പ് സിവില്‍ , ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് വിഭാഗങ്ങളാണ്  നിര്‍മ്മാണ  പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത് .

അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി ഓണ്‍ലൈന്‍ ആയി പങ്കെടുത്തു. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് , ദേവികുളം സബ് കളക്ടര്‍ ജയകൃഷ്ണന്‍ വി എം ,സേനാപതി പഞ്ചായത്ത് പ്രസിഡന്റ് തിലോത്തമ സോമന്‍ ,ജില്ലാ പഞ്ചായത്ത് അംഗം വി എന്‍ മോഹനന്‍ , നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ടി വര്‍ഗീസ് , മറ്റ് ജനപ്രതിനിധികള്‍ , രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date