Skip to main content

നവകേരള സദസ്സിന്റെ തുടർച്ചയായി മുഖ്യമന്ത്രിയുമായുള്ള മുഖാമുഖത്തിൽ 2000 വിദ്യാർത്ഥികൾ പങ്കെടുക്കും

 

ഫെബ്രുവരി 18ന് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് മൈതാനിയിൽ

പങ്കെടുക്കുന്ന വിദ്യാർത്ഥികളിൽ പകുതി പെൺകുട്ടികൾ

50 വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കാം

നവകേരള സദസ്സിന്റെ തുടർച്ചയായി മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുക്കപ്പെട്ട 10 വ്യത്യസ്ത മേഖലയിൽ നിന്നുള്ളവരുമായി നടത്തുന്ന മുഖാമുഖം പരിപാടിയിൽ ആദ്യത്തേത്-വിദ്യാർത്ഥികളുമായുള്ള മുഖമുഖം-ഫെബ്രുവരി 18 ന് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് മൈതാനിയിൽ നടക്കും. രാവിലെ 9.30 ന് തുടങ്ങുന്ന പരിപാടി 1.30 വരെ നീളും. 

ഉന്നതവിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള 2000 വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് ഇത് സംബന്ധിച്ചു കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു വ്യക്തമാക്കി. വകുപ്പിന് കീഴിലുള്ള എല്ലാ വിഭാഗങ്ങളിലുംപെട്ട, ഓരോ കോളേജിൽ നിന്നും രണ്ട് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണം. വിദ്യാർത്ഥി യൂണിയൻ ഉള്ള കോളേജുകളിൽ നിന്നും രണ്ട് പേരും ഇല്ലാത്ത കോളേജിൽ നിന്നും ഒരു വിദ്യാർത്ഥി വീതവും പങ്കെടുക്കണം. ആകെയുള്ള വിദ്യാർത്ഥികളിൽ പകുതി പെൺകുട്ടികൾ ആയിരിക്കണം. വകുപ്പിന് കീഴിൽ അല്ലാത്ത കേരള കലാമണ്ഡലം ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും പങ്കെടുക്കും. 

ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥികൾക്ക് എന്താണ് വേണ്ടത് എന്ന് മനസ്സിലാക്കി അവർക്കത് എത്തിച്ചു നൽകുന്നതിന്റെ ഭാഗമായാണ് മുഖാമുഖമെന്ന് മന്ത്രി ബിന്ദു പറഞ്ഞു. "വിദ്യാർത്ഥികൾ കേരളം വിടുന്നു എന്ന വ്യാജ പ്രതീതി സൃഷ്ടിക്കുന്ന സമയമാണിത്. നാം നടപ്പാക്കാൻ പോകുന്ന നാല് വർഷത്തെ ബിരുദ കോഴ്സ് കലാലയങ്ങളെ കൂടുതൽ സർഗ്ഗത്മകമാക്കുമെന്നാണ് കരുതുന്നത്. ഇതൊക്കെയും ഫെബ്രുവരി 18 ന് ചർച്ച ചെയ്യും," മന്ത്രി വ്യക്തമാക്കി. 

പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ ഈ മാസം 10നകം നൽകണമെന്ന് പരിപാടിയുടെ നോഡൽ ഓഫീസർ, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ സുധീർ പറഞ്ഞു. വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസ മേഖലയെക്കുറിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും ഒരു പുറത്തിൽ കവിയാതെ എഴുതി അപ് ലോഡ് ചെയ്യണം. അതിൽ നിന്ന് തെരഞ്ഞെടുത്ത 50 പേർക്ക് മുഖമുഖത്തിൽ മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാം.

മുഖാമുഖം പരിപാടിയിൽ മുഖ്യമന്ത്രിക്കൊപ്പം 10 വിദ്യാഭ്യാസ വിചക്ഷണൻമാർ വേദി പങ്കിടും. ഇവർ ഓരോരുത്തരും മൂന്ന് മിനിറ്റ് നേരം സംസാരിക്കും.

സംഘാടക സമിതി യോഗത്തിൽ മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. മേയർ ബീന ഫിലിപ്പ്, സച്ചിൻ ദേവ് എം.എൽ.എ, ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി ഗവാസ്, അസിസ്റ്റന്റ് കളക്ടർ പ്രതീക് ജെയിൻ, വാർഡ് മെമ്പർ രമ്യ സന്തോഷ്‌, എ പ്രദീപ്‌ കുമാർ, കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ പി പ്രിയ, പി മോഹനൻ തുടങ്ങിയവർ പങ്കെടുത്തു. 

മന്ത്രിമാരായ പി എ മുഹമ്മദ്‌ റിയാസ്, എ കെ ശശീന്ദ്രൻ എന്നിവർ രക്ഷാധികാരികളായി  1001 അംഗ സംഘാടക സമിതി രൂപീകരിച്ചു. മന്ത്രി ഡോ ആർ ബിന്ദു ചെയർപേഴ്സണും ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ് ജനറൽ കൺവീനറുമാണ്. കെ സുധീർ ആണ് കോർഡിനേറ്റർ.

date