Skip to main content

കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാൻ എല്ലാ നിലയിലും ഇടപെടും : മന്ത്രി പി എ മുഹമ്മദ് റിയാസ്

 

കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാൻ സർക്കാർ എല്ലാ നിലയിലും ഇടപെടുമെന്ന്  പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ആവള കുട്ടോത്ത് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൻ്റെ 50-ാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ അടക്കം വലിയ മാറ്റമാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്നത്. അതോടൊപ്പം പഠന രീതികളിലും സമൂലമായ മാറ്റം സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെ നൂതനമായ ആശയങ്ങളെക്കുറിച്ച് നമ്മുടെ കുട്ടികൾ പഠിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ലോകത്തിലെ മറ്റേതൊരു സിലബസിൽ പഠിക്കുന്ന കുട്ടികളോടും മത്സരിച്ചു നിൽക്കാൻ കുട്ടികളെ പ്രാപ്തമാക്കുന്ന നിലയിലേക്ക് വിദ്യാഭ്യാസ സമ്പ്രദായത്തെ മാറ്റുന്നതിന് ആവശ്യമായ നടപടികളാണ് സർക്കാർ സ്വീകരിച്ചു വരുന്നത്. വിദ്യാഭ്യാസ മേഖലയിലെ കഴിഞ്ഞ ഏഴര വർഷക്കാലത്തെ മാറ്റങ്ങൾ അതിന് ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു.

ടി.പി രാമകൃഷ്ണൻ  എം.എൽ.എ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എൻ സജീവൻ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രതിഭകൾക്കുള്ള ഉപഹാര സമർപ്പണം  ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ.ടി ഷിജിത്ത് നിർവഹിച്ചു.  ജില്ലാ പഞ്ചായത്ത് അംഗം സി.എം ബാബു, വി.പി ദുൽഫിക്കർ ,പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ കമ്മിറ്റി ചെയർമാൻ കെ സജീവൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ അജിത, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദില നിബ്രാസ്, പഞ്ചായത്ത് അംഗങ്ങളായ കെ.എം ബിജിഷ, എം.എം രഘുനാഥ്, വി.പി പ്രവിത, മുംതാസ് ടി, എച്ച് എം കെ സലീന, പി.ടി.എ പ്രസിഡന്റ് ശ്രീധരൻ പി.കെ, പൂർവ്വ വിദ്യാർത്ഥി സംഘടന ചെയർമാൻ ആവള ഹമീദ്, പിടിഎ മദർ പിടിഎ പ്രതിനിധികൾ, സ്റ്റാഫ് സെക്രട്ടറി, സീഡിഎസ് ചെയർപേഴ്സൺ, സ്കൂൾ ലീഡർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ എം കുഞ്ഞമ്മദ് മാസ്റ്റർ സ്വാഗതവും കൺവീനർ ഉണ്ണികൃഷ്ണ‌ൻ ടി.എം നന്ദിയും പറഞ്ഞു

date