Skip to main content
റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടേയും, എംഎല്‍എ ഫണ്ടുപയോഗിച്ചുള്ള പ്രവൃത്തികളുടേയും അവലോകന യോഗത്തില്‍ അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ  അധ്യക്ഷത വഹിച്ചു സംസാരിക്കുന്നു.

കേരളത്തിലെ മികച്ച ആരോഗ്യ കേന്ദ്രങ്ങള്‍ റാന്നി മണ്ഡലത്തില്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം: അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ

കേരളത്തിലെ മികച്ച ആരോഗ്യ കേന്ദ്രങ്ങള്‍ റാന്നി മണ്ഡലത്തില്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ  പറഞ്ഞു. റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടേയും, എംഎല്‍എ ഫണ്ടുപയോഗിച്ചുള്ള പ്രവൃത്തികളുടേയും അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയിരുന്നു അദ്ദേഹം. ആരോഗ്യമേഖലയില്‍ ആശുപത്രികളുടെ ആന്തരിക സൗകര്യങ്ങള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളോടൊപ്പം സബ് സെന്ററുകള്‍ കൂടി പുരോഗമിച്ചാല്‍ മാത്രമേ ആരോഗ്യ പരിരക്ഷ കൂടുതല്‍ പുരോഗതി കൈവരിക്കു.
ആരോഗ്യമേഖലയില്‍ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ പ്രകാരം 2022-23 വര്‍ഷത്തില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്റെ  ആറു പ്രപ്പോസലുകള്‍ക്ക് അംഗീകാരം ലഭിച്ചു. 2023-24 വര്‍ഷത്തില്‍ എട്ടു പ്രപ്പോസലുകള്‍ അയച്ചിട്ടുണ്ട്. ജില്ലയില്‍ ആദ്യ ഘട്ടമായി 17 സബ് സെന്ററുകള്‍ക്കും, രണ്ടാം ഘട്ടത്തില്‍ 19 സബ് സെന്ററുകള്‍ക്കും, മൂന്നാം ഘട്ടത്തില്‍ 39 സബ്‌സെന്ററുകള്‍ക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. ആര്‍ദ്രം പദ്ധതിയില്‍ 2022-23 വര്‍ഷത്തില്‍ ആറു പ്രപ്പോസലുകള്‍ക്കും, 2023-24 വര്‍ഷത്തില്‍ എട്ടു പ്രപ്പോസലുകള്‍ക്കും, 2024-25 വര്‍ഷത്തില്‍ അഞ്ചു പ്രപ്പോസലുകള്‍ക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. കുടിവെള്ളം, ആരോഗ്യം ,വിദ്യാഭ്യാസം എന്നീ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി, പഞ്ചായത്ത് ജോയന്റ് ഡയറക്ടര്‍ രശ്മി മോള്‍, എന്‍എച്ച്എം ഡി പിഎം ഡോ. ശ്രീകുമാര്‍ ,ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അംജിത്ത് രാജീവന്‍, തദ്ദേശ സ്വയംഭരണവകുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ അനിത, പഞ്ചായത്തു പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.      

 

date