Skip to main content

കാർഷിക സ്ഥിതി വിവരശേഖരണം : ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു

 

2023- 24 വർഷത്തെ കാർഷിക സ്ഥിതിവിവര ശേഖരണത്തിൽ (ഇ എ ആർ എ എസ് ) ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർക്കായി ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ സംഘടിപ്പിച്ച പരിപാടി സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് ഡയറക്ടർ ബി ശ്രീകുമാർ  ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടർ എ പി ഷാേജൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാനത്തെ കാർഷിക വിളകളുടെ വിസ്തൃതി, ഉൽപാദനം, ഉൽപാദനക്ഷമത എന്നിവയ്ക്ക് പുറമെ കൃത്യമായ ഭൂവിനിയോഗ രീതികളും സാമ്പിൾ സർവേയിലൂടെ കണക്കാക്കുന്നതിന് കേന്ദ്രസർക്കാരിൻ്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ഇ എ ആർ എ എസ്. സംസ്ഥാനത്തെ കാർഷിക മേഖലയിലെ വിവിധ കൃഷിരീതികളും, ജലസേചന മാർഗ്ഗങ്ങളും, അവയുടെ വിസ്തൃതിയും സർവ്വേയിലൂടെ കണക്കാക്കുന്നു. നിരവധി കാലിക, വാർഷിക, ദീർഘകാല, വിളകളുടെ കൃത്യമായ വിളവ് ഇ എ ആർ എ എസ് സർവ്വേ വഴി തിട്ടപ്പെടുത്തുന്നു. 

ക്ലസ്റ്റർ രൂപീകരണവും വിള പരീക്ഷണങ്ങളും എന്ന വിഷയത്തിൽ അഡീഷണൽ ജില്ലാ ഓഫീസർ കെ എം ജമാൽ, വിള പരീക്ഷണങ്ങൾ (മറ്റുവിളകൾ) എന്ന വിഷയത്തിൽ അഡീഷണൽ ജില്ലാ ഓഫീസർ പി ജി സാബു എന്നിവർ ക്ലാസുകൾ നയിച്ചു. 

ഏരിയ എന്യൂമറേഷൻ വിഷയത്തിൽ കണയന്നൂർ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ കെ എസ് വിശ്വനാഥും  അഡ്വാൻസ് എസ്റ്റിമേറ്റ്, ഫോർക്കാസ്റ്റ് റിപ്പോർട്ട്, ഹോർട്ടികോർപ്പ് എസ്റ്റിമേറ്റ് വിഷയത്തിൽ റിസർച്ച് ഓഫീസർ കെ എ ഇന്ദു, ജി സി ഇ എസ് മൊബൈൽ ആപ്പ് വിഷയത്തിൽ കുന്നത്തുനാട് സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ ടി വി സണ്ണി എന്നിവരും ക്ലാസ്സുകൾ നയിച്ചു. പരിശീലന ക്ലാസുകൾക്ക് ശേഷം സംഘടിപ്പിച്ച സംശയനിവാരണ പരിപാടിയിൽ ഡെപ്യൂട്ടി ഡയറക്ടർ എ പി ഷോജൻ, ജില്ലാ ഓഫീസർ സി എൻ രാധാകൃഷ്ണൻ എന്നിവർ മറുപടി നൽകി.

സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ജോയിൻ്റ് ഡയറക്ടർ കെ ഹലീമ ബീഗം, അസിസ്റ്റൻ്റ് ഡയറക്ടർ ആർ രാധാകൃഷ്ണപിള്ള, സ്ഥിതി വിവര കണക്ക് വകുപ്പ് ജില്ലാ ഓഫീസർ സി എൻ രാധാകൃഷ്ണൻ, റിസർച്ച് ഓഫീസർ എ ആർ ലക്ഷ്മി, റിസർച്ച് അസിസ്റ്റൻ്റ് സൂര്യ നാരായൺ തുടങ്ങിയവർ സംസാരിച്ചു.

date