Skip to main content

സ്വകാര്യ ആശുപത്രി മേഖലയിലെ മിനിമം വേതനം : തെളിവെടുപ്പ് യോഗം നടത്തി

കോട്ടയം : സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മേഖലയിലെ ജീവനക്കാരുടെ മിനിമം വേതനം പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് ഉപദേശക സമിതി  തെളിവെടുപ്പ് യോഗം നടത്തി. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിന് ജില്ലാ ലേബർ ഓഫീസർ  ( ഹെഡ് ക്വാട്ടേഴ്‌സ്) എ. ബിജു നേതൃത്വം നൽകി.  കോട്ടയം, ആലപ്പുഴ ജില്ലകളിലെ ജീവനക്കാരുടെ മാസ വേതനം, മറ്റ് ആനൂകൂല്യങ്ങൾ, ആരോഗ്യ സുരക്ഷ എന്നിവ സംബന്ധിച്ച അഭിപ്രായങ്ങൾ  യോഗത്തിൽ ഉയർന്നു.
സ്വകാര്യ ആശുപത്രി മേഖലയിലെ ജീവനക്കാരുടെ മിനിമം വേതന  പരിഷ്‌കരണം സംബന്ധിച്ച് അന്വേഷണങ്ങൾ നടത്തി സർക്കാരിന് ഉപദേശങ്ങൾ നൽകുകയാണ് ലേബർ കമ്മീഷണർ അധ്യക്ഷനായും അഡീഷണൽ ലേബർ കമ്മീഷണർ (ഐ.ആർ) കൺവീനറായും വിവിധ തൊഴിലാളി-തൊഴിലുടമ പ്രതിനിധികൾ അംഗങ്ങളുമായുള്ള ഉപദേശക സമിതിയുടെ ലക്ഷ്യം. വിവിധ ജില്ലകളിൽ നടക്കുന്ന തെളിവെടുപ്പിനു ശേഷം വിവരങ്ങൾ ക്രോഡീകരിച്ച് സർക്കാരിന് സമർപ്പിക്കും.
യോഗത്തിൽ  തെളിവെടുപ്പ് കമ്മിറ്റി അംഗങ്ങൾ, ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്‌മെന്റ്) എം. ജയശ്രീ, സ്വകാര്യ ആശുപത്രി മേഖലയിൽ പ്രവർത്തിക്കുന്ന ട്രേഡ് യൂണിയൻ ഭാരവാഹികൾ, തൊഴിലുടമ പ്രതിനിധികൾ, തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

 

date