Skip to main content

കേരള കേന്ദ്രസര്‍വ്വകലാശാല അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു

പെരിയയിലെ കേരള കേന്ദ്രസര്‍വ്വകലാശാല ക്യാമ്പസില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഡോ.ബി.ആര്‍.അംബേദ്ക്കര്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം  പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. ജമ്മു കാശ്മീരില്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിലായിരുന്നു അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനവും സംഘടിപ്പിച്ചത്. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനത്തോടൊപ്പം ഇരുപത്തിരണ്ട് സംസ്ഥാനങ്ങളിലെ 37 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 12,744 കോടി രൂപയുടെ പദ്ധതികളും പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു. ദരിദ്രര്‍, കര്‍ഷകര്‍, യുവാക്കള്‍, സ്ത്രീകള്‍ എന്നീ വിഭാഗത്തില്‍പ്പെട്ട ആളുകളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കാശ്മീരിലെ ജനങ്ങളുടെ ഉന്നമനത്തിന് വഴിയൊരുക്കുന്ന 32,000 കോടി രൂപയുടെ വികസന പദ്ധതികളും  പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.

പെരിയ കേരള കേന്ദ്രസര്‍വ്വകലാശാല ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ.കെ.സി.ബൈജു അദ്ധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, അഡ്വ.സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, കേന്ദ്രസര്‍വ്വകലാശാല കേരള മുന്‍ വിസി പ്രൊഫ ജി.ഗോപകുമാര്‍, കേന്ദ്രസര്‍വ്വകലാശാല കേരള എക്സിക്യുട്ടീവ് കൗണ്‍സില്‍ മെമ്പര്‍ പ്രൊഫ.ജോസഫ് കോയിപ്പള്ളി എന്നിവര്‍ സംസാരിച്ചു. കേന്ദ്രസര്‍വ്വകലാശാല കേരള രജിസ്ട്രാര്‍ ഡോ.എം.മുരളീധരന്‍ നമ്പ്യാര്‍ സ്വാഗതവും പരീക്ഷാ കണ്‍ട്രോളര്‍ ഡോ.ആര്‍.ജയപ്രകാശ് നന്ദിയും പറഞ്ഞു. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, അക്കാദമിക് വിദഗ്ധര്‍, അദ്ധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

date