Skip to main content
ജില്ലാ ദുരന്തനിവാരണവിഭാഗം: വേനൽക്കാല മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു കൺട്രോൾ റൂം തുറന്നു

ജില്ലാ ദുരന്തനിവാരണവിഭാഗം: വേനൽക്കാല മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു; കൺട്രോൾ റൂം തുറന്നു

അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ജലസംരക്ഷണത്തെക്കുറിച്ചും അഗ്നിബാധ തടയുന്നതിനും ജില്ലാ ദുരന്തനിവാരണവിഭാഗം വേനൽക്കാല മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അടിയന്തര സഹായത്തിന് കൺട്രോൾ റൂമും ആരംഭിച്ചിട്ടുണ്ട്. 

ജലസംരക്ഷണ മാർഗനിർദ്ദേശങ്ങൾ:

1.     വീടുകളിലെ വാഷ് ബേസിനുകൾ, ടോയ്ലറ്റുകൾ, മറ്റ് പൈപ്പുകൾ എന്നിവയിൽ ചോർച്ച ഇല്ല എന്ന് ഉറപ്പുവരുത്തുക.
2. കുളിമുറികളിൽ ഷവർ ഒഴിവാക്കി ബക്കറ്റും കപ്പും ഉപയോഗിക്കുക. കുളിക്കുവാൻ പരിമിതമായ അളവിൽ മാത്രം വെള്ളം ഉപയോഗിക്കുക.
3. പല്ലുതേയ്ക്കുമ്പോഴും താടി വടിക്കുമ്പോഴും മുഖം കഴുകുമ്പോഴുമെല്ലാം പൈപ്പ് തുറന്നിടാതെ കപ്പിൽ വെള്ളമെടുത്ത് ഉപയോഗിക്കുക.
4. ഫ്ലഷ് ടാങ്കുകൾ ഉപയോഗിക്കുമ്പോൾ നിയന്ത്രിതമായ അളവിൽ ആവശ്യത്തിന് മാത്രം വെള്ളം ഫ്ലഷ് ചെയ്യുക.
5. സോപ്പ്, ഷാംപൂ എന്നിവ ഉപയോഗിക്കുമ്പോൾ അനാവശ്യമായി വെള്ളം തുറന്നുവിടാതിരിക്കുക.
6. തുണി അലക്കുമ്പോഴും അടുക്കളയിൽ പാത്രങ്ങൾ കഴുകുമ്പോഴും പൈപ്പുകൾ തുറന്നിടാതിരിക്കുക.
7. വാഷിംഗ് മെഷീൻ ഉപയോഗിക്കുമ്പോൾ അനുവദിനീയമായ പരമാവധി അളവിൽ വസ്ത്രങ്ങൾ നിറച്ച് മാത്രം ഉപയോഗിക്കുക.
8. പഴങ്ങളും പച്ചക്കറികളും കഴുകുമ്പോൾ പൈപ്പ് തുറന്നിട്ട് കഴുകുന്നതിന് പകരം ഒരു പാത്രത്തിൽ വെള്ളമെടുത്ത് കഴുകുക. ഈ വെള്ളം ചെടികളും അടുക്കളത്തോട്ടവും നനക്കുവാൻ ഉപയോഗിക്കുക.
9. ചെടികൾ നനക്കുന്നത് രാവിലെയോ സന്ധ്യാ സമയത്തോ മാത്രമാക്കുക. കടുത്ത വെയിലിൽ ചെടികൾ നനക്കുന്നത് നനച്ച വെള്ളത്തിന്റെ ഭൂരിഭാഗവും ആവിയായി പോകാൻ കാരണമാകും.
10. വാഹനങ്ങൾ കഴുകുന്നത് അത്യാവശ്യത്തിന് മാത്രമാക്കുക. കഴുകുമ്പോൾ ഹോസ് ഉപയോഗിക്കാതെ ബക്കറ്റിൽ വെള്ളം നിറച്ച് കഴുകുക.
11. തുള്ളിനന, ചകിരി ട്രഞ്ച്,  സ്പ്രിംഗ്ളർ, തിരിനന തുടങ്ങി ജലഉപയോഗം കുറയ്ക്കുന്ന ശാസ്ത്രീയമായ ജലസേചന രീതികളിലൂടെ കൃഷിയ്ക്ക് ആവശ്യമായ വെള്ളം കാര്യക്ഷമമായി ഉപയോഗിക്കുക.

അഗ്നിബാധ തടയുന്നതിനുള്ള നിർദ്ദേശങ്ങൾ

1.  ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കുമ്പോൾ പ്രത്യേക ശ്രദ്ധ പുലർത്തുക.
2. ശക്തമായ കാറ്റുള്ള സമയത്ത് തീ ഇടുവാൻ പാടില്ല.
3. തീ പൂർണമായും അണഞ്ഞു എന്നുറപ്പുവരുത്തിയതിനുശേഷം മാത്രമേ സ്ഥലത്തുനിന്നും മാറാൻ പാടുള്ളൂ. ആവശ്യമെങ്കിൽ വെള്ളം നനച്ച് കനൽ കെടുത്തുക.
4. തീ പടരാൻ സാധ്യതയുള്ളവയുടെ സമീപം വച്ച് ചപ്പുചവറുകൾ കത്തിക്കാതിരിക്കുക.
5. രാത്രിയിൽ തീയിടാതിരിക്കുക.
6. വഴിയോരങ്ങളിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കാതിരിക്കുക.
7. പറമ്പുകളിലെ ഉണങ്ങിയ പുല്ലുകൾ, കുറ്റിച്ചെടികൾ എന്നിവ വേനൽ കടുക്കുന്നതിന് മുൻപ് വെട്ടി വൃത്തിയാക്കുക.
8. ഉണങ്ങിയ പുല്ലുകളോ കരിയില നിറഞ്ഞ ഭാഗമോ വീടിനോട് ചേർന്ന് വരുന്നില്ല എന്ന് ഉറപ്പുവരുത്തുക.
9. സിഗരറ്റുകുറ്റികൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക.
10. തീ പടരുന്നത് ശ്രദ്ധയിൽ പെട്ടാൽ സുരക്ഷിത സ്ഥാനത്തേക്ക് മാറുക.
11. ശാരീരിക ക്ഷമതയും പ്രാപ്തിയുമുള്ളവർ സമീപത്തുണ്ടെങ്കിൽ മരച്ചില്ലകൾ കൊണ്ട് അടിച്ചും, വെള്ളമൊഴിച്ചും തീ കെടുത്താൻ ശ്രമിക്കുക.
12. സഹായം ആവശ്യമെങ്കിൽ എത്രയും പെട്ടെന്ന് അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുക.
13. ഫയർ സ്റ്റേഷനിൽ വിളിക്കുമ്പോൾ തീപിടിച്ച സ്ഥലത്തേക്ക് എത്തിച്ചേരേണ്ട വഴിയും വിളിച്ചാൽ കിട്ടുന്ന മൊബൈൽ നമ്പറുകളും കൃത്യമായി കൈമാറുക.
14. മുതിർന്ന കുട്ടികൾ ഉൾപ്പെടെ വീട്ടിൽ ഉള്ളവർക്കെല്ലാം എമർജൻസി നമ്പറുകളായ 101 (ഫയർ ഫോഴ്‌സ്), 112 (പോലീസ്) എന്നിവ പറഞ്ഞുകൊടുക്കുക.
15. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വനത്തിലേക്ക് പോകുന്ന വിനോദസഞ്ചാരികളും പ്രത്യേക ശ്രദ്ധ ഈ കാര്യങ്ങളിൽ പുലർത്തുക.
16. ക്യാമ്പ് ഫയർ പോലുള്ള പരിപാടികൾ നടത്തുന്നവർ തീ പടരാനുള്ള സാഹചര്യം കർശനമായും ഒഴിവാക്കേണ്ടതാണ്.
17. ബോധപൂർവം തീപിടിത്തത്തിന് ഇടവരുത്തുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതാണ്. 

പകൽസമയം പുറംജോലികളിൽ ഏർപ്പെടുന്നവർക്കുള്ള നിർദ്ദേശങ്ങൾ

•     പകൽ സമയം പുറംജോലികളിൽ ഏർപ്പെടുന്നവർ നിർജലീകരണം ഒഴിവാക്കുന്നതിനായി ധാരാളം വെള്ളം കുടിക്കുകയും ഇടക്ക് വിശ്രമിക്കുകയും ചെയ്യുക. ജോലി സ്ഥലത്ത് കുടിവെള്ളലഭ്യത തൊഴിലുടമകൾ ഉറപ്പുവരുത്തേണ്ടതാണ്. 
•    കട്ടികുറഞ്ഞതും അയഞ്ഞതും ഇളം നിറത്തിലുമുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതാണ് ചൂട് കാലത്ത് അഭികാമ്യം. കൈ ഉൾപ്പെടെ പൂർണ്ണമായും മൂടുന്നതരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
•    സൂര്യപ്രകാശവുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുന്നതിനായി കുട, തൊപ്പി എന്നിവ ഉപയോഗിക്കുക. സൺ ഗ്ലാസ്/കൂളിംഗ് ഗ്ലാസ് ധരിക്കുന്നത് കണ്ണുകൾക്ക് ചൂടിൽനിന്നും സംരക്ഷണം നൽകും.
•    ചായ, കോഫി, സോഫ്റ്റ് ഡ്രിങ്കുകൾ, മദ്യം എന്നിവ ഉപയോഗിക്കുന്നത് നിർജലീകരണത്തിന് കാരണമാകും. അതിനാൽ ഇവ ഒഴിവാക്കുക.
•    കെട്ടിട, റോഡ് നിർമ്മാണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ, കർഷക തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ട്രാഫിക് പോലീസുകാർ, പോസ്റ്റുമാൻമാർ, ലൈൻമാൻമാർ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ, ഇ കോമേഴ്‌സ് പാർസൽ വിതരണക്കാർ, കളക്ഷൻ ഏജന്റുമാർ, സെയിൽസ്/ മാർക്കറ്റിങ് എക്‌സിക്യൂട്ടീവുമാർ, മാധ്യമ പ്രവർത്തകർ തുടങ്ങി പുറംജോലികളിൽ ഏർപ്പെടുന്ന എല്ലാവരും ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

പൊതുജനങ്ങൾക്ക് അടിയന്തര സഹായത്തിനായി 1077 എന്ന ടോൾഫ്രി നമ്പറിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളിലും ബന്ധപ്പെടാവുന്നതാണ്.

ജില്ലാ കൺട്രോൾ റൂം
ലാൻഡ് ലൈൻ : 0487-2362424,
മൊബൈൽ (വാട്ട്സാപ്പ്) 9447074424
ടോൾ ഫ്രീ നമ്പർ  : 1077, 0487-1077

താലൂക്ക് കൺട്രോൾ റൂം
തൃശ്ശൂർ - 0487 2331443
ചാവക്കാട് -  0487 2507350
കൊടുങ്ങല്ലൂർ-0480 2802336
കുന്നംകുളം – 04885 225200
ചാലക്കുടി -0480 2705800
മുകുന്ദപുരം-0487 2825259
തലപ്പിള്ളി -04884 232226

date