Skip to main content
കടവല്ലൂരിലെ 27 കുടുംബങ്ങള്‍ക്ക് സ്വപ്ന സാക്ഷാത്ക്കാരം

കടവല്ലൂരിലെ 27 കുടുംബങ്ങള്‍ക്ക് സ്വപ്ന സാക്ഷാത്ക്കാരം

കുന്നംകുളം താലൂക്കിലെ പെരുമ്പിലാവ് വില്ലേജില്‍ വടക്കേ ലക്ഷംവീട് കോളനിയില്‍ അറുപത് വര്‍ഷത്തിലേറെ കാലമായി താമസിക്കുന്ന 27 കുടുംബങ്ങളുടെ പട്ടയ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിച്ച് റവന്യൂ മന്ത്രി കെ. രാജന്‍. കടവല്ലൂര്‍ പഞ്ചായത്തില്‍ തലമുറകളായി സ്ഥലത്തെ സ്ഥിര താമസക്കാരായിരുന്നെങ്കിലും ഈ കുടുംബങ്ങളുടെ കയ്യില്‍ ഭൂമി സംബന്ധിച്ച ഒരു രേഖയും ഉണ്ടായിരുന്നില്ല. ഭൂ നികുതിയും അടയ്ക്കാന്‍ കഴിയാത്തതിനാല്‍ അര്‍ഹതപ്പെട്ട പല ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. ഇക്കാരണത്താല്‍ റവന്യൂ വകുപ്പിന് അപേക്ഷ സമര്‍പ്പിച്ചു.

റവന്യൂ മന്ത്രി കെ. രാജന്‍ അപേക്ഷ പരിശോധിക്കുകയും റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തു. വിഷയത്തെക്കുറിച്ച് നിയമപരമായ എല്ലാ വശങ്ങളും പഠിക്കുകയും ചെയ്തു. 1961 ല്‍ കടവല്ലൂര്‍ പഞ്ചായത്തിലെ ഭൂരഹിതരെ പുനരധിവസിപ്പിക്കുന്ന പദ്ധതി പ്രകാരം ഇപ്പോഴത്തെ കൈവശക്കാരുടെ പൂര്‍വ്വികര്‍ക്ക് ലഭ്യമായ ഭൂമിയായിരുന്നു ഇത്. എന്നാല്‍ ഈ ഭൂമി സംബന്ധിച്ച യാതൊരു രേഖയും നിലവിലെ കൈവശക്കാരുടെ കൈവശം ലഭ്യമായിരുന്നില്ല. സെറ്റില്‍മെന്റ് രേഖകള്‍ പ്രകാരം പാട്ടത്തില്‍ കുഞ്ഞുണ്ണി നായര്‍ എന്ന പേരില്‍ രേഖപ്പെടുത്തിയിരുന്ന ഭൂമി പഞ്ചായത്ത് ഏറ്റെടുത്ത് വിതരണം ചെയ്തതിനാല്‍ ഭൂപതിവ് നിയമപ്രകാരം പട്ടയം അനുവദിക്കണമെന്ന് നിര്‍ദ്ദേശിച്ച് ലാന്റ് ട്രൈബ്യൂണല്‍ മുന്‍പ് ഇവരുടെ അപേക്ഷകള്‍ നിരസിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ റവന്യൂ മന്ത്രിക്ക് അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.

റവന്യൂ മന്ത്രി കെ. രാജന്റെ നിര്‍ദ്ദേശ പ്രകാരം പഞ്ചായത്തിന്റെ കൈവശം ഈ ഭൂമി ഏറ്റെടുത്തത് സംബന്ധിച്ചോ വിതരണം ചെയ്തതു സംബന്ധിച്ചോ യാതൊരു രേഖയും ലഭ്യമല്ലാത്ത സാഹചര്യത്തിലും പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഈ ഭൂമി ഉള്‍പ്പെട്ടില്ലാത്ത സാഹചര്യത്തിലും കേരള ഭൂ പരിഷ്‌ക്കരണ നിയമത്തിലെ 80 ബി വകുപ്പ് പ്രകാരം പുറപ്പെടുവിച്ച ഉത്തരവ് പുനപരിശോധിച്ച് 1970 ലെ കെ.എല്‍.ആര്‍ (ടെനന്‍സി) ചട്ടങ്ങളിലെ 136 എ ചട്ട പ്രകാരം പുതുക്കിയ ഉത്തരവ് നല്‍കാമെന്ന് സംസ്ഥാന ലാന്റ് ബോര്‍ഡ് സ്പഷ്ടീകരണം പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 1963 ലെ കേരള ഭൂപരിഷ്‌ക്കരണ നിയമത്തിലെ 72 ബി വകുപ്പ് പ്രകാരം ഈ 27 കുടുംബങ്ങളുടെ അപേക്ഷയിലും പട്ടയം അനുവദിച്ച് ഉത്തരവായത്.

തിപ്പിലിശ്ശേരി വടക്കേ ലക്ഷം വീട് കോളനിയിലെ 27 കുടുംബങ്ങള്‍ ഉള്‍പ്പെടെ 38 കുടുംബങ്ങള്‍ക്കാണ് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന സംസ്ഥാന പട്ടയ മേളയില്‍ പട്ടയം ലഭിച്ചത്. വര്‍ഷങ്ങളായി താമസിക്കുന്ന ഭൂമി സ്വന്തമായതിന്റെ സന്തോഷത്തിലാണ് കടവല്ലൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ കുടുംബങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്റെ സമുചിതമായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പാരമ്പര്യമായി കൈമാറിക്കിട്ടിയ ഭൂമിക്കും കിടപ്പാടത്തിനും രേഖയില്ലാതെ ദുരിതമനുഭവിക്കുന്ന നിരവധി കുടംബങ്ങളാണ് ഭൂമിയുടെ അവകാശികളായി മാറിയത്. കുന്നംകുളം താലൂക്കില്‍ 155 പട്ടയങ്ങളാണ് വിതരണം ചെയ്തത്. 'എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന സര്‍ക്കാരന്റെ പ്രഖാപിത നയമാണ് ഇവിടെ പ്രാവര്‍ത്തികമാകുന്നത്.

date