Skip to main content
ജില്ല തല പട്ടയമേളയില്‍ 173 പേര്‍ക്ക്് പട്ടയം വിതരണം ചെയ്തു

ജില്ല തല പട്ടയമേളയില്‍ 173 പേര്‍ക്ക്് പട്ടയം വിതരണം ചെയ്തു

ആലപ്പുഴ: ജില്ലയില്‍ സംഘടിപ്പിച്ച പട്ടയമേളയില്‍ അര്‍ഹരായ 173 പേര്‍ക്ക് സ്വന്തം ഭൂമിയിലുള്ള ഉടമസ്ഥാവകാശം. തൃശൂരില്‍ നടന്ന പട്ടയമേളയുടെ സംസ്ഥാന തല ഉദ്ഘാടനത്തോടനുബന്ധിച്ചാണ് എസ്.ഡി.വി.സെന്റീനറി ഹാളില്‍ റവന്യൂ വകുപ്പിന്റെ ജില്ല പട്ടയമേള സംഘടിപ്പിച്ചത്. പട്ടയമേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശൂരില്‍ നിര്‍വഹിച്ചു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഏഴര വര്‍ഷത്തെ കാലയളവില്‍ മൂന്നരലക്ഷത്തിലധികം കുടുംബങ്ങളെ പട്ടയം നല്‍കി ഭൂമിയുടെ അവകാശികളാക്കി മാറ്റാന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. ജനസാന്ദ്രത ഏറെയുള്ള സംസ്ഥാനത്ത് മൂന്നര ലക്ഷത്തിലധികം പേര്‍ക്ക് ഭൂമി നല്‍കാന്‍ കഴിഞ്ഞത് ചെറിയ കാര്യമല്ല. യൂണിയന്‍ സര്‍ക്കാര്‍ സാമ്പത്തികമായി കേരളത്തിന് അര്‍ഹതപ്പെട്ടത് നല്‍കാതെ, നാട്ടുംപുറങ്ങളിലിരുന്ന് മുട്ടാപ്പോക്ക് പറയുന്ന ആളുകളെപ്പോലെ നിലപാടെടുത്ത് അധഃപതിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം പട്ടയ മേളയില്‍ സംസ്ഥാനത്ത് 31,499 പേര്‍ക്കാണ് പട്ടയം നല്‍കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു. ജില്ല തല പട്ടയമേളയില്‍ ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പട്ടയ വിതരണം നടത്തി.
എ.എം. ആരിഫ് എം.പി, എം.എല്‍.എമാരായ പി.പി.ചിത്തരഞ്ജന്‍, എച്ച്.സലാം, തോമസ് കെ.തോമസ്, എം.എസ്.അരുണ്‍കുമാര്‍, ജില്ല കളക്ടര്‍ ജോണ്‍ വി.സാമുവല്‍, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, എ.ഡി.എം വിനോദ് രാജ്, സബ്കളക്ടര്‍ സമീര്‍ കിഷന്‍, ലാന്‍ഡ് റിഫോംസ് റിവ്യൂ ബോര്‍ഡ് അനൗദ്യോഗിക അംഗങ്ങളായ ആര്‍.സുഖലാല്‍, ജെ. അബ്ദുള്‍ റഷീദ്, കേരള കോണ്‍ഗ്രസ് (എം) ജില്ല പ്രസിഡന്റ് വി.സി ഫ്രാന്‍സിസ്, ജനതാദള്‍ (എസ്) ജില്ല വൈസ് പ്രസിഡന്റ് സുഭാഷ് ബാബു, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി നാസര്‍ എം പൈങ്ങാമഠം, ആര്‍.ജെ.ഡി ജില്ല പ്രസിഡന്റ് സാദിഖ് എം മാക്കയില്‍ മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
അരൂര്‍ 23, ചേര്‍ത്തല 21, ആലപ്പുഴ 18, അമ്പലപ്പുഴ 20, കുട്ടനാട് 34, ഹരിപ്പാട് 28, മാവേലിക്കര 11, കായംകുളം 11, ചെങ്ങന്നൂര്‍ ഏഴ് എന്നിങ്ങനെ പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഇതിന് പുറമേ  
ഒമ്പത് കൈവശ രേഖകളും വിതരണം ചെയ്തു. രണ്ടര വര്‍ഷം കൊണ്ട് ഒന്നരലക്ഷം പട്ടയങ്ങളാണ് റവന്യൂ വകുപ്പ് വിതരണം ചെയ്തത്. 'എല്ലാവര്‍ക്കും ഭൂമി, എല്ലാവര്‍ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

date