Skip to main content

അര്‍ഹതയുള്ള എല്ലാവര്‍ക്കും പട്ടയം, ഭൂരഹിതരില്ലാത്ത കേരളം ലക്ഷ്യം; മുഖ്യമന്ത്രി

അര്‍ഹതയുള്ള എല്ലാവര്‍ക്കും പട്ടയം നല്‍കുമെന്നും ഭൂരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അര്‍ഹതയുള്ള എല്ലാവര്‍ക്കും പട്ടയം എന്നത് വളരെ പ്രാധാന്യത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറാനുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂര്‍
തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ സംസ്ഥാനതല പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യ മന്ത്രി. 30510 കുടുംബങ്ങള്‍ ഭൂമിയുടെ അവകാശികളാകുകയാണെന്നും സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആകെ 1, 52000ല്‍ അധികം പട്ടയങ്ങളാണ് വിതരണം ചെയ്തതെന്നും മന്ത്രി പറഞ്ഞു.

ഭൂമി ഇല്ലാത്തവരെ കണ്ടെത്തല്‍, അവര്‍ക്ക് നല്‍കാന്‍ ഭൂമി കണ്ടെത്തല്‍, ആവശ്യമായ അനുമതികളും ഭൂമികളും കണ്ടെത്തല്‍, വ്യവഹാരങ്ങളില്‍ പെട്ട് കിടക്കുന്ന ഭൂമിക്ക വേഗത്തില്‍ തീര്‍പ്പുണ്ടാക്കല്‍, തുടങ്ങിയ വ്യത്യസ്ത വിഷയങ്ങള്‍ വേഗത്തില്‍ നടത്തിയാണ് പട്ടയമേളയിലേക്കെത്തിനില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിസൃതി പൊതുവേ കുറഞ്ഞ കേരളം വനഭൂമിയും തീരപ്രദേശങ്ങളും അതോടൊപ്പം ഉയര്‍ന്ന ജനസാന്ദ്രതയുള്ള നാടാണ്. സ്ഥലപരിമിതി നേരിടുമ്പോഴും എല്ലാവര്‍ക്കും ഭൂമിയെന്ന ശ്രമകരമായ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വിഷയത്തില്‍ റവന്യൂ വകുപ്പ് വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പട്ടയ വിതരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പരിശ്രമിച്ച ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു.

രണ്ടര വര്‍ഷത്തിനകം സംസ്ഥാനത്ത് 1,53,103 പേര്‍ക്ക് പട്ടയം നല്‍കി മന്ത്രി കെ.രാജന്‍

കഴിഞ്ഞ രണ്ടര വര്‍ഷം കൊണ്ട് സംസ്ഥാനത്ത് 1,53,103 പേര്‍ക്ക് പട്ടയം നല്‍കിയെന്നും ഇത് അപൂര്‍വ ബഹുമതിയാണെന്നും മന്ത്രി കെ.രാജന്‍. എല്ലാവര്‍ക്കും ഭൂമി എല്ലാവര്‍ക്കും വീട് എന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇതിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്. 140 നിയോജക മണ്ഡലങ്ങളിലും നോഡല്‍ ഓഫിസര്‍മാരെ നിയമിച്ചു കൊണ്ടാണ് അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കിയ നടപടി സ്വീകരിച്ചത്. രാജ്യത്ത് ആദ്യമായി പോര്‍ട്ടല്‍ തയാറാക്കിയത് നമ്മുടെ സംസ്ഥാനമാണ്. ഡിജിറ്റല്‍ സര്‍വേയും പുരോഗമിക്കുന്നു. മലയോരത്ത് 1997 ന് മുന്‍പ് പട്ടയത്തിന് അര്‍ഹതയുള്ള സ്ഥലത്ത് താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കാനുള്ള നടപടികളും ആരംഭിച്ചു. ഇതിനായി മാര്‍ച്ച് 1 മുതല്‍ 15 വരെ വിവരശേഖരണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

 

 

date