Skip to main content

വികസന, സാമൂഹിക ക്ഷേമ വിഷയത്തില്‍ ജാതിയും  മതവും രാഷ്ട്രീയവുമില്ല; മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

മുഖ്യമന്ത്രി എപ്പോഴും ആവര്‍ത്തിച്ചുപറയുന്ന കാര്യമാണ് നാടിന്റെ വികസനത്തിന്റെ വിഷയത്തില്‍, സാമൂഹിക ക്ഷേമ വിഷയത്തില്‍ ജാതിയില്ല , മതമില്ല, രാഷ്ട്രീയമില്ല എന്നതെന്ന് രജിസ്‌ട്രേഷന്‍, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പട്ടയമേളയുടെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ പട്ടയങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ഓരോന്നായി നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി നല്‍കുന്നതെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിന്റെ മൂന്നാം പട്ടയമേളയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ 31499 പട്ടയങ്ങള്‍ വിതരണം ചെയ്യുകയാണ്. കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ രണ്ടു പട്ടയമേളകളിലായി 2671 പട്ടയങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇന്ന് 1244 പട്ടയങ്ങള്‍ കൂടി വിതരണം ചെയ്യുന്നു. വലിയ അഭിമാനനേട്ടമാണിതെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍, ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ എന്നിവര്‍ മുഖ്യാതിഥികളായി. മുന്‍സിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍ വിമല ശ്രീധരന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.എ. മുഹമ്മദ് ഹനീഫ്, ബിജു ഉണ്ണിത്താന്‍ ,  ബി. അബ്ദുള്‍ ഗഫൂര്‍, കരീം മൈല്‍പ്പാറ, എം. അനന്തന്‍ നമ്പ്യാര്‍, പ്രമീള മജല്‍, നാഷണല്‍ അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. എ.ഡി.എം കെ.വി. ശ്രുതി നന്ദി പറഞ്ഞു.

സംസ്ഥാന പട്ടയമേള;  കാസര്‍കോട് ജില്ലയില്‍ പുതിയ  1144 പേര്‍ കൂടി ഭൂമിയുടെ അവകാശികളായി

സംസ്ഥാനതല പട്ടയമേളയുടെ ഭാഗമായി കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പട്ടയ വിതരണത്തില്‍ പുതിയി  1144പേര്‍ കൂടി ഭൂമിയുടെ അവകാശികളായി. 868 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങള്‍, 66 ലാന്‍ഡ് ട്രിബ്യൂണല്‍ ദേവസ്വം പട്ടയങ്ങള്‍, 1964 റൂള്‍ പ്രകാരം 148 എല്‍.എ പട്ടയങ്ങള്‍, 1995 റൂള്‍ പ്രകാരം ഒന്‍പത് പട്ടയങ്ങള്‍, 31 വനഭൂമി പട്ടയങ്ങള്‍, മൂന്ന് ലാന്‍ഡ് ബാങ്ക് പട്ടയങ്ങള്‍, 19 മിച്ചഭൂമി പട്ടയങ്ങള്‍ എന്നിങ്ങനെ 1144 പട്ടയങ്ങളാണ് വിതരണം ചെയ്തത്.

43 അതിദരിദ്രര്‍ക്ക് പട്ടയം ലഭിച്ചു

ജില്ലയില്‍ ആകെ അതിദരിദ്രരുടെ ലിസ്റ്റില്‍ പട്ടയം ലഭിക്കാത്ത 252 പേരില്‍  43 പേര്‍ക്കുള്ള പട്ടയങ്ങള്‍ നല്‍കി. 2022 ഫെബ്രുവരി രണ്ടിന് നടന്ന പട്ടയമേളയില്‍ 1052 പട്ടയങ്ങളും 2023 ജൂണ്‍ 30ന് നടന്ന പട്ടയ മേളയില്‍ 1619 പട്ടയങ്ങളും വിതരണം ചെയ്തിരുന്നു. 1144 പട്ടയങ്ങള്‍ കൂടി വിതരണം ചെയ്യുന്നതോടെ  3815 പട്ടയങ്ങളുടെ വിതരണം പൂര്‍ത്തിയാകും.

 

 

 

40 വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് പരിഹാരം; വലിയപറമ്പ മാവില കടപ്പുറം ഫിഷര്‍മെൻ കോളനിയിലെ 14 കുടുംബങ്ങള്‍ക്ക് പട്ടയമായി

ഞങ്ങള്‍ക്ക് വലിയ സന്തോഷമാണ്.. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനാണ് ഇന്ന് അറുതിയായതെന്ന് വലിയപറമ്പ പഞ്ചായത്തിലെ മാവില കടപ്പുറം ഒരിയര ഫിഷര്‍മെൻ കോളനിയിലെ ബി.ഫാത്തിമ പറഞ്ഞു. ഫാത്തിമയെ പോലെ 14 കുടുംബങ്ങളുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനാണ് പട്ടയമേളയില്‍ ആശ്വാസമായത്. 1978 ലാണ് മാവിലകടപ്പുറം ഫിഷര്‍മെന്റ കോളനി സ്ഥാപിതമായത്. 26 കുടുംബങ്ങള്‍ വീട് വെച്ച് താമസം തുടങ്ങി. അതില്‍ 10 പേര്‍ക്ക് 2007-ല്‍ പട്ടയം കിട്ടി. പട്ടയം ഇല്ലാത്തതിന്റെ പേരില്‍ പല പ്രശ്‌നങ്ങളും ഇവര്‍ നേരിട്ടുണ്ട്. 40 വര്‍ഷത്തിലധികമായുള്ള കാത്തിരിപ്പിനൊടുവിലാണ് 14 കുടുംബങ്ങളുടെ വീടിന് സ്വന്തം രേഖ ലഭിക്കുന്നത്.

വലിയപറമ്പ് പഞ്ചായത്തിലെ മാവില കടപ്പുറം ഫിഷര്‍മെൻ കോളനിയിലെ മണ്ണിന്റെ ഉടമകളല്ലാത്ത 14 കുടുംബങ്ങളെയാണ് സര്‍ക്കാര്‍ പരിഗണിച്ചത്. വര്‍ഷങ്ങളായി പല പ്രയാസങ്ങളും അനുഭവിക്കുന്നവരാണ് ഇവര്‍. ഒരു ആനുകൂല്യവും ഇവര്‍ക്ക് ലഭ്യമായിരുന്നില്ല. എന്നാല്‍ ഇന്ന് അതിന് പരിഹാരം ലഭിച്ചു എന്ന് വലിയപറമ്പ പഞ്ചായത്ത് പ്രസിഡണ്ട് വി.വി.സജീവന്‍ പറഞ്ഞു.

 

 

സന്തോഷ കണ്ണിരണിഞ്ഞ് കെ.വി നളിനി; 50 വര്‍ഷങ്ങള്‍ക്കു ശേഷം പട്ടയം

ഇനി എന്റെ മക്കള്‍ക്ക് സുഖായി ഉറങ്ങാലോ.. എത്ര കാലായി സ്വന്തായി ഭൂമി എന്ന സ്വപ്നവുമായി നടക്കുന്നു. ആ സ്വപ്നമാണ് ഇന്ന് യാര്‍ത്ഥ്യമായതെന്ന് പറയുമ്പോള്‍ മുന്നാട്ടെ 75കാരി കെ.വി നളിനിയുടെ വാക്കുകള്‍ ഇടറി. സന്തോഷം കൊണ്ട് വാക്കുകള്‍ മുറിഞ്ഞു. മൂന്ന് പെണ്‍മക്കളാണ് നളിനിക്ക് അതില്‍ രണ്ട് പേര്‍ ഭിന്നശേഷിക്കാരും. അതില്‍ ഒരാള്‍ മരണപ്പെട്ടു. മൂത്ത മകള്‍ ജനിക്കുന്നതിന് മുമ്പാണ് ഭര്‍ത്താവ് കെ.വി ആണ്ടി പട്ടയത്തിനായി അപേക്ഷിച്ചത്. അദ്ദേഹം മരിച്ചിട്ട് 7 വര്‍ഷമായി. 50 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നളിനിക്കും കുടുംബത്തിനും പട്ടയം കിട്ടിയത്. 98 സെന്റ് ഭൂമി ഇവര്‍ക്ക് ജില്ലാതല പട്ടയമേളയിലൂടെ ലഭിച്ചു. അച്ഛനില്ലെന്ന സങ്കടത്തിലും സന്തോഷ കണ്ണിരണിഞ്ഞ് അവര്‍ അമ്മ നളിനിയെ നെഞ്ചോട് ചേര്‍ത്തു.

 

 

കുമ്പള കോയിപ്പാടിയിലെ പാര്‍വ്വതി അമ്മയ്ക്കും പട്ടയം

കുമ്പള കോയിപ്പാടിയിലെ പി പാര്‍വ്വതി അമ്മയ്ക്കും പട്ടയം ലഭിച്ചു. മകന്‍ പി.ഗണേഷിന്റെ കൈയ്യും പിടിച്ചാണ് പട്ടയം വാങ്ങാന്‍ അമ്മ കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലെത്തിയത്. രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനില്‍ നിന്നും പട്ടയം ഏറ്റു വാങ്ങുമ്പോള്‍ ആ മിഴികള്‍ ഈറനണിഞ്ഞു. 15 വര്‍ഷത്തോളമായി പട്ടയത്തിനായി കാത്തിരിക്കുകയായിരുന്നു. ഭര്‍ത്താവ് നാരായണ ഭട്ട് മരിച്ചത് മുതല്‍ 5 മക്കളെ വളര്‍ത്താനുള്ള കഷ്ടപാടുകളിലായിരുന്നു ഈ അമ്മ. ഇന്ന് മുതല്‍ കുമ്പള കൊയിപ്പാടിയിലെ 8 സെന്റ് ഭൂമിയുടെ അവകാശിയായി പി. പാര്‍വ്വതി അമ്മ മാറി.

 

 

കാത്തിരിപ്പിനൊടുവില്‍ ഏലിക്കുട്ടിക്കും പട്ടയം

വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ കള്ളാര്‍ വിലേജിലെ രാജപുരത്തെ ഏലിക്കുട്ടി തോമസിനും പട്ടയം ലഭിച്ചു. 1943 മുതല്‍ വീട് വെച്ച് താമസം തുടങ്ങി എങ്കിലും പട്ടയം ലഭിച്ചിരുന്നില്ല.
ഏറെ നാളെത്തെ കാത്തിരിപ്പിനൊടുവില്‍ കൈവശ ഭൂമിക്കു പട്ടയം കിട്ടിയ സന്തോഷത്തിലാണ് 85 കാരി ഏലിക്കുട്ടി തോമസ്. ഇവര്‍ക്ക് 65 സെന്റ് ഭൂമിക്ക് പട്ടയം ലഭിച്ചു.

 

 

' ഒരുപാട് സന്തോഷം, സ്വന്തമായി ഭൂമി ലഭിച്ചല്ലോ'

സന്തോഷം പങ്കുവെച്ച് മഞ്ചേശ്വരം താലൂക്കിലെ പി.എന്‍. ദിലീപ് കുമാര്‍ - കെ. സുന്ദരി ദമ്പതികള്‍

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ കൈയ്യില്‍ നിന്നും നേരിട്ട് പട്ടയം സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് മഞ്ചേശ്വരം താലൂക്കിലെ എന്‍മകജെ വില്ലേജിലെ പി.എന്‍. ദിലീപ് കുമാര്‍ - കെ. സുന്ദരി ദമ്പതികള്‍. ബീഡിതൊഴിലാളികളായ ഇരുവരും കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഉക്കിനടുക്കയിലെ വാടക ക്വാര്‍ട്ടേഴ്സിലാണ് താമസിക്കുന്നത്.  ഒന്നര വര്‍ഷം മുമ്പാണ് ഇവര്‍ പട്ടയത്തിനായി എന്‍മകജെ വില്ലേജില്‍ അപേക്ഷ നല്‍കുന്നത്. ഏറെക്കാലത്തെ സ്വപ്നമായ ഭൂമി യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ് പി.എന്‍. ദിലീപ് കുമാര്‍ - കെ. സുന്ദരി ദമ്പതികള്‍.

 

 

date