Skip to main content

ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ വകുപ്പും വിദേശ നിക്ഷേപക സംരംഭകരുമായി  ചര്‍ച്ച നടത്തി

ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ വകുപ്പും വിദേശ നിക്ഷേപ സംരംഭകരായ ലിങ്ക് ഗ്രൂപ്പുമായി ഉന്നത തല ചര്‍ച്ചയില്‍ കാസര്‍കോടിനെ നൈപുണ്യ വികസന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്തു. ഉദ്യോഗാര്‍ത്ഥികളുടെ കൈകളില്‍ തൊഴിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ, അതിലേക്കായി  ഗ്രൂപ്പ് സംസ്ഥാന, ജില്ലാ, ഗ്രാമതലങ്ങളിലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായത്തോടെ ഒരു നൈപുണ്യ വികസന കേന്ദ്രം നിര്‍മിക്കും. അതിലൂടെ കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തുകയും, വിദ്യാഭ്യാസ യോഗ്യതയുള്ളവരെ തൊഴില്‍ ശാലകളില്‍ ആവശ്യമായ വിദഗ്ധ പരിശീലനം നല്‍കി തൊഴില്‍ പ്രാപ്തരാക്കാനാണ് നൈപുണ്യ വികസന കേന്ദ്രം കൊണ്ട് ലക്ഷ്യമിടുന്നത്. ജില്ലയിലെ തൊഴിലന്വേഷകരെ സ്വയം തൊഴില്‍ തൊട്ട് ബഹുരാഷ്ട്ര കമ്പനികളില്‍ വരെ തൊഴില്‍ സജ്ജരാക്കാന്‍ ഇതിലൂടെ സാധ്യമാകും. പദ്ധതിക്ക് ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും പൂര്‍ണ്ണ പിന്തുണ അറിയിച്ചു.

ജില്ലയുടെ സമഗ്ര വികസനത്തിന് ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും ചേര്‍ന്ന് നടപ്പാക്കിയ നിക്ഷേപ സംഗമത്തിലൂടെ ജില്ലയിലെ ആദ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപ കമ്പനിയായി  ലിങ്ക് ഗ്രൂപ്പ് കടന്നത് വലിയ നേട്ടമായിരുന്നു.  ഗ്രൂപ്പ് ഇതുവരെ 12 കോടിയോളം രൂപ ഇന്‍വെസ്റ്റ് ചെയുകയും നിലവില്‍ ജില്ലയിലെ 50 ല്‍ അധികം ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് കാസര്‍കോടും കൊച്ചിയിലുമുള്ള ഓഫീസുകളില്‍ ജോലി നല്‍കുകയും ചെയ്തിട്ടുണ്ട്.

ഇതിന്റെ ഭാഗമായ ലിങ്ക് അക്കാദമി 2022 ജൂണ്‍ മുതല്‍ അസാപ്  കേരളയുടെ  പ്രവര്‍ത്തന പങ്കാളിയായി  വിവിധ തരത്തിലുള്ള നൈപുണ്യ വികസന പരിശീലനം നടത്തിവരികയാണ്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയ 100ല്‍ അധികം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ത്യയിലെ വിവിധ കമ്പനികളിലും വിവിധ മേഖലകളിലുമായി വിദ്യാര്‍ത്ഥികള്‍ക്ക് ജോലി നേടിക്കൊടുക്കാനായി. മൈക്രോസോഫ്റ്റ് അഷൂര്‍ അഡ്മിനിസ്ട്രേറ്റര്‍, മൈക്രോസോഫ്റ്റ് 365 അഡ്മിനിസ്ട്രേറ്റര്‍, എ.ഡബ്ലു.എസ് ക്ലൗഡ് പ്രാക്ടീഷണര്‍, പൈത്തണ്‍ ഡിജാംഗോ ഫുള്‍ സ്റ്റാക്ക് പ്രോഗ്രാം, ഡിപ്ലോമ ഇന്‍ പ്രൊഫഷണല്‍ അക്കൗണ്ടിംഗ് തുടങ്ങിയ ലിങ്കിന്റെ  പരിശീലന പരിപാടികളില്‍ 500 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ ഇതുവരെ ചേര്‍ന്നിട്ടുണ്ട്. കാസര്‍കോട്ടെയും കണ്ണൂരിലെയും ഉള്ള വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ലിങ്ക്  അക്കാദമി അഭിമാനകരമായ പങ്ക് വഹിച്ചിട്ടുണ്ട്.

കേരളത്തിന്റെ പലഭാഗത്തുനിന്നുള്ള നൂറില്‍പരം വിദ്യാര്‍ത്ഥികളെ ഐടി, ഐടി അനുബന്ധ, അക്കൗണ്ടിംഗ് തുടങ്ങിയ മേഖലകളില്‍ വിവിധ തസ്തികകളില്‍ ജോലിയില്‍ പ്രവേശിപ്പിച്ചു. വിദ്യാനഗര്‍  അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സജിത് കുമാര്‍, ലിങ്ക് ഗ്രൂപ്പ് സി.ഇ.ഒ ജെയ്മി സൊബ്രാണി,  ഡയറക്ടര്‍ ഹരീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍,  ഷിബു മേലത്ത്,  സജേഷ് നായര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.

date