Skip to main content

സാധാരണക്കാരുടെ അവകാശങ്ങൾ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യം: മന്ത്രി വി. അബ്ദുറഹിമാൻ മലപ്പുറം ജില്ലയിൽ 5278 കുടുംബങ്ങൾ കൂടി ഭൂമിയുടെ അവകാശികൾ

സാധാരണക്കാരുടെ അവകാശങ്ങൾ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. മലപ്പുറം ടൗൺഹാളിൽ നടന്ന ജില്ലാതല പട്ടയ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃശൂർ തേക്കിൻകാട് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത സംസ്ഥാന തല പരിപാടിക്ക് ശേഷമാണ് ജില്ലാതല പരിപാടികൾ ആരംഭിച്ചത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്തത് മലപ്പുറം ജില്ലയിലാണ്. 2,26,909 അപേക്ഷകൾ ഓൺലൈനായി ലഭിച്ചിട്ടുണ്ട്. ഇതിൽ 2,23,241 അപേക്ഷകൾ പരിഗണയിലാണ്. ബാക്കിയുള്ളതിന്റെ സാങ്കേതിക വശങ്ങൾ പരിഹരിക്കേണ്ടതുണ്ട്. അതിനു ശേഷം അവകൂടി പരിഗണിക്കും. 2025 ഓടെ ഭൂരിപക്ഷം പട്ടയങ്ങളും വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

 

പരിപാടിയിൽ ജില്ലാ കളക്ടർ വി. ആർ വിനോദ്, ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) ജോസഫ് സ്റ്റീഫൻ റോബി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു. 

 

മലപ്പുറം ജില്ലയിൽ 5278 കുടുംബങ്ങൾക്ക് കൂടിയാണ് പട്ടയങ്ങൾ വിതരണം ചെയ്തത്. തിരൂർ ലാന്റ് ട്രൈബ്യൂണലിലെ 1342, തിരൂരങ്ങാടി ലാന്റ് ട്രൈബ്യൂണലിലെ 919, മഞ്ചേരി ലാന്റ് ട്രൈബ്യൂണലിലെ 1088, ദേവസ്വം 1899, ഏറനാട് താലൂക്കിലെ 2 ലാന്റ് അസൈൻമെന്റ്റ് പട്ടയം, തിരൂരങ്ങാടി താലൂക്കിലെ 28 ഒ.എൽ.എച്ച്.എസ് പട്ടയം എന്നിവ ഉൾപ്പെടെയാണ് 5278 പട്ടയങ്ങൾ വിതരണം ചെയ്തത്.

 

31499 പട്ടയങ്ങളാണ് ഇന്ന് (ഫെബ്രുവരി 22) സംസ്ഥാനമൊട്ടാകെ വിതരണം ചെയ്തത്. ഇതോടെ 1,53,103 കുടുംബങ്ങൾക്കാണ് 2.5 വർഷത്തിനുള്ളിൽ സർക്കാർ പട്ടയങ്ങൾ കൈമാറിയത്.

 

പരിപാടിക്ക് വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയത്. പട്ടയം വാങ്ങാനെത്തുന്നവർക്ക് ചായ, കുടിവെള്ളം, അടിയന്തിര മെഡിക്കൽ സേവനം എന്നിവ ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങളും ജില്ലാ ഭരണകൂടം ഒരുക്കിയിരുന്നു. വേദിയിൽ വെച്ച് 20 പേർക്കും ബാക്കിയുള്ളവർക്ക് ട്രൈബൂണലുകൾ തിരിച്ച് കൗണ്ടറുകൾ ഒരുക്കിയുമാണ് പട്ടയങ്ങള്‍ വിതരണം ചെയ്തത്. പട്ടയമേളക്ക് എത്താൻ സാധിക്കാതിരുന്നവർക്ക് അതത് താലൂക്കുകളിൽ വെച്ച് പട്ടയങ്ങൾ വിതരണം ചെയ്യും.

date