Skip to main content

ഇടുക്കി ജില്ലാ പഞ്ചായത്ത് ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ്  നാടിന് സമര്‍പ്പിച്ചു

 

  • *  ബസ്റ്റാന്റില്‍ നിന്ന് നേരിട്ട് മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചേരാനുള്ള റോഡിനായി  5 കോടി  രൂപ  

ചെറുതോണിയിലെ ജില്ലാ പഞ്ചായത്ത് ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു.  ജില്ലാ ആസ്ഥാനത്തെ വലിയൊരു മാറ്റമാണ് ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സെന്നും ഇത് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ചെറുതോണിയിലെ ട്രാഫിക് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും  മന്ത്രി പറഞ്ഞു. ബസ്റ്റാന്റില്‍ നിന്ന് നേരിട്ട് മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചേരാനുള്ള റോഡിന് എംഎല്‍എ ഫണ്ടില്‍ നിന്ന് 5 കോടി രൂപ അനുവദിച്ചതായി   മന്ത്രി പറഞ്ഞു.  പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി ബിനു അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എം. പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് എല്‍ എസ് ജി ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സാറാ സൂര്യ ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഇടുക്കി ജില്ലാ പഞ്ചായത്ത് 2 കോടി 80 ലക്ഷം രൂപയും എം.എല്‍.എ.യുടെ പ്രാദേശിക വികസനഫണ്ട്, ജലസേചന വകുപ്പ് എന്നിവയില്‍ നിന്നും അനുവദിച്ച 3 കോടി 30 ലക്ഷം രൂപവുമാണ് നിര്‍മ്മാണത്തിനായി വിനിയോഗിച്ചിട്ടുള്ളത്. 22 കടമുറികളുള്ള ഷോപ്പിംഗ് കോംപ്ലക്‌സ്, ബസ് പാര്‍ക്കിംഗ് യാഡ്, ആധുനിക നിലവാരത്തിലുള്ള കംഫര്‍ട്ട് സ്റ്റേഷനുകള്‍ എന്നീ സൗകര്യങ്ങളുണ്ട്.

വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെ മേല്‍നോട്ടത്തിലാണ് ബസ്സ്റ്റാന്റിന്റെയും കംഫര്‍ട്ട് സ്റ്റേഷന്റെയും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കെ.എസ്.ആര്‍.ടി.സി. ഓപ്പറേറ്റിംഗ് സെന്റര്‍ ആരംഭിക്കുന്നതിനായി 2 ഏക്കര്‍ സ്ഥലം ബസ്റ്റാന്റിനോട് അനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് ആര്‍.ടി.സി.യ്ക്ക് കൈമാറിയിട്ടുണ്ട്. ഗ്യാരേജ്, വര്‍ക്ക്ഷോപ്പ്, ഫ്യൂവല്‍ പമ്പ്, അനുബന്ധസ്ഥാപനങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിനാണ് ഈ സ്ഥലം നല്‍കിയിട്ടുള്ളത്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 2024-25 ബഡ്ജറ്റില്‍ 5 കോടി രൂപ അനുവദിച്ചിട്ടുമുണ്ട്. ബസ്സ്റ്റാന്റിന്റെയും ഷോപ്പിംഗ് കോംപ്ലക്‌സിന്റെയും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതോടെ ജില്ലാ ആസ്ഥാനത്തിന്റെയും പ്രത്യേകിച്ച് ചെറുതോണി പട്ടണത്തിന്റെയും വികസനത്തിനും പുരോഗതിയിലും ഒരു നാഴികകല്ല് കൂടി യാഥാര്‍ത്ഥ്യമാകും.

യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി വര്‍ഗീസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  രാജി ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റണി, ജില്ലാ പഞ്ചായത്ത് പൈനാവ് ഡിവിഷന്‍ മെമ്പര്‍ കെ. ജി സത്യന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ പി. ഭവ്യ, രാരിച്ചന്‍ നീറണാകുന്നേല്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ഷൈനി സജി,  എം.ജെ ജേക്കബ്, സി. വി സുനിത, ഷൈനി റെജി, ത്രിതലപഞ്ചായത്ത് അംഗങ്ങള്‍,  ആര്‍ ഡി ഒ ഷെമീര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍,  വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു.

 

date