Skip to main content

പട്ടയമേള: ജില്ലയിൽ   2619 പേർ ഭൂമിയുടെ അവകാശികളായി

എല്ലാവർക്കും പട്ടയം ഉറപ്പാക്കുമെന്ന് മന്ത്രി ശശീന്ദ്രൻ

ഭൂരഹിതരെ കണ്ടെത്തി  ഭൂമിയുടെ ഉടമകളാക്കി ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഏല്ലാവർക്കും പട്ടയം ഉറപ്പാക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. സംസ്ഥാനതല പട്ടയ മേളയുടെ ഭാഗമായി  ജില്ലാതല പട്ടയവിതരണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
 
ലക്ഷ്യ ബോധമുള്ള പ്രവർത്തനവുമായി സർക്കാർ മുന്നോട്ട് പോകുകയാണ്.  ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ 2619 പേർക്കാണ്  പട്ടയം ലഭ്യമാക്കിയത്.  ഇനിയും  ലഭിക്കാൻ ബാക്കിയുള്ളവർക്ക്  വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പ്രശ്നങ്ങൾ പരിഹരിച്ച് പട്ടയം നൽകാനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു. 
 
 കോഴിക്കോട് ലാൻഡ് ട്രിബ്യൂണൽ പരിധിയിൽ നിന്ന് 1784 പട്ടയങ്ങൾ, വടകര ലാൻഡ് ട്രിബ്യൂണൽ പരിധിയിൽ നിന്ന് 700 പട്ടയങ്ങൾ, ദേവസ്വം ട്രിബ്യൂണലിൽ നിന്ന് 50 പട്ടയങ്ങൾ,  സർക്കാർ ഭൂമി പതിച്ച് കൊടുക്കുന്ന വിഭാഗത്തിൽ നിന്ന് 34 പട്ടയങ്ങൾ, 51 മിച്ചഭൂമി പട്ടയങ്ങൾ എന്നിവയാണ്  വിതരണം വ്യാഴാഴ്ച ചെയ്തത്. രണ്ടരവർഷം കൊണ്ട് ഒന്നരലക്ഷം പട്ടയം എന്ന ചരിത്ര നേട്ടത്തിന്റെ നിറവിലാണ് സംസ്ഥാന റവന്യു വകുപ്പ്. മൂന്നാം പട്ടയമേളയ്ക്ക് ശേഷം സജ്ജമായ 30,000 ത്തോളം പട്ടയങ്ങളാണ് സംസ്ഥാനമൊട്ടാകെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലുമായി വിതരണം ചെയ്തത്. സംസ്ഥാനതല പട്ടയ മേളയുടെ ഉദ്ഘാടനം തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. റവന്യു മന്ത്രി കെ രാജൻ അധ്യക്ഷത വഹിച്ചു.

കോവൂർ പി കൃഷ്ണപിള്ള മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാതല പട്ടയമേളയിൽ എം.എൽ.എമാരായ ടി പി രാമകൃഷ്ണൻ, അഹമ്മദ് ദേവർകോവിൽ,  കാനത്തിൽ ജമീല, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, കെ എം സച്ചിൻ ദേവ്, ലിന്റോ ജോസഫ്, ലാൻഡ് റിഫോംസ് റിവ്യൂ ബോർഡ് അനൗദ്യോഗിക അംഗം ടി കെ രാജൻ, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, എൽ എ ഡെപ്യൂട്ടി കലക്ടർ പി എൻ പുരുഷോത്തമൻ, തഹസിൽദാർമാർ, റവന്യു ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു. 
എഡിഎം കെ അജീഷ് നന്ദി പറഞ്ഞു.

date