Skip to main content

എ.ഐ.യും ത്രീഡി അനിമേഷനുമായി ലിറ്റില്‍ കൈറ്റ്‌സ് ജില്ലാ ക്യാമ്പിന് തുടക്കം

നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളും ത്രീഡി അനിമേഷന്‍ പ്രവര്‍ത്തനങ്ങളുമായി ലിറ്റില്‍ കൈറ്റ്‌സ് ജില്ലാ ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി. ജി.വി.എച്ച്.എച്ച് മൊഗ്രാല്‍ സ്‌കൂളില്‍ നടക്കുന്ന കൈറ്റ്‌സ് ജില്ലാ ദ്വിദിന സഹവാസ ക്യാമ്പില്‍ 78 കുട്ടികള്‍ പങ്കെടുത്തു.
ജില്ലയിലെ 120 യൂണിറ്റുകളില്‍ നിന്നായി 3488 ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങളാണുള്ളത്. സ്‌കൂള്‍ തല ക്യാമ്പില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 860 കുട്ടികള്‍ ഉപജില്ലാ ക്യാമ്പില്‍ പങ്കെടുത്തിരുന്നു. ഉപജില്ലാക്യാമ്പിലെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ ആണ് ജില്ലാ സഹവാസ ക്യാമ്പില്‍ പങ്കെടുക്കുന്നത്.

 പ്രോഗ്രാമിംഗ്, അനിമേഷന്‍ മേഖലയില്‍ തിരഞ്ഞെടുത്തവര്‍ക്ക് പ്രത്യേകം സെഷനുകളുണ്ടാകും. സംസ്ഥാനത്ത് ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങള്‍ വഴി നാല് ലക്ഷം രക്ഷിതാക്കള്‍ക്ക് ഡിജിറ്റല്‍ സാക്ഷരത നല്‍കിയിരുന്നു. ഈ മാതൃകയില്‍ ഉത്തരവാദിത്വ പൂര്‍വമായ നിര്‍മിതബുദ്ധി ഉപയോഗത്തെക്കുറിച്ചും പൊതുജനങ്ങള്‍ക്ക് ഉള്‍പ്പെടെ പരിശീലനം നല്‍കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് ഓണ്‌ലൈനായി ആമുഖ പ്രഭാഷണം നടത്തിക്കൊണ്ട് പറഞ്ഞു.

 വസ്തുക്കളെ സൂക്ഷ്മമായി നിരീക്ഷിക്കാനും അവയുടെ ത്രിമാന രൂപം സൃഷ്ടിച്ചെടുക്കാനുമുള്ള ശേഷി വളര്‍ത്തുകയാണ് അനിമേഷന്‍ മേഖലയിലെ രണ്ടു ദിവസത്തെ പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. ത്രീഡി ക്യാരക്ടര്‍, മോഡലിങ്, മുതലായവ വിദ്യാര്‍ഥികളെ പരിശീലിപ്പിക്കും. കൂടാതെ ബ്ലെന്‍ഡര്‍ സോഫ്റ്റ് വയര്‍ ഉപയോഗിച്ചുള്ള അനിമേഷന്‍, മൊബൈല്‍ ആപ്പ് നിര്‍മ്മാണം, ആര്‍ഡിനോ കിറ്റിലെ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള മൂവിംഗ് ലൈറ്റ്, സ്മാര്‍ട്ട് റൂം ലൈറ്റ്, ഇന്റലിജന്റ് സിസി ടിവി ക്യാമറ, ആര്‍.ജി.ബി ലൈറ്റ് എന്നീ ഉപകരണങ്ങളും ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐഒടി) തുടങ്ങിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സ്വന്തമായി ഒരു ഐഒടി ഉപകരണം തയാറാക്കുന്ന പ്രവര്‍ത്തനം, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ദൂരെ നിന്ന് പ്രവര്‍ത്തിപ്പിക്കുന്ന ഐഒടിഡിവൈസ് തുടങ്ങിയവയും പരിശീലിപ്പിക്കും. ജില്ലാ ക്യാമ്പുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് മെയ് അവസാനവാരം നടക്കുന്ന സംസ്ഥാന ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

date