Skip to main content

പുത്തൻ അറിവുകള്‍ കൈപ്പിടിയിലൊതുക്കി, ലിറ്റില്‍ കൈറ്റ്സ് ജില്ലാ ക്യാമ്പിന് സമാപനം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തിയുള്ള പ്രോഗ്രാമിംഗ്, 3D അനിമേഷൻ വീഡിയോ നിർമ്മാണം തുടങ്ങിയ മേഖലകളിൽ നൂതന അറിവുകൾ പകർന്ന് ജി.എച്ച്.എസ് തുവ്വൂർ സ്കൂളിൽ നടന്ന ലിറ്റിൽ കൈറ്റ്സ് ദ്വിദിന സഹവാസ ക്യാമ്പ് സമാപിച്ചു. ഉപജില്ലാക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 106 കുട്ടികളാണ് ജില്ലാ ക്യാമ്പിൽ പങ്കെടുത്തത്.

 

വസ്തുക്കളെ സൂക്ഷ്‍മമായി നിരീക്ഷിക്കാനും അവയുടെ ത്രിമാന രൂപം സൃഷ്ടിച്ചെടുക്കാനുമുള്ള ശേഷി വളര്‍ത്താനുതകുന്നതായിരുന്നു രണ്ടു ദിവസത്തെ പരിശീലനം. ബ്ലെന്‍ഡര്‍ സോഫ്റ്റ്‍വെയറിൽ ത്രിമാനരൂപങ്ങള്‍ തയ്യാറാക്കി അവയ്ക്ക് അനിമേഷന്‍ നല്‍കുക, 3D കാരക്ടര്‍ മോഡലിങ്, കാരക്ടര്‍ റിഗ്ഗിങ് മുതലായ 3D ഒബ്ജക്ടുകളുടെ നിര്‍മ്മാണം എന്നിവയിലുള്ള പ്രായോഗിക പരിജ്ഞാനം വിദ്യാര്‍ഥികൾക്ക് ലഭിച്ചു.

 

മൊബൈൽ ഫോൺ ‍ ഉപയോഗിച്ച് ദൂരെനിന്ന് പ്രവര്‍ത്തിപ്പിക്കുന്ന ഐ.ഒ.ടി ഡിവൈസ്, ഇതിലേക്കുള്ള സിഗ്നലുകള്‍ അയക്കുന്നതിനായി എം.ഐ.ടി ആപ്പ് ഇന്‍വെന്റർ സോഫ്റ്റ്‍വെയർ ഉപയോഗിച്ചുള്ള ലഘു മൊബൈൽ ആപ്ലിക്കേഷന്‍ എന്നിവയുടെ നിര്‍മ്മാണമാണ് ഐ.ഒ.ടി സെഷനിൽ കുട്ടികൾ പരിശീലിച്ചത്. ഇതിനായി ആർഡിനോ കിറ്റിലെ ഉപകരണങ്ങൾ, ആർഡിനോ ബ്ലോക്ക‍്‍ലി,പൈത്തണ് പ്രോഗ്രാമിങ് തുടങ്ങിയ കോഡുകളും പരിചയപ്പെട്ടു.

 

കലാപരിപാടികൾ ഉൾപ്പെട്ട രണ്ടുദിവസത്തെ സഹവാസക്യാമ്പ് അത്യാധുനിക ടെക്നോളജി സങ്കേതങ്ങളിൽ അറിവ് നേടാനും പ്രയോഗികതലത്തിൽ പരിശീലിക്കാനും കുട്ടികൾക്ക് അവസരം നൽകി. സമാപനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ അമ്മമാർക്ക് സൈബർ ബോധവൽക്കരണ ക്ലാസും നടത്തി. ജില്ലാ ക്യാമ്പുകളില്‍ നിന്ന് തെരഞ്ഞെടുത്ത കുട്ടികള്‍ക്ക് മെയ് അവസാനവാരം നടക്കുന്ന സംസ്ഥാന ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്.

 

കൈറ്റ് ജില്ലാ കോർഡിനേറ്റർ ടി.കെ അബ്ദുൽ റഷീദ് ക്യാമ്പിന് നേതൃത്വം നൽകി. അനിമേഷൻ വിഭാഗത്തിൽ കൈറ്റ് മാസ്റ്റർ ട്രൈനർമാരായ ഗോകുൽനാഥ്‌, ലാൽ, ഇർഷാദ്, ബിന്ദു, യാസർ, ശിഹാബുദ്ധീൻ എന്നിവരും പ്രോഗ്രാമിങ് വിഭാഗത്തിൽ ഷാജി, മുഹമ്മദ് ബഷീർ, രാധിക, ജാഫറലി, കുട്ടിഹസ്സൻ എന്നിവരും പരിശീലകരായി.

date