Skip to main content
അപകടത്തിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സംരക്ഷിക്കും: മന്ത്രി സജി ചെറിയാൻ

അപകടത്തിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സംരക്ഷിക്കും: മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: അപകടത്തിൽ മരണപ്പെട്ട  മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സംരക്ഷിക്കുമെന്ന് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വലിയഴീക്കൽ ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
അപകടത്തിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെക്കുറിച്ച് സർവ്വേ നടത്തി  അവരുടെ കുടുംബങ്ങൾക്ക് തൊഴിൽ നൽകുന്നതിന്  മുൻഗണന നൽകുമെന്നും  മന്ത്രി പറഞ്ഞു. വലിയഴിക്കൽ ഫിഷ് ലാൻഡിങ് സെന്ററിനെ ഫിഷിംഗ് ഹാർബർ നിലവാരത്തിലേക്ക് ഉയർത്തും സംസ്ഥാനത്തെ എല്ലാ ഹാർബറുകളും ഫിഷ് ലാൻഡിങ് സെന്ററുകളും നവീകരിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു. 

നബാർഡ് പദ്ധതിയിൽ 16.68  കോടി രൂപയുടെ ഭരണാനുമാതിയിൽ 96 ലക്ഷം രൂപ ചെലവഴിച്ചാണ് അധിക സൗകര്യങ്ങളോടെ കെട്ടിടം നിർമ്മിച്ചത്.

ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ രമേശ് ചെന്നിത്തല എം.എൽ.എ അധ്യക്ഷത വഹിച്ചു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചർ, ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. സജീവൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ മൻസൂർ,  ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രശ്മി രഞ്ജിത്ത്, ബിനു പൊന്നൻ,  ഹാർബർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ വി.പി അനുജ , എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.എസ് സ്വപ്ന, പ്രാദേശിക പാർട്ടി നേതാക്കൾ  തുടങ്ങിയവർ പങ്കെടുത്തു.

date