Skip to main content

തിരുവമ്പാടി മണ്ഡലത്തിൽ റോഡ് നിർമ്മാണത്തിനായി സർക്കാർ അധികം ചെലവഴിച്ചത് 35 കോടി രൂപ : മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവമ്പാടി നിയോജക മണ്ഡലത്തിലെ റോഡ് നിർമ്മാണത്തിനായി സർക്കാർ അധികം ചെലവഴിച്ചത് 35 കോടി രൂപയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പുതുപ്പാടി, കോടഞ്ചേരി  പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുപ്പായക്കോട് പാലം, പോത്തുണ്ടി പാലം, തിരുവമ്പാടി പഞ്ചായത്തിലെ  വഴിക്കടവ് പാലം എന്നിവയുടെ ഉദ്ഘാടനവും, ഓമശ്ശേരി -പെരിവില്ലി-കോടഞ്ചേരി- പുലിക്കയം പുല്ലൂരാംപാറ- പള്ളിപ്പടി റോഡിന്റെ പ്രവൃത്തി ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പാലങ്ങളുടെ പ്രവൃത്തി പരിശോധനയ്ക്ക് വേണ്ടി മാത്രം പൊതുമരാമത്ത് വകുപ്പിന് കീഴിൽ പുതിയ സംവിധാനം കൊണ്ടുവന്നു. ഭരണാനുമതി ലഭിച്ച പാലങ്ങൾക്ക് സാങ്കേതിക അനുമതി ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കുക, സാങ്കേതികാനുമതി ലഭിച്ചതിന് ടെണ്ടർ സ്റ്റേജിൽ എത്താത്ത പ്രശ്നത്തിന് പരിഹാരം കാണുക, ടെണ്ടർ സ്റ്റേജിൽ എത്തിയവക്ക് പ്രവൃത്തി ആരംഭിക്കുക, പ്രവൃത്തി  ആരംഭിച്ച പാലങ്ങൾ പലകാരണങ്ങളാൽ പ്രവൃത്തി  മുടങ്ങിയതിന്റെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നീ കാര്യങ്ങൾക്കുവേണ്ടി റിവ്യൂ നടത്തി ഈ സംവിധാനം മുന്നോട്ടു പോയി. അഞ്ചുവർഷംകൊണ്ട് 100 പാലങ്ങൾ പൂർത്തീകരിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം വെച്ചത്. തിരുവമ്പാടി മണ്ഡലത്തിലെ മൂന്നു പാലങ്ങൾ പൂർത്തിയാകുന്നതോടെ മൂന്നുവർഷംകൊണ്ട് 98 പാലങ്ങളുടെ പ്രവൃത്തി പൂർത്തിയാക്കാൻ സർക്കാരിനാകുമെന്നും മന്ത്രി പറഞ്ഞു.

ലിൻ്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. സൂപ്രണ്ടിംഗ് എഞ്ചിനീയർ പി.കെ രമ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ്, തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ, കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകൻ, തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എ. അബ്‌ദുറഹിമാൻ, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം റോയ് കുന്നപ്പള്ളി, കോടഞ്ചേരി തിരുവമ്പാടി പുതുപ്പാടി ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. സൂപ്രണ്ടിംഗ് എഞ്ചിനീയർ പി.കെ മിനി സ്വാഗതവും, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെ വിനയരാജ് നന്ദിയും പറഞ്ഞു.

date