Skip to main content

തെരഞ്ഞെടുപ്പ് നടപടികള്‍ കുറ്റമറ്റതാക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണം: ജില്ലാ കലക്ടര്‍

നോഡല്‍ ഓഫീസര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആദ്യഘട്ട പരിശീലനം നല്‍കി

തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ കാര്യക്ഷമവും കുറ്റമറ്റതുമാക്കാന്‍ ഉദ്യോഗസ്ഥര്‍ തികഞ്ഞ ജാഗ്രത പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാതലത്തില്‍ ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച ആദ്യഘട്ട പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ കുറ്റമറ്റതാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ പരിശീലനം അനിവാര്യമാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓരോ വിഷയത്തിലും വ്യക്തമായ അറിവും ധാരണയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്വായത്തമാക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. 

ജില്ലാതല നോഡല്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാര്‍, വരണാധികാരികളുടെയും ഉപവരണാധികാരികളുടെയും കീഴിലുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. രണ്ട് സെഷനുകളിലായി നടന്ന പരിശീലനത്തില്‍ തെരഞ്ഞെടുപ്പ് നിയമങ്ങള്‍, മാതൃകാ പെരുമാറ്റച്ചട്ടം, വോട്ടിംഗ് മെഷീന്‍, വോട്ടെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ മാസ്റ്റര്‍ ട്രെയിനര്‍മാരായ കെ എം പ്രകാശന്‍, വി ദിലീപ്, എം ഷൈജു, വി രജീഷ്, സി രാജേഷ്, വര്‍ഗീസ് കുര്യന്‍, കെ സരുണ്‍, എ എം നിസാമുദ്ദീന്‍, അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയവര്‍ പരിശീലനം നല്‍കി.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സബ് കലക്ടര്‍ ഹര്‍ഷില്‍ കുമാര്‍ മീണ, അസിസ്റ്റന്റ് കലക്ടര്‍ പ്രതീക് ജെയിന്‍, എഡിഎം കെ അജീഷ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഡോ. ശീതള്‍ ജി മോഹന്‍, ട്രെയിനിംഗ് സെല്‍ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ കെ ഷെറീന തുടങ്ങിയവര്‍ സംസാരിച്ചു.

date