Skip to main content

ജില്ലാ ഭിന്നശേഷി കായികോത്സവം :  വടകര വിദ്യാഭ്യാസ ജില്ല മുന്നിൽ

 

കോഴിക്കോട് : പൊതുവിദ്യാലയങ്ങളിൽ ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസ്സുകളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ മറ്റ് കുട്ടികളോടൊപ്പം കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന ഇൻക്ലൂസീവ് സ്‌പോർട്‌സിന്റെ ജില്ലാതല മത്സരങ്ങൾ തുടങ്ങി. പതിനഞ്ച് ബി.ആർ.സികളിൽ നടന്ന കായികോത്സവത്തിൽ മികവ് തെളിയിച്ച 700ലധികം ഭിന്നശേഷി കുട്ടികൾ മൂന്ന് വിദ്യാഭ്യാസ ജില്ലകളിലായി നടന്ന കായികോത്സവത്തിൽ മത്സരിച്ചിരുന്നു. ഇതിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 300 ഓളം കുട്ടികളാണ് വെസ്റ്റ്ഹിൽ ഫിസിക്കൽ എജ്യുക്കേഷൻ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ജില്ലാ മേളയിൽ പങ്കെടുക്കുന്നത്. ഇന്നു നടന്ന നാല് ഗെയിംസ് മത്സരങ്ങളുടെ ഫലം പുറത്ത് വന്നപ്പോൾ 59 പോയന്റുമായി വടകര വിദ്യാഭ്യാസ ജില്ല മുന്നിലാണ്., 35 പോയന്റുമായി താമരശ്ശേരി വിദ്യാഭ്യാസ ജില്ല രണ്ടാംസ്ഥാനത്തും 30 പോയന്റുമായി കോഴിക്കോട് വിദ്യാഭ്യാസ ജില്ല മൂന്നാംസ്ഥാനത്തുമാണ്. 
    
ഫുട്‌ബോൾ, ബാഡ്മിന്റൺ, ക്രിക്കറ്റ്, ഹാന്റ്‌ബോൾ എന്നീ ഇനങ്ങളിലാണ് മത്സരം പൂർത്തിയായത്. പലവിധ പരിമിതികളാൽ കായിക മത്സരങ്ങളിൽ നിന്ന് മാറ്റി നിർത്തപ്പെടുന്ന കുട്ടികൾക്ക് അവസരമൊരുക്കി ശാരീരികവും മാനസികവുമായ കരുത്ത് പ്രദാനം ചെയ്ത് ആത്മവിശ്വാസമുള്ളവരാക്കി മാറ്റുക എന്നതാണ് കായികമേളയുടെ ലക്ഷ്യം. പ്രത്യേക പരിശീലനം ലഭിച്ച കായികാധ്യാപകരും തെരഞ്ഞെടുക്കപ്പെട്ട സ്‌പെഷ്യൽ എഡ്യുക്കേറ്റർമാരുമാണ് ഇൻക്ലൂസീവ് കായികോത്സവത്തിന് നേതൃത്വം നൽകുന്നത്. സഹപാഠികളുടെയും സമൂഹത്തിന്റെയും കൈത്താങ്ങോടെ കൂടുതൽ ദൂരത്തിൽ, കൂടുതൽ ഉയരത്തിൽ, കൂടുതൽ വേഗത്തിൽ എന്ന ലക്ഷ്യത്തിലേക്ക് വിഭിന്നശേഷിക്കാരും ഉയരുന്ന നാളുകളാണ് പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയും സ്വപ്നം കാണുന്നത്. 

ഗെയിംസ് മത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ കലക്ടർ സ്‌നേഹിൽകുമാർ സിംഗ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  അഡ്വ. പി. ഗവാസ് അധ്യക്ഷനായി. എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഡോ. എ.കെ. അബ്ദുൾ ഹക്കിം സ്വാഗതവും, ജില്ലാ പ്രോഗ്രാം ഓഫീസർ വി.ടി. ഷീബ നന്ദിയും പറഞ്ഞു. വിദ്യാകിരണം കോർഡിനേറ്റർ വി.വി. വിനോദ് സംസാരിച്ചു. കളക്ടർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നിവർ ക്യാപ്റ്റൻമാരായി നടത്തിയ ഫുട്‌ബോൾ മത്സരങ്ങളോടെയാണ് മേളയ്ക്ക് തുടക്കമായത്. റിലേ, സ്റ്റാന്റിംഗ് ജംബ്, ബോൾ ത്രോ മത്സരങ്ങൾ തിങ്കളാഴ്ച നടക്കും. അത്‌ലറ്റിക് മത്സരങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 25നു രാവിലെ ഒമ്പത് മണിക്ക് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. നിർവ്വഹിക്കും.

date