Skip to main content

പൊതു വിദ്യാഭ്യാസത്തിന്റെ സ്വീകാര്യത ദിനംപ്രതി വർധിക്കുന്നതായി മന്ത്രി മുഹമ്മദ്‌ റിയാസ്

കേരളത്തിൽ പൊതു വിദ്യാഭ്യാസത്തിന്റെ സ്വീകാര്യത നാൾക്കുനാൾ കൂടി വരികയാണെന്ന്  വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്‌. രാമനാട്ടുകര ഗവ. യു പി സ്കൂളിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. 

വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയിലും ഫലപ്രാപ്തിയിലും കേരളം കാണിക്കുന്ന കാര്യക്ഷമതയിലൂടെ പുതിയ കേരള മോഡലായി മാറുകയാണ്. സംസ്ഥാനത്ത് പൊതു വിദ്യാഭ്യാസത്തെ സംരക്ഷിക്കാനുള്ള കൂട്ടായ പ്രവർത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്.    

കിഫ്ബി വന്നതോടെ കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മാറ്റങ്ങളുണ്ടായി. എട്ട് മുതൽ 12 വരെയുള്ള ക്ലാസ്സുകളിൽ 45000 ക്ലാസ്സ്‌ മുറികൾ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഹൈടെക് ക്ലാസ് മുറികളാക്കി മാറ്റിയതായി മന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിൽ മാത്രമല്ല പഠനരീതിയിലും മാറ്റങ്ങൾ ഉണ്ടായി കൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസ മേഖലയിൽ സാധ്യമാകുന്നതെല്ലാം സർക്കാർ ചെയ്യുന്നുണ്ട്. ബേപ്പൂർ നിയോജക മണ്ഡലത്തിൽ വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ 27 കെട്ടിടങ്ങൾക്കായി 100 കോടി രൂപയാണ് ഈ രണ്ടര വർഷത്തിനിടയിൽ വകയിരുത്തിയതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാർ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. 

രാമനാട്ടുകര നഗരസഭ ഡെപ്യൂട്ടി ചെയർമാൻ കെ സുരേഷ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എൻ ഷൈജ റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ സഫ റഫീഖ്, ഫറോക്ക് എ.ഇ.ഒ കുഞ്ഞിമൊയ്തീൻകുട്ടി, ബി.പി.സി പ്രമോദ്, പൂർവ്വവിദ്യാർത്ഥി സംഘടന പ്രതിനിധി വിജയൻ കോതേരി,  എം.പി.ടി.എ പ്രതിനിധി പി പി അഞ്ജു, സ്‌കൂൾ ലീഡർ ആദി ദേവ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ കെ ജയ്‌സൽ സ്വാഗതവും പി.ടി.എ പ്രസിഡൻ്റ് എം സമീഷ് നന്ദിയും പറഞ്ഞു.

date