Skip to main content

കോഴിക്കോട് മെ‍ഡിക്കൽ കോളജിലെ മലിനജലം ഇനി പാഴാവില്ല

 

മലിനജല സംസ്കരണ പ്ലാന്റ് ചൊവ്വാഴ്ച മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും 

കോഴിക്കോട് മെ‍ഡിക്കൽ കോളജ് ആശുപത്രിയിലെ മലിനജലം ഇനി പാഴാവില്ല. കോഴിക്കോട് കോർപ്പറേഷൻ അമൃത് പദ്ധതിയിൽ  നടപ്പാക്കുന്ന മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒ​രു ദ​ശ​ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള പ്ലാ​ന്റ് പ്ര​വ​ർ​ത്ത​ന സജ്ജമായി. ഉദ്ഘാടനം നാളെ (ഫെബ്രുവരി 27)  രാവിലെ 10 ന് തദ്ദേശ സ്വയം ഭരണ എക്സൈസ് മന്ത്രി എം ബി രാജേഷ് നിർവഹിക്കും.

നേഴ്സിങ് കോളേജിന് സമീപം പ്രവർത്തനസജ്ജമാകുന്ന പ്ലാന്റിൽ ഡെന്റൽ കോളേജ്, നേഴ്സിങ് കോളേജ്, പേ വാർഡ്, നേഴ്സിങ് ഹോസ്റ്റൽ, ലെക്ചർ കോംപ്ലക്സ് എന്നിവ ഉൾപ്പെടുന്ന കെട്ടിടങ്ങളിലെ ശുചിമുറി മാലിന്യമാണ് സംസ്ക്കരിക്കുക. ഇതിനായി 900 മീറ്ററോളം പൈപ്പ്‌ലൈൻ സ്ഥാപിച്ചിട്ടുണ്ട്.

ഇലക്ട്രോലിറ്റിക്‌ ടെക്നോളജി ഉപയോഗിച്ച് ദ്രവമാലിന്യം സംസ്കരിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. മാലിന്യത്തിന്റെ അളവിലുള്ള മാറ്റങ്ങൾ ഉൾക്കൊണ്ട് തന്നെ മാലിന്യ സംസ്കരണം ഉറപ്പുവരുത്തുന്ന സാങ്കേതിക വിദ്യകളിൽ ഒന്നാണ് ഇലക്ട്രോലിറ്റിക് പ്രോസസ്സ്. അതിനാൽ മാലിന്യ ലഭ്യത അനുസരിച്ച് പ്ലാന്റിന്റെ പ്രവർത്തനം ക്രമീകരിക്കാൻ സാധിക്കും. ഇതിലേക്കായി 12  റിയാക്ടറുകളിൽ ആവശ്യമുള്ളവ മാത്രം പ്രവർത്തിപ്പിക്കാൻ കഴിയുന്ന രീതിയിലാണ് പ്ലാന്റ് നിർമ്മിച്ചത്.

ഇലക്ട്രോലിറ്റിക്‌  പ്രക്രിയ വഴി മാലിന്യം സംസ്കരിച്ച ശേഷമുള്ള ശുചീകരിച്ച ജലം കനോലി കനാലിലേക്ക്  ഒഴുകുന്ന തരത്തിലാണ് നിലവിൽ  ക്രമീകരിച്ചത്. കൂടാതെ ഭാവിയിൽ ട്രീറ്റ് ചെയ്ത വെള്ളം മെഡിക്കൽ കോളേജിലെ ശുചിമുറികളിലെ ഫ്ലെഷിങിനും മറ്റും ഉപയോഗപ്പെടുത്താൻ സാധിക്കും.

14.12 കോ​ടി രൂ​പ​ ചെ​ലവ​ഴിച്ച പ​ദ്ധ​തി​യിൽ 2.1 ദ​ശ​ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള ദ്ര​വ​മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്റി​ന്റെ നി​ർ​മ്മാണം നേരത്തെ പൂ​ർ​ത്തി​യാ​യ​താണ്. 

പ്ലാന്റിന്റെ നിർമാണം, ഇൻസ്റ്റാലേഷൻ, ടെസ്റ്റിങ്, കമ്മീഷനിങ് എന്നിവയ്ക്ക് പുറമേ അഞ്ച് വർഷത്തേക്കുള്ള ഓപ്പറേഷൻ ആന്റ് മെയ്ന്റനൻസ് പ്രവർത്തി കൂടി നിലവിലെ കരാർ കമ്പനിയായ ഗ്രീൻ ഇക്കോ വാട്ടർ സിസ്റ്റംസ്, എൽ.സി.ജി.സി എൻവയോൺമെന്റൽ എഞ്ചിനിയറിംഗ് കമ്പനികൾ ചേർന്ന് നിർവഹിക്കും.

മാലിന്യ സംസ്ക്കരണ പ്ലാൻ്റ് പ്രവർത്തനസജ്ജമാകുന്നതോടെ മെഡിക്കൽ കോളേജിനെയും സമീപവാസികളുടെയും മലിനജലപ്രശ്നത്തിന് ശാശ്വത പരിഹാരമാവുമെന്ന് കോർപ്പറേഷൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഡോ. എസ് ജയശ്രീ പറഞ്ഞു.

ഉദ്ഘാടന പരിപാടിയിൽ മേയർ ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, വീണ ജോർജ്ജ്, എളമരം കരീം എംപി, എം കെ രാഘവൻ എംപി, എംഎൽഎ മാരായ അഹമ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ എന്നിവർ പങ്കെടുക്കും.

date