Skip to main content

അടിസ്ഥാന സൗകര്യങ്ങളിൽ കുതിപ്പ് തുടർന്ന് പൊതു വിദ്യാലയങ്ങൾ ജില്ലയിൽ രണ്ട് സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 13 കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു

പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്ന വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ നിർമാണം പൂർത്തീകരിച്ച രണ്ട് കെട്ടിടങ്ങളുടെ ഉദ്ഘാടനവും 13 കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. സംസ്ഥാനത്ത് മൊത്തം 68 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 കെട്ടിടങ്ങളുടെ ശിലാസ്ഥാപനവുമാണ് മുഖ്യമന്ത്രി നിർവഹിച്ചത്. പൊന്നാനി മണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് പാലപ്പെട്ടി, ഏറനാട് മണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് വെറ്റിലപ്പാറ എന്നിവയാണ് ഉദ്ഘാടനം ചെയ്ത സ്‌കൂൾ കെട്ടിടങ്ങൾ.

 

നവകേരള കർമ്മ പദ്ധതി രണ്ടിന്റെ ഭാഗമായി വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കിഫ്ബി, നബാർഡ്, പ്ലാൻ ഫണ്ട് എന്നിവ ഉൾപ്പടെ കെട്ടിടങ്ങൾക്ക് തുക അനുവദിച്ചത്. പൊന്നാനി മണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് പാലപ്പെട്ടിയിൽ ഒരു കോടി രൂപ ഉപയോഗിച്ച് മൂന്ന് നിലകളിലായി രണ്ട് ക്ലാസ് മുറികളും ലാബ്, ലൈബ്രറി, ഹാൾ എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഏറനാട് മണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് വെറ്റിലപ്പാറയിൽ രണ്ടു കോടി നബാഡ് ഫണ്ട് ഉപയോഗിച്ചാണ് മൂന്ന് നിലകളിലായി ഒമ്പത് ക്ലാസ് മുറികളുള്ള കെട്ടിടം നിർമ്മിച്ചത്.

 

ഇതോടൊപ്പം കിഫ്ബി ഫണ്ടുപയോഗിച്ച് 13 പുതിയ കെട്ടിടങ്ങളുടെ ശിലാസ്ഥാപനങ്ങളുമാണ് നടന്നത്. തിരൂർ മണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് ആതവനാട്, ജി.വി.എച്ച്.എസ്.എസ് പറവണ്ണ, താനൂർ മണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് നിറമരുതൂർ, ജി.എച്ച്.എസ് മീനടത്തൂർ, തിരൂരങ്ങാടി മണ്ഡലത്തിലെ ജി.യു.പി.എസ് ക്ലാരി, വള്ളിക്കുന്ന് മണ്ഡലത്തിലെ ജി.എം.യു.പി.എസ് പാറക്കടവ്, കൊണ്ടോട്ടി മണ്ഡലത്തിലെ ജി.വി.എച്ച്.എസ് ഓമാനൂർ, മലപ്പുറം മണ്ഡലത്തിലെ ജി.ബി.എച്ച്.എസ്.എസ് മലപ്പുറം, ജി.വി.എച്ച്.എസ്.എസ് പുല്ലാനൂർ, താനൂർ മണ്ഡലത്തിൽ ജി.യു.പി.എസ് കരിങ്കപ്പാറ, വള്ളിക്കുന്ന് മണ്ഡലത്തിൽ ജി.എൽ.പി.എസ് സി.യു ക്യാമ്പസ്, ജി.എൽ.പി.എസ് പറമ്പിൽപീടിക, വണ്ടൂർ മണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് പോരൂർ എന്നീ സ്‌കൂൾ കെട്ടിടങ്ങളുടെ ശിലാ സ്ഥാപനങ്ങളുമാണ് മുഖ്യമന്ത്രി നിർവഹിച്ചത്. 

 

 

ഓൺലൈൻ ഉദ്ഘാടനത്തിന്റെ ഭാഗമായി പാലപ്പെട്ടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ പി.നന്ദകുമാർ എം എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. 

പൊതുവിദ്യാഭ്യാസ യജ്ഞം വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അറുപത് ലക്ഷം വകയിരുത്തി ജി.എഫ്. യു.പി.എസിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനവും എം.എൽ.എ നിർവ്വഹിച്ചു.

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു അധ്യക്ഷയായി. വിദ്യാകിരണം കോർഡിനേറ്റർ

സുരേഷ് കൊളശ്ശേരി പദ്ധതി വിശദീകരണം നടത്തി.

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ,ജില്ലാ പഞ്ചായത്ത് അംഗം എ.കെ സുബൈർ, വാർഡ് അംഗം സൗദ അബ്ദുള്ള, ബി.പി.സി ഡോ. ഹരിയാനന്ദകുമാർ, പൊന്നാനി എ.ഇ. ഷോജ, ഹയർ സെക്കൻഡറി പ്രിൻസിപ്പൾ എസ്.ആർ ഉണ്ണികൃഷ്ണൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു

 

ഗവ.ഹൈസ്ക്കൂൾ വെറ്റിലപ്പാറയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.എം കരീം ശിലാഫലകം അനാച്ഛാദനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2 കോടി ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. പി.ടി.എ പ്രസിഡന്റ് ഉസ്മാൻ പാറക്കൽ ആമുഖ പ്രഭാഷണം നടത്തി. ഊർങ്ങാട്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.ജിഷ , സ്കൂൾ പ്രിൻസിപ്പൽ ലൗലി ജോൺ സ്വാഗതം പറഞ്ഞു.

 

കരിങ്കപ്പാറ ഗവ. യു.പി സ്കൂളിൽ പുതുതായി നിർമ്മിക്കുന്ന 

കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻ്റെ ഭാഗമായി കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 1കോടി 25 ലക്ഷം രൂപ ചിലവിലാണ് സ്കൂളിന് വേണ്ടി പുതിയ കെട്ടിടം നിർമ്മിക്കുന്നത്.

ചടങ്ങിൽ ഒഴൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്കർ കോറാട് സ്വാഗതം പറഞ്ഞു. ഒഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സജ്ന പാലേരി അധ്യക്ഷത വഹിച്ചു. 

ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ പി രമേഷ്കുമാർ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബാവു തറമ്മൽ, വി കെ ജലീൽ, പഞ്ചായത്തംഗം നോവൽ മുഹമ്മദ്, എ.ഇ.ഒ പി.വി ശ്രീജ, പി.എം അനിൽ, എൻ ജാബിർ, സ്മിത തുടങ്ങിയവർ സംസാരിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അഷ്കർ കോറാട് സ്വാഗതവും ഹെഡ്മാസ്റ്റർ വി പി അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.

 

 മീനടത്തൂർ ഗവ. ഹൈസ്കൂളിൽ പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിച്ചു. കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 3 കോടി 90ലക്ഷം രൂപ ചിലവിലാണ് സ്കൂളിന് വേണ്ടി പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ചടങ്ങിൽ താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മല്ലിക ടീച്ചർ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി രമേഷ് കുമാർ, വാർഡ് മെമ്പർ കെ. നുസ്റത്ത് ബാനു, പി.ടി.എ പ്രസിഡൻ്റ് കെ.പി ശിഹാബ് എന്നിവർ പങ്കെടുത്തു. പ്രധാനധ്യാപിക രോഹിണി ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം നൗഷാദ് നന്ദിയും പറഞ്ഞു.

 

 

ഓമാനൂർ വൊക്കേഷണൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കിഫ്ബി ഫണ്ട് മൂന്നു കോടി 36 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ടി.വി ഇബ്രാഹിം എം.എൽ.എ നിർവഹിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ ചീക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഇളങ്കയിൽ മുംതാസ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ഷെരീഫ ടീച്ചർ, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സി ഗഫൂർ ഹാജി,

പി.ടി.എ പ്രസിഡന്റ് അഡ്വ. പി.കെ ശിഹാബുദ്ദീൻ, പ്രിൻസിപ്പൽ പി.കെ സുനിത, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ അനീഷ വർഗീസ്, എച്ച്.എം പി.ലത ജനപ്രതിനിധികൾ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

 

മലപ്പുറം ജി.ബി.എച്ച്.എസ്.എസില്‍ നടന്ന ശിലാസ്ഥാപനം പി. ഉബൈദുല്ല എം.എല്‍.എ നിര്‍വഹിച്ചു. മൂന്നു കോടി 90 ലക്ഷം രൂപ ചെലവിലാണ് സ്കൂളിൽ കെട്ടിടം നിർമിക്കുന്നത്. പരിപാടിയിൽ മലപ്പുറം നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ പി.കെ അബ്ദുൽ ഹക്കീം അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ പി. കൃഷ്ണദാസ് സ്വാഗതം പറഞ്ഞു. ഹയർ സെക്കൻഡറി മലപ്പുറം ആർ.ഡി.ഡി ഡോ. പി.എം അനിൽ പദ്ധതി വിശദീകരണം നടത്തി. നഗരസഭാ പ്രതിപക്ഷ നേതാവ് ഒ. സഹദേവൻ, വാർഡ് കൗൺസിലർ സി. സുരേഷ് മാസ്റ്റർ, എച്ച്.എസ്.എസ് ഉപജില്ലാ കോർഡിനേറ്റർ വി.പി ഷാജു, മലപ്പുറം എ.ഇ.ഒ ജോസ്മി ജോസഫ്, മലപ്പുറം ബി.പി.സി പി. മുഹമ്മദലി, പി.ടി.എ പ്രസിഡന്റ് അബ്ദുല്‍ ബഷീര്‍ പാലേങ്ങര, എസ്.എം.സി ചെയർമാൻ അൻവർ കൊന്നോല, പി.കെ ബാവ, അഡ്വ. മുസ്തഫ കൂത്രാടൻ, ഹയർ സെക്കൻഡറി സ്റ്റാഫ്‌ സെക്രട്ടറി എൽ. ഉഷ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകന്‍ ടി.മുഹമ്മദ് അഷ്‌റഫ് നന്ദി പറഞ്ഞു.

 

പറവണ്ണ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ 3.90 കോടി കിഫ്ബിയുടെ ധനസഹായത്തോടെ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം കുറുക്കോളി മൊയ്തീൻ എം.എൽ.എ അനാച്ഛാദനം ചെയ്തു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. യു. സൈനുദ്ധീൻ അധ്യക്ഷത വഹിച്ച സ്കൂൾ തല പരിപാടിയിൽ ജില്ലാ പഞ്ചായത്തംഗം ഇ. അഫ്സൽ, വെട്ടം പഞ്ചായത്ത് പ്രസിഡൻ്റ് നൗഷാദ് നെല്ലാഞ്ചേരി, വൈസ് പ്രസിഡൻ്റ് രജനി മുല്ലയിൽ, മറ്റ് സ്ഥിരം സമിതി അധ്യക്ഷന്മാർ, ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു.

 

ആതവനാട് ഗവ. ഹയര്‍ സെക്കന്ററി സകൂളില്‍ 3.90 കോടി രൂപയുടെ കിഫ്ബി ഫണ്ടുപയോഗിച്ചാണ് പുതിയ കെട്ടിടത്തിന്റ നിര്‍മ്മാണം. സ്‌കൂള്‍ തലത്തില്‍ നടന്ന പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി ഹാരിസ് ശിലാസ്ഥാപനം നടത്തി. വാർഡ് അംഗങ്ങളായ പി.ടി ഫൗസിയ, മുസ്തഫ മുഞ്ഞങ്ങൽ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date