Skip to main content

ജില്ലാ വികസനസമിതി യോഗം ചേർന്നു

 

  • കോടിമത നാലുവരിപ്പാത മുഖം മിനുക്കാനൊരുങ്ങുന്നു

കോട്ടയം: വരുന്ന പൊതുതെരഞ്ഞെടുപ്പിൽ ജില്ലയിലെ ജനങ്ങളുടെ കൂടുതൽ പ്രാതിനിധ്യം ഉണ്ടാകുന്നതിനായി മുഴുവൻ ഉദ്യോഗസ്ഥരുടേയും സഹകരണം ഉണ്ടാകണമെന്ന് ജില്ലാ വികസനസമിതി യോഗത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ടു ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അഭ്യർഥിച്ചു. സ്‌കൂൾ, അംഗൻവാടി കുട്ടികൾ, എസ്.സി/എസ്.ടി. പ്രൊമോട്ടർമാർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവരെയും തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി സ്വീപിൽ ഉൾപ്പെടുത്തി വിപുലമായ പ്രചാരണം നടത്തുമെന്നും ജില്ലയിൽ വോട്ടിംഗ് ശതമാനം ഉയർത്തുന്നതിന് എല്ലാവരുടേയും പിന്തുണയുണ്ടാകണമെന്നും ജില്ലാ കളക്ടർ അഭ്യർഥിച്ചു.
 രാത്രി 8.40നുള്ള പൊൻകുന്നം-പാലാ കെ.എസ്.ആർ.ടി.സി. സർവീസ് കൃത്യത പാലിക്കുന്നില്ലെന്നും ഭൂരിപക്ഷവും സ്ത്രീകൾ അടങ്ങുന്ന സ്ഥിരം യാത്രക്കാർ ആശ്രയിക്കുന്ന ലാഭകരമായ സർവീസ് മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കണമെന്നും സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് യോഗത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്നു കെ.എസ്.ആർ.ടി.സി. അധികൃതർ യോഗത്തെ അറിയിച്ചു. കോട്ടയത്തുനിന്ന് രാത്രി കാലങ്ങളിൽ കുളത്തൂർമൂഴി ഭാഗത്തേക്കു സർവീസ് നടത്തിയിരുന്ന സ്വകാര്യബസ് കോവിഡിനുശേഷം സർവീസ് നടത്തിയിട്ടില്ലെന്നും പെർമിറ്റുള്ള ബസ് സർവീസ് നടത്താത്തതിൽ ആർ.ടി.ഒ. ഇടപെട്ടു പ്രശ്‌നപരിഹാരം തേടണമെന്നും ജനുവരിയിലെ ജില്ലാ വികസന സമിതി യോഗത്തിൽ ചീഫ് വിപ്പ് ആവശ്യപ്പെട്ടിരുന്നു. മാർച്ച് ഒന്നുമുതൽ സർവീസ് പുനരാരംഭിക്കാൻ സ്വകാര്യബസ് ഉടമ സജ്ജമാണെന്ന് ആർ.ടി.ഒ. അധികൃതർ ജില്ലാവികസന സമിതി യോഗത്തെ അറിയിച്ചു.  ചെരട്ടപ്പാറ-ചെറുതോണി പാലം, ചെറുവള്ളി പാലം എന്നിവയുടെ നിർമാണ പ്രവർത്തികളുടെ കരാർ നടപടികൾ പൂർത്തിയായതായും യോഗം ചീഫ് വിപ്പിനെ അറിയിച്ചു.
 സ്വകാര്യ ഏജൻസികളുടെ സഹായത്തോടെ കോടിമതയിലെ നാലുവരിപ്പാതയിൽ സൗന്ദര്യവൽക്കരണം നടപ്പാക്കുന്നതിന് ജില്ലാ വികസന സമിതി തീരുമാനമെടുക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ആവശ്യപ്പെട്ടു. രണ്ടു സ്ഥാപനങ്ങൾ സ്‌പോൺസർഷിപ്പുമായി മുന്നോട്ടുവന്നിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മോർത്തിന്റെ എൻ.ഒ.സി. ആവശ്യപ്പെട്ടിട്ടുണ്ടെന്നും റോഡ് ടാറിങ്ങിനൊപ്പം സൗന്ദര്യവൽക്കരണവും നടത്താനാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു ദേശീയപാതാ വിഭാഗം അറിയിച്ചു. പുളിമൂട് ജങ്ഷൻ തിരുവാതിൽക്കൽ കവല റോഡിന്റെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായും യോഗം എം.എൽ.എയെ അറിയിച്ചു.
 ചങ്ങനാശേരി  ഗവ. ഹയർ സെക്കഡറി സ്‌കൂളിനു പുതിയ കെട്ടിടം പണിയുന്നതിനായി നിലവിലുള്ള കെട്ടിടം പൊളിച്ചു മാറ്റുന്നതിനുള്ള സർവേ റിപ്പോർട്ടിന് നഗരസഭാ കൗൺസിലിന്റെ അനുമതി അടിയന്തരമായി ലഭ്യമാക്കമെന്ന് അഡ്വ. ജോബ് മൈക്കിൾ എംഎൽഎ ആവശ്യപ്പെട്ടു. എം.സി. റോഡിലെ കുഴികൾ മൂടുന്നതും, സീബ്രാലൈൻ വരയ്ക്കുന്നതും വാഴപ്പള്ളി സ്‌കൂളിനു മുന്നിലെ കുഴികൾ മൂടുന്നതുമായും ബന്ധപ്പെട്ടു എം.എൽ.എ. ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങൾക്കു ഉടൻ തന്നെ പരിഹാരം കാണുമെന്നും കരാർ വച്ചാലുടൻ അറ്റകുറ്റപണികൾ ആരംഭിക്കുമെന്നു ദേശീയപാതാ വിഭാഗം അറിയിച്ചു.  തെങ്ങണ കുന്നും പുറം റോഡിന്റെ ബി.സി. ഓവർലേ ചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും ജോബ് മൈക്കിൾ എം.എൽ.എ. അറിയിച്ചു.  തീക്കോയി പഞ്ചായത്തിലെ മാവടിയിൽ അപകടകരമായി നിൽക്കുന്ന പാറ നീക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ. ആവശ്യപ്പെട്ടു. എരുമേലി വിമാനത്താവളത്തിന്റെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കണം. ജില്ലയിലെ വനാതിർത്തിപ്രദേശങ്ങളിൽ വന്യമൃഗശല്യത്തെ നേരിടാൻ വേലികളും കിടങ്ങുകളും സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികളും വേഗത്തിലാക്കണമെന്ന് എം.എൽ.എ. ആവശ്യപ്പെട്ടു.

ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് മന്ദിരത്തിലെ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ സബ് കളക്ടർ ഡി. രഞ്ജിത്ത്, അഡീഷണൽ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, ജില്ലാ പ്ലാനിങ് ഓഫീസർ ലിറ്റി മാത്യു ജില്ലാതല ഉദ്യോഗസ്ർ എന്നിവരും പങ്കെടുത്തു.  

 

date