Skip to main content

ഗ്രന്ഥശാലകൾക്ക് പുസ്തകോപഹാരവുമായി കോഴിക്കോട് ബ്ലോക്ക്‌ പഞ്ചായത്ത്‌

മണ്മറഞ്ഞ കേരളത്തിലെ സാംസ്കാരികനായകരെ പുതുതലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്മൃതിപഥം പദ്ധതിയുമായി കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്.

സംസ്ഥാനത്ത് ആദ്യമായാണ് ബ്ലോക്ക് പഞ്ചായത്ത് ഇത്തരം ഒരു പദ്ധതി  നടപ്പാക്കുന്നത്.

പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രന്ഥശാല സംഘത്തിൻ്റെ അംഗീകാരമുള്ള മുഴുവൻ ഗ്രന്ഥാലയങ്ങൾക്കും പുസ്തകങ്ങൾ നൽകി ഗ്രന്ഥാലയങ്ങളെ ഉയർത്തികൊണ്ട് വരികയാണ്. ഇതിന്റെ ഭാഗമായി വയലാർ അവാർഡ് നേടിയ മുഴുവൻ കൃതികളും കൂടാതെ അവ സൂക്ഷിക്കാനുള്ള മനോഹരമായ അലമാരയും ഗ്രന്ഥശാലകൾക്ക് കൈമാറി കഴിഞ്ഞു. 

2023-24 വാർഷിക പദ്ധതിയിൽ രണ്ട് ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്.

കൂടാതെ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗ്രന്ഥശാലകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി നിരവധി പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. പുതിയ കെട്ടിടം, പുസ്തകങ്ങൾ സൂക്ഷിക്കുന്നതിനുള്ള ഷെൽഫുകൾ, സൗണ്ട് സിസ്റ്റം, കമ്പ്യൂട്ടർ, കസേരകൾ തുടങ്ങി ഒട്ടനവധി സൗകര്യങ്ങൾ ഒരുക്കി നൽകിയിട്ടുണ്ട്. 

ഗ്രന്ഥശാലകളുടെ വികസനത്തിൽ ത്രിതല പഞ്ചായത്തുകൾ നടത്തുന്ന ഇടപെടലിൻ്റെ ഏറ്റവും നൂതനമായ ആശയമാണ് ഈ പദ്ധതി. കഴിഞ്ഞ അര നൂറ്റാണ്ടിനിടയിൽ കേരളത്തിൻ്റെ വായനാ സമൂഹം നെഞ്ചേറ്റിയ ഒട്ടുമിക്ക കൃതികളും സ്മൃതിപഥം പദ്ധതി വഴി നൽകാൻ കഴിഞ്ഞതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ ശൈലജ ടീച്ചർ പറഞ്ഞു.

date