Skip to main content

സമം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കാസര്‍കോട് ജില്ലാ പഞ്ചായത്ത് സംസ്ഥാന സംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി 'സമം സാംസ്‌കാരികോത്സവം' മൂന്നാം പതിപ്പ്
സമം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാഹിത്യം -ബിന്ദു മരങ്ങാട്, കല - സി.പി ശുഭ, വിദ്യാഭ്യാസം -ഭാര്‍ഗവി കുട്ടി കോറോത്ത്, പൊതുപ്രവര്‍ത്തനം -എം ലക്ഷ്മി, കൃഷി - മുംതാസ് അബ്ദുല്ല, ആരോഗ്യം - ഡോ. രാജി രാജന്‍, തുളു സിനിമ -രൂപ വോര്‍ക്കാടി, വനിതാ സംരംഭക -മല്ലിക ഗോപാല്‍, പ്രവാസി സംരംഭക -നജില മുഹമ്മദ് സിയാദ്, ഭിന്നശേഷി -പി.ആര്‍.വൃന്ദ, സംഗീതം - ആര്‍.എല്‍.വി ചാരുലത എന്നിവരാണ് അവാര്‍ഡ് ജേതാക്കള്‍. ഫെബ്രുവരി 28, 29 തീയതികളില്‍ കാഞ്ഞങ്ങാട് ആലാമിപ്പള്ളിയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് സമം സാംസ്‌കാരികോത്സവം നടക്കുക.
28ന് രാവിലെ 10ന് മുന്‍ മന്ത്രി പി.കെ.ശ്രീമതി ഉദ്ഘാടന നിര്‍വ്വഹിക്കും. വജ്രോത്സവം വജ്രജൂബിലി ഫെല്ലോഷിപ്പ് കലാകാരന്‍മാര്‍ അണിയിച്ചൊരുക്കുന്ന കലാപരിപാടികള്‍, ജില്ലാ തല കൈക്കോട്ടി കളി മത്സരം, ജില്ലാ തല നാടന്‍പാട്ട് മത്സരം, ഭരണ ഘടനാ ക്വിസ്സ് മത്സരം, സ്ത്രീ സമത്വ സംവാദം, തേക്കിന്‍ കാട് ബാന്‍ഡ് ആട്ടം കലാസമിതി തൃശ്ശൂര്‍, മികച്ച പഞ്ചായത്തുകള്‍ക്കുള്ള ആദരം എന്നിവ നടക്കും.

29ന് വൈകിട്ട് അഞ്ചിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സമം അവാര്‍ഡ് ദാനം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. കാസര്‍കോട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്.എന്‍.സരിത സ്വാഗതം പറയും. സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി ജില്ലാ കോഓര്‍ഡിനേറ്റര്‍ പ്രവീണ്‍ നാരായണന്‍ പദ്ധതി വിശദീകരിക്കും. സ്വരാജ് ട്രോഫി, മഹാത്മാ പുരസ്‌കാരം തുടങ്ങിയവ ലഭിച്ച വലിയപറമ്പ്, നിലേശ്വരം ബ്ലോക്ക്, ചെറുവത്തൂര്‍, ബേഡഡുക്ക, മടിക്കൈ, പനത്തടി പഞ്ചായത്തുകള്‍ക്ക് ആദരം നല്‍കും. ജില്ലാ പഞ്ചായത്ത് സണ്‍ഡേ തിയേറ്ററിലെ കുട്ടികള്‍ക്കായി നിര്‍മ്മിക്കുന്ന 'പച്ചതെയ്യം ' സിനിമ സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തും. 11 മണി മുതല്‍ കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള ഭരണഘടന ക്വിസ്സ് മത്സരവും നടക്കും.

നജ്‌ല മുഹമ്മദ് സിയാദ്

ഹംസാക്ക് ഷെയ്ഖ് (എമിറേറ്റ്‌സ് ഗോള്‍ഡ് ഇന്റര്‍നാഷണല്‍, കാസര്‍കോട്) മകളായി ജനിച്ചു. എല്‍എല്‍ബി പഠനശേഷം ബിസിനസ് മേഖലയിലേക്ക് ചുവടുവെച്ച വനിത. അന്തര്‍ദേശിയ തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ച ഈ സംരംഭക ജ്വല്ലറി ഡിസൈനര്‍ ഡയമണ്ട് ഗ്രേഡര്‍ എന്നിവയില്‍ ഐജിഐ ദുബായില്‍ നിന്നുമാണ് പഠനം പൂര്‍ത്തിയാക്കിയത്. എമിറേറ്റ്‌സ് ഗോള്‍ഡ് ഇന്റര്‍നാഷണല്‍ ജ്വല്ലറിയുടെ സഹോദരി സ്ഥാപനമായ നജ്ല ജ്വല്ലറിയുടെ മാനേജിംഗ് ഡയറക്ടര്‍ പദവി അലങ്കരിച്ചുവരുന്ന നജ്ല മുഹമ്മദ് സിയാദിന് സമം സാംസ്‌കാരികോത്സവം 2024 സമം പുരസ്‌കാരം നല്‍കി ആദരിക്കുന്നു.

രൂപ വോര്‍ക്കാടി

മഞ്ചേശ്വരം താലൂക്കിലെ വോര്‍ക്കാടി സ്വദേശി. തുളു, കന്നഡ ഭാഷകളിലെ പ്രശസ്തയായ അഭിനേത്രി. എഴുന്നൂറിലധികം നാടകങ്ങളിലായി നാലായിരത്തിലധികം അവതരണം. ക്രിസ്റ്റഫര്‍ നീനാസ്, സുരേഷ് ഷെട്ടി, എന്‍.എസ്.ഡി ഡല്‍ഹി, വിദ്ദു ഉച്ചില്‍ രംഗയാന എന്നിവരില്‍ നിന്നും പരിശീലനം നേടുകയും തുടര്‍ന്ന് നാടകം, സിനിമ, ആല്‍ബം ഗാനങ്ങള്‍, ഷോര്‍ട്ട് ഫിലിം തുടങ്ങിയവയില്‍ തന്റെ സാന്നിധ്യം രേഖപ്പെടുത്തി. ബിര്‍സെ എന്ന തുളു ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തേക്ക് പ്രവേശിച്ചു. തുളു, കന്നഡ, ബാരി, ആര്‍ എന്നീ ഭാഷകളിലായി 55 ലധികം സിനിമകളില്‍ അഭിനയിച്ചു. രമേശ് - പ്രകാശ് സംഘടിപ്പിച്ച സാംസ്‌കാരികോത്സവത്തില്‍ നാടകരംഗത്ത് നല്‍കിയ സംഭാവനകളെ മാനിച്ച് തുളുനട ഇസിരി പട്ടം ആദരവ് ,' മാ ' എന്ന ഷോര്‍ട്ട് ഫിലിമിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാര്‍ഡ് (2017 ), റെഡ് എഫ്.എം അവതരിപ്പിച്ച ചടങ്ങില്‍ തുളു ചിത്രം ' ഈസ ' യിലെ മികച്ച സഹനടിക്കുള്ള അവാര്‍ഡ്, 2023 ലെ കോസ്റ്റ്ല്‍ വുഡ് ഫിലിം അവാര്‍ഡില്‍ തുളു ചിത്രമായ ' റുഡ് എക്കരെ ' യിലെ മികച്ച സഹനടി എന്നീ അംഗീകാരങ്ങള്‍ തേടിയെത്തിയ വനിത. കര്‍ണാടക ബാരി സാഹിത്യ അക്കാദമി അംഗവും നാടക- സിനിമ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്നതുമായ രൂപ വോര്‍ക്കാടിയ്ക്ക് സമം സാംസ്‌കാരികോത്സവം 2024 സമം പുരസ്‌കാരം നല്‍കി ആദരിക്കുന്നു.

ബിന്ദു മരങ്ങാട്

കാസര്‍കോട് ജില്ലയിലെ നീലേശ്വരം സ്വദേശി. സാമൂഹ്യപ്രവര്‍ത്തകയും ജില്ലയിലെ അറിയപ്പെടുന്ന എഴുത്തുകാരിയും. കോവിഡ് കാലത്ത് 'ഓര്‍മ്മകളുടെ നിഴലാഴങ്ങള്‍' എന്ന 12 കഥകളുടെ ഒരു സമാഹാരം പ്രസിദ്ധീകരിച്ച് തികച്ചു പ്രാദേശികമായി മാത്രം വിറ്റഴിച്ച് മുഴുവന്‍ തുകയും ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി. കൂടാതെ എന്‍ഡോസള്‍ഫാന്‍ ബാധിതനായ ഉദേശ് കുമാറിന്റെ വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കൂട് സ്വപ്നം കാണുന്ന കിളികള്‍ എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചു. തന്റെ സ്തുത്യര്‍ഹമായ സേവനത്തിന് 2010-2011 , 2014-15, 2016- 17 വര്‍ഷത്തെ ചെന്നൈയില്‍ നിന്നുള്ള ചീഫ് കൊമേഴ്‌സ്യല്‍ മാനേജരുടെ അവാര്‍ഡ്, 2013-2014, 2018 - 2019 വര്‍ഷത്തെ ഡിവിഷണല്‍ റെയില്‍വേ മാനേജറുടെ അവാര്‍ഡ്, തന്റെ സാഹിത്യപരമായ കഴിവിനെ കൂട്ടുപിടിച്ചുകൊണ്ട് സമൂഹത്തിലെ ദുരിത പ്രേരിതകര്‍ക്ക് തണലായി സമൂഹത്തിന് മാതൃകയായി മാറിയ റെയില്‍വേയില്‍ റിസര്‍വേഷന്‍ സൂപ്പര്‍വൈസര്‍ ആയി ജോലിചെയ്യുന്ന ബിന്ദു മരങ്ങാടിന് സമം പുരസ്‌കാരം നല്‍കി ആദരിക്കുന്നു.

ഡോ. രാജി രാജന്‍

എറണാകുളം കടവന്ത്ര സ്വദേശിയായ ഡോ.രാജി രാജന്‍. എറണാകുളത്തെ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റായ ഡോക്ടര്‍ രാജി രാജനെ 2022 ഓഗസ്റ്റ് അടിയന്തര വര്‍ക്കിംഗ് അറേഞ്ച്‌മെന്റിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിയമിച്ചു. 2008 സേവനത്തില്‍ പ്രവേശിച്ചു. തുടര്‍ന്ന് 2012 മുതല്‍ തുടര്‍ച്ചയായ 12 വര്‍ഷത്തെ സേവനം നടത്തിവരുന്നു. സ്‌പെഷാലിറ്റി കോഡര്‍, തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസ്, എം.ഡി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് തഞ്ചാവൂര്‍, ഡി.എം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെ അഭിനന്ദന അവാര്‍ഡ്, അഭിനന്ദ അവാര്‍ഡ്, ജില്ലാ പഞ്ചായത്തിന്റെ പ്രശംസ പുരസ്‌കാരം എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. 2023 ജനുവരി മുതല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ കാത് ലാബ് എമര്‍ജന്‍സി, ആന്‍ജിയോ പ്ലാസ്റ്റികള്‍, ഇലക്ടീവ് ആന്റിയോഗ്രാം, ഇലക്ട്ര കാര്‍ഡിയാക് ഡിവൈസ് ഇംപ്ലാന്റേഷന്‍, പെരിഫറല്‍ ആന്‍ജിയോഗ്രാം എന്നീ മേഖലയില്‍ ആത്മാര്‍ത്ഥ സേവനമനുഷ്ഠിച്ചുവരുന്ന ഡോക്ടര്‍ രാജി രാജന് സമം സാംസ്‌കാരിക ഉത്സവം 20024 സമം അവാര്‍ഡ് നല്‍കി ആദരിക്കുന്നു.

എം ലക്ഷ്മി

കാസര്‍കോട് ജില്ലയിലെ മാങ്ങാട് സ്വദേശി. 1995-2000 വരെ ഗ്രാമപഞ്ചായത്ത് മെമ്പര്‍, തുടര്‍ന്ന് 2000 മുതല്‍ 2005 വരെ ഉദുമ പഞ്ചായത്തിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍. 2005 മുതല്‍ 2010 വരെ ജനറല്‍ വിഭാഗത്തില്‍ ഉദുമ പഞ്ചായത്തിലെ പ്രസിഡണ്ട്. 2006 മുതല്‍ 2010 വര്‍ഷത്തിലെ സംസ്ഥാന കുടുംബശ്രീ ഗവണിങ് ബോര്‍ഡ് മെമ്പര്‍. 2011 വര്‍ഷം ശിശുക്ഷേമ സമിതിയുടെ ജില്ലാ ട്രഷറര്‍. ഉദുമ വനിതാ ബാങ്കിന്റെ സ്ഥാപക പ്രസിഡണ്ട്. ഹെര്‍ബല്‍ ബാങ്കിന്റെ ഡയറക്ടര്‍. 2009-2010 വര്‍ഷത്തില്‍ ഉദുമ പഞ്ചായത്തില്‍ ജില്ലയിലെ സ്വരാജ് ട്രോഫി ലഭിച്ചു. 2020 മുതല്‍ നിലവിലെ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചുവരുന്ന എം. ലക്ഷ്മിക്ക് സമം പുരസ്‌കാരം നല്‍കി ആദരിക്കുന്നു.

മുംതാസ് അബ്ദുല്ല കുഞ്ഞി

കാസര്‍കോട് ജില്ലയിലെ ഉദുമ സ്വദേശി. മലബാര്‍ മേഖലയിലെ മികച്ച ക്ഷീര കര്‍ഷകക്കുള്ള പുരസ്‌കാരം നേടിയ വനിത. 2021-2022 കാഞ്ഞങ്ങാട് ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന കര്‍ഷക, 2021- 2022 ക്ഷീര വികസന വകുപ്പ് കാസര്‍കോട് ജില്ലയിലെ മികച്ച ക്ഷീരകര്‍ഷക, 2022-2023 വര്‍ഷത്തെ ജില്ലയിലെ മികച്ച ക്ഷീരകര്‍ഷക 2022-2023 ക്ഷീരകര്‍ഷക ക്ഷേമനിധി അവാര്‍ഡ് , 2022- 2023 വര്‍ഷത്തെ ജില്ല ക്ഷീര സഹകാരി അവാര്‍ഡ്, 2023- 2024 കാഞ്ഞങ്ങാട് ബ്ലോക്കിലെ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന ക്ഷീരകര്‍ഷക, 2023- 2024 സംസ്ഥാന ജില്ലാ ക്ഷീര സഹകാരി വനിത അവാര്‍ഡ് 2024 പടവ് എന്നീ അവാര്‍ഡുകള്‍ തേടിയെത്തി . മലബാര്‍ മേഖലയിലെയും ജില്ലയിലെയും മികച്ച ക്ഷീര കര്‍ഷകയായ മുംതാസ് അബ്ദുല്ല കുഞ്ഞിക്ക് സമം സാംസ്‌കാരികോത്സവം 2024 സമം പുരസ്‌കാരം നല്‍കി ആദരിക്കുന്നു.

ഭാര്‍ഗവി കുട്ടി കോറോത്ത്

കാസര്‍കോട് ജില്ലയിലെ പെരുമ്പള സ്വദേശി. ജില്ലാ ജോയിന്റ് സെക്രട്ടറി, ജില്ലാ ഓര്‍ഗനൈസിങ് കമ്മീഷണര്‍, ജില്ലാ കമ്മീഷണര്‍, സംസ്ഥാന അസിസ്റ്റന്റ് കമ്മീഷണര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്. 1995 ല്‍ എ.എസ്സ്.ബി.എസ്സ് ഇച്ചിലമ്പാടിയില്‍ ഗൈഡ് ക്യാപ്റ്റന്‍ ആയി. ജില്ലാ സംസ്ഥാന ദേശീയ തല പരിപാടികളില്‍ പങ്കാളിത്തം. ജില്ലയില്‍ പാവപ്പെട്ട കുട്ടികള്‍ക്ക് നിര്‍മ്മിച്ച നാല് സ്‌നേഹ ഭവനം പൂര്‍ത്തീകരിച്ചപ്പോള്‍ ജനറല്‍ കണ്‍വീനര്‍ ആയിരുന്നു. കുടുംബശ്രീ സംരംഭമായ അന്നപൂര്‍ണ്ണ കാറ്ററിംഗ് യൂണിറ്റിന് നേതൃത്വം നല്‍കി കൊണ്ട് പത്തോളം പേര്‍ക്ക് തൊഴില്‍ അവസരം ഒരുക്കി. സര്‍വ്വീസില്‍ ഇരിക്കുമ്പോള്‍ പ്രവൃത്തി പരിചയ ക്ലബ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, സംസ്ഥാന സെക്രട്ടറി തുടങ്ങിയ ഔദ്യോഗിക ചുമതലകള്‍ നിറവേറ്റിയിട്ടുണ്ട്. ഹിമാലയവുഡ് ബാഡ്ജ്, അന്തര്‍ദേശീയ ഗൈഡ് അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. കഴിഞ്ഞ മുപ്പതു വര്‍ഷമായി സ്‌കൗട്ട് ആന്‍ഡ് ഗൈഡ് പ്രസ്ഥാനത്തില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന ഭാര്‍ഗവികുട്ടിക്ക് സമം പുരസ്‌കാരം നല്‍കി ആദരിക്കുന്നു.

മല്ലിക ഗോപാല്‍

കോട്ടിക്കുളം സ്വദേശി. ജീവിത പ്രതിസന്ധികളെ സധൈര്യം നേരിട്ടുകൊണ്ട് ജില്ലയിലെ ഏക വനിതാ ഹോട്ടല്‍ സംരംഭകയായി ശ്രദ്ധയാര്‍ജിച്ചു. ഹൃദയസംബന്ധമായും കിഡ്‌നി അസുഖത്തിലും കഷ്ടപ്പെടുന്നവര്‍ക്കും പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കിയും സ്വന്തം പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഭക്ഷണസാധനങ്ങള്‍ നല്‍കിയും സമൂഹത്തിലെ ദുരിതപ്രേരിതര്‍ക്ക് കൈത്താങ്ങ് നല്‍കിയ വ്യക്തിത്വം. ജില്ലയിലെ ഏക വനിതാ സ്റ്റാര്‍ ഹോട്ടല്‍ സംരംഭക എന്ന നിലയിലുള്ള വ്യാപാര വ്യവസായ ഏകോപന സമിതിയുടെ ഉപഹാരം, ബേക്കല്‍ ടൂറിസം ഫ്രറ്റേര്‍ണിറ്റിയം വനിതാ ടൂറിസം സംരംഭക അവാര്‍ഡ്, ജനമൈത്രി പോലീസിന്റെ ഉപഹാരം എന്നീ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി. ഉദുമ പാലക്കുന്നിലെ ഹോട്ടല്‍ ബേക്കല്‍ പാലസ് എന്ന സ്ഥാപനത്തിന്റെ സാരഥ്യം ഏറ്റെടുത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.

ആര്‍ എല്‍ വി ചാരുലത

കിനാനൂര്‍ പഞ്ചായത്തിലെ ചോയ്യകോട് സ്വദേശി. തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജില്‍ നിന്നും ഭരതനാട്യത്തില്‍ എം.എ പഠനം മലയാള സിനിമയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ഗായിക. നാട്യധര്‍മിയെന്ന പേരില്‍ നൃത്ത വിദ്യാലയം നടത്തി വരുന്നു. കേരളത്തിനകത്തും പുറത്തും നിരവധി വേദികളില്‍ നൃത്തം അവതരിപ്പിച്ചു വരുന്ന ചാരുലത കലാഭവന്‍ മണിയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ നിറവ് 2024 പുരസ്‌കാര ജേതാവുകൂടിയാണ്.

സി.പി . ശുഭ

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള അന്നൂര്‍ സ്വദേശി. ദുര്‍ഗ്ഗാഹയര്‍ സെക്കന്ററി സ്‌കൂളില്‍ യു.പി വിഭാഗം അധ്യാപിക. 31 വര്‍ഷ അധ്യാപനം പൂര്‍ത്തിയാക്കുന്നതിനിടയില്‍ തന്റേതായ കൈയ്യൊപ്പുകള്‍ രേഖപ്പെടുത്തി. അത്രവിശാലമല്ല കിണര്‍, ഖലൂരിക, വാക്ക് വീണ് മരണപ്പെട്ടവര്‍ എന്നീ കവിതാസമാഹാരം. 'ഹൃദയത്തിലേക്കൊരു ചക്രം 'എന്ന ശബ്ദനാടകത്തിലും ' ന്നാ താന്‍ കേസ്‌കൊട്, സര്‍ക്കാസ്, ഡിജിറ്റല്‍ വില്ലേജ്, പൊറാട്ട് നാടകം, ഒരു ഭാരത് സര്‍ക്കാര്‍ ഉല്‍പന്നം, എ.ഐ മോണിക്ക, ഒരു ജാതി ജാതകം, അന്‍പോട് കണ്‍മണി 'എന്നീ സിനിമകളിലും അഭിനയിച്ചു.
ലോക മലയാള ശബ്ദനാടകോത്സവത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.

പി.ആര്‍ വൃന്ദ

മടിക്കൈ സ്വദേശി. കാഴ്ച നഷ്ടപ്പെടുവെങ്കിലും കലാമേഖലയില്‍ തന്റെ കഴിവിനെ ഉയര്‍ത്തിക്കാട്ടുന്ന പാട്ടുകാരി. വളരെ ചെറുപ്പത്തില്‍ തന്നെ കഴിവിനെ തിരിച്ചറിഞ്ഞ് ശാസ്ത്രീയമായി സംഗീതം അഭ്യസിച്ച് സംസ്ഥാന കലോത്സവത്തില്‍ ശാസ്ത്രീയ സംഗീതത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൂടാതെ കഥാപ്രസംഗത്തിലും സംസ്ഥാന കലോത്സവത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കേരള നിയമസഭ ലൈബ്രറിയുടെയും ആസാദി ക അമൃത് മഹോത്സവത്തിന്റെയും കവിതാലാപനം, ദേശഭക്തിഗാനത്തിലും സമ്മാനം നേടിയെടുത്തു. ടെലിവിഷന്‍ സംപ്രേക്ഷണ പരിപാടികളായ ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവം, അമൃത ചാനലിലെ കോമഡി മാസ്റ്റേഴ്‌സ് എന്നീ പരിപാടികളില്‍ പങ്കെടുത്തുകൊണ്ട് തന്റെ സാന്നിധ്യം രേഖപ്പെടുത്തി. സംഗീതത്തിനുപുറമേ പഠനത്തിലും വിജയം കരസ്ഥമാക്കികൊണ്ട് കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ ബി.എ ഹിസ്റ്ററി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ പി.ആര്‍ വൃന്ദയെ സമം നല്‍കി ആദരിക്കുന്നു.

 

date