Skip to main content

വ്യവസായ വാണിജ്യ നിക്ഷേപക സംഗമം മാര്‍ച്ച് 2ന്: സംഘാടക സമിതിയായി

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വ്യവസായ വാണിജ്യ നിക്ഷേപക സംഗമം മാര്‍ച്ച് രണ്ടിന് മയ്യില്‍ സാറ്റ്‌കോസ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9.30ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. എം വി ഗോവിന്ദന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. എം എല്‍ എമാരായ കെ കെ ശൈലജ, കെ പി മോഹനന്‍, ടി ഐ മധു സൂദനന്‍, സണ്ണി ജോസഫ്, സജീവ് ജോസഫ്, കെ വി സുമേഷ്, എം വിജിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ എന്നിവര്‍ പങ്കെടുക്കും. വ്യവസായ വകുപ്പിന്റെ ഉത്തരവാദിത്ത സംരംഭക പദ്ധതിയുടെ ഭാഗമായാണ് സംഗമം നടത്തുന്നത്.
സംരംഭക സംഗമവും അനുബന്ധ പരിപാടികളും വിപുലമായി നടത്തുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. എം വി ഗോവിന്ദന്‍ എം എല്‍ എ രക്ഷാധികാരിയായും ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റോബര്‍ട്ട് ജോര്‍ജ് ചെയര്‍മാനായും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എ എസ് ഷിറാസ് ജനറല്‍ കണ്‍വീനറുമായുള്ള 51 അംഗ സംഘാടകസമിതിക്കാണ് രൂപം നല്‍കിയത്. മയ്യില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം വി അജിത, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഒ എസ് ലിസി എന്നിവരെ വൈസ് ചെയര്‍മാന്മാരായും തെരഞ്ഞെടുത്തു. സംഗമത്തോടനുബന്ധിച്ച്  മാര്‍ച്ച് ഒന്നിന് വിളംബരജാഥ നടക്കും.

 

date