Skip to main content
ആലുവ സർവ്വമത സമ്മേളനം ലോകത്തിലെ തന്നെ ആദ്യത്തേത്- മന്ത്രി പി. പ്രസാദ്  -സാംസ്കാരിക വകുപ്പിന്റെ മൂന്നാമത്തെ ശതാബ്ദിയാഘോഷം മാന്നാറിൽ നടത്തി

ആലുവ സർവ്വമത സമ്മേളനം ലോകത്തിലെ തന്നെ ആദ്യത്തേത്- മന്ത്രി പി. പ്രസാദ് -സാംസ്കാരിക വകുപ്പിന്റെ മൂന്നാമത്തെ ശതാബ്ദിയാഘോഷം മാന്നാറിൽ നടത്തി

 
ആലപ്പുഴ: എല്ലാ മതങ്ങളുടെയും സാരാംശം ഒന്നാണ് എന്ന നിലപാട് പ്രഖ്യാപിച്ചുകൊണ്ടുള്ള ലോകത്തെ ആദ്യത്തെ സർവ്വമത സമ്മേളനമാണ് നൂറു വർഷം മുമ്പ് ആലുവ അദ്വൈതാശ്രമത്തിൽ  ശ്രീനാരായണഗുരു വിളിച്ചു ചേർത്തതെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്. ആലുവ സർവ്വമത സമ്മേളന ശതാബ്ദി-2024-ന്റെ ഭാഗമായി സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ ഉൾപ്പെടുത്തി മാന്നാറിൽ സംഘടിപ്പിച്ച സർവ്വമത കൺവെൻഷൻ
ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ലോകത്തെ ആദ്യത്തെ സർവമത സമ്മേളനമായി കണക്കാക്കുന്ന 1893 ലെ ചിക്കാഗോ സർവ്വമത സമ്മേളനം എല്ലാ മതങ്ങളുടെയും സാരാംശം ഒന്നാണെന്ന് പറയാനായിരുന്നില്ല സംഘടിപ്പിച്ചത്. കൊളംമ്പസ് അമേരിക്ക കണ്ടുപിടിച്ചതിൻ്റെ 400-ാം വാർഷികം പ്രമാണിച്ച് നടത്തിയ ആഘോഷങ്ങളുടെ ഭാഗമായിരുന്നു അത്. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് എന്ന പ്രഖ്യാപനമാണ് ആലുവ സർവമത സമ്മേളനം നടത്തിയത്. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്നാണ് അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് ശേഷം ഗുരു എഴുതിവെച്ചത്. 'ക്ഷേത്രം' എന്ന വാക്കിനു പകരം 'മാതൃകാസ്ഥാനം' എന്ന വാക്ക് ഗുരു ബോധപൂർവ്വം എഴുതുകയായിരുന്നു. ക്ഷേത്രമെന്ന വാക്ക് ഒഴിവാക്കിയ ഗുരുവിനെ ഇവിടെ കാണാൻ കഴിയും. മതത്തിന്റെയും ജാതിയുടെയും വർഗത്തിന്റെയും പേരിൽ കലാപക്കൊടികൾ ഉയർത്തുന്നവർക്ക് എല്ലാ മതങ്ങളും ഒന്നു തന്നെയാണെന്ന 
ഗുരുവചനങ്ങൾ മാതൃകയാകണം.  മതനിരപേക്ഷത ലോകത്തിനു മുന്നിൽ പ്രായോഗികമായി അവതരിപ്പിക്കാൻ ഗുരുവിന് കഴിഞ്ഞു. മതവും ദൈവവും വോട്ടുബാങ്കാകുകയും അധികാരത്തിലേക്കുള്ള ചവിട്ടുപടിയായി മാറുകയും ചെയ്യുന്ന  കാലത്ത് സർവ്വമത സമ്മേളനത്തിന്റെ സന്ദേശം ഓർമ്മപ്പെടുത്താൻ സർവമത കൺവെൻഷനുകൾ സഹായിക്കുമെന്നും മന്ത്രി പി.പ്രസാദ് പറഞ്ഞു.

രാജ്യത്ത് വർഗീയതയുടെ അന്ധകാരം  പടരാൻ അനുവദിക്കരുതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചുകൊണ്ട് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെയും മറ്റ് നവോത്ഥാന നായകരുടെയും വാക്കുകളും ആശയങ്ങളും വർഗീയതയ്ക്കും സങ്കുചിത ചിന്താഗതിക്കും എതിരെ പരിചയായി നമ്മുടെ കൂടെയുണ്ടാകണം. ഗുരുദേവ ദർശനം കാലാനുവർത്തിയാണ്. സർവമത സമ്മേളന ശതാബ്ദിയാഘോഷങ്ങൾ നമ്മുടെ സാഹോദര്യം കൂടുതൽ ഉയർത്തിപ്പിടിക്കാൻ പ്രചോദനമാകട്ടെയെന്നും മന്ത്രി പറഞ്ഞു. 
മതേതരമായ പുരോഗമന സ്വഭാവം നമ്മുടെ രക്തത്തിൽ അലിഞ്ഞുചേർന്നതാണ്. എന്നാൽ അവയിൽ വിള്ളൽ വീഴ്ത്തുന്ന സങ്കുചിത രാഷ്ട്രീയത്തിന്റെ രംഗപ്രവേശം ആശങ്കയോടെ നോക്കിക്കാണേണ്ടതുണ്ടെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

തനിക്കപ്പുറത്തേക്ക് ലോകമുണ്ടെന്ന് ഗുരു ചൂണ്ടിക്കാട്ടി - സച്ചിദാനന്ദ സ്വാമികൾ

ജാതി, മതം, വിഭാഗീയമായ ചിന്തകൾ എന്നിവയുടെ വേലിക്കെട്ടുകൾ തീർത്ത് തന്നിലേക്ക് തന്നെ വ്യക്തികൾ ചുരുങ്ങുമ്പോൾ തനിക്ക് അപ്പുറത്തേക്ക് ഒരു ലോകമുണ്ടെന്ന് കാണിച്ചു തന്നയാളാണ് ശ്രീനാരായണ ഗുരു എന്ന് ശിവഗിരി മഠം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്  സച്ചിദാനന്ദ സ്വാമികൾ പറഞ്ഞു. ഇത്തരം സമ്മേളനങ്ങൾ മറ്റെന്തിനേക്കാളും ഇന്ന് രാജ്യത്ത് ആവശ്യമാണ്.  ജാതിയോ മതമോ വിഭാഗീയ ചിന്തകളോ അല്ല അതിനപ്പുറം ശുദ്ധ മനുഷ്യത്വത്തോടെയാണ് നാം ജീവിക്കേണ്ടതെന്ന് ഇതുപോലെയുള്ള സമ്മേളനങ്ങൾ ഓർമ്മപ്പെടുത്തുമെന്നും
അദ്ദേഹം പറഞ്ഞു.

ഇത്തരമൊരു സമ്മേളനം നടത്താൻ കേരളത്തിലേ സാധിക്കൂ - ഡോ. എം.എ. സിദ്ദിഖ്

സർവ്വമത സമ്മേളനത്തിന്റെ നൂറാം വർഷത്തിൽ ഇക്കാലത്ത് ഇത്തരമൊരു സമ്മേളനം ഇന്ത്യയിൽ നടത്താൻ കേരളത്തിന്  മാത്രമേ സാധിക്കൂ. ഇതാണ് വർത്തമാനകാല ഇന്ത്യയിലെ രാഷ്ട്രീയാവസ്ഥയെന്ന് കേരള യൂണിവേഴ്‌സിറ്റി മലയാള വിഭാഗം അസോസിയേറ്റ്  പ്രൊഫ. ഡോ. എം.എ. സിദ്ദിഖ് പറഞ്ഞു. കുമാരനാശാന്റെ മരണം പോലും രാഷ്ട്രീയവൽക്കരിക്കുന്നതിനെ ശക്തമായി പ്രതിരോധിക്കേണ്ട അവസരമാണിതെന്നും സിദ്ദിഖ് പറഞ്ഞു.

ഗുരുവിന്റെ ധീരത ഇന്നത്തെ തലമുറയ്ക്ക് ഉൾക്കൊള്ളാനാവില്ല- കെ.ജയകുമാർ

ഭരണഘടനയോ രാജഹിതമോ പരിഗണിക്കാതെ സർവമതസാരവും ഒന്നാണെന്നും ജാതി മത വേർതിരിവ് കൊണ്ടുനടക്കുന്നവർ പാമരന്മാരാണെന്നും അക്കാലത്ത് വിളിച്ചുപറഞ്ഞ ശ്രീ നാരായണ ഗുരുവൻറെ അസാമാന്യ ധൈര്യം സ്വാതന്ത്ര്യാനന്തരം ജനിച്ച തലമുറയ്ക്ക് ഉൾക്കൊള്ളാനാവുന്നതിലും വലുതാണെന്ന് കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാർ പറഞ്ഞു. അൻപ്, അനുകമ്പ എന്നിവയിലൂടെ നേടിയ അരുൾ ആണ് ആധുനിക സമൂഹത്തെ മുൻപോട്ട് നയിക്കേണ്ടതെന്ന് ഗുരു വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാന്നാർ ശ്യാമശ്രീ കൺവെൻഷൻ സെന്ററിൽ നടന്ന സമ്മേളനത്തിൽ  ശിവഗിരി മഠം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ, മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, കേരള യൂണിവേഴ്‌സിറ്റി മലയാള വിഭാഗം അസോസിയേറ്റ്  പ്രൊഫ. ഡോ. എം.എ. സിദ്ദിഖ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരയ ടി.വി. രത്‌നകുമാരി, പുഷ്പലതാ മധു, വിജയമ്മ ഫിലേന്ദ്രൻ, ശ്രീനാരായണ പഠന കേന്ദ്രം ഡയറക്ടർ ഡോ. ശിശുപാലൻ, ചെങ്ങന്നൂർ എസ്.എൻ.ഡി.പി. 
അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റി കൺവീനർ
സുരേഷ് പരമേശ്വരൻ, സാംബവ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി, കെ.പി.എം.എസ്. സംസ്ഥാന കമ്മിറ്റി അംഗം പി. ജനാർദ്ദനൻ, കേരള ഗണക മഹാസഭ ജനറൽ സെക്രട്ടറി ജി. നിശികാന്ത്, ജനറൽ കൺവീനർ അനിൽ പി. ശ്രീരംഗം തുടങ്ങിയവർ പങ്കെടുത്തു.

ശ്രീനാരായണഗുരു ആലുവ അദ്വൈതാശ്രമത്തിൽ വിശ്വപ്രസിദ്ധമായ സർവ്വമത സമ്മേളനം വിളിച്ചു ചേർത്തിട്ട് നൂറുവർഷം തികയുകയാണ്. 1924 മാർച്ച് മൂന്ന്, നാല് തീയതികളിലാണ് ഈ സമ്മേളനം നടന്നത്. സർവമത സമ്മേളനത്തിന്റെ ഓർമ്മപ്പെടുത്തലായാണ് സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ സർവ്വമത കൺവെൻഷനുകൾ സംഘടിപ്പിക്കുന്നത്.
 

date