Skip to main content
കൊച്ചി റിഫൈനറിയിൽ സംഘടിപ്പിച്ച കെമിക്കൽ എമർജൻസി മോക്ക് ഡ്രില്ലിനെ തുടർന്ന് ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടർ വി ഇ അബ്ബാസിന്റെ നേതൃത്വത്തിൽ  ചേർന്ന അവലോകന യോഗം. ലാന്റ് റെക്കോർഡ്സ് തഹസിൽദാർ ജോർജ് ജോസഫ്,  കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ എം. ശങ്കർ, ടെക്നിക്കൽ ചീഫ് ജനറൽ മാനേജർ ജി. ആർ. സെന്തിൽ കുമാർ തുടങ്ങിയവർ സമീപം.

ദുരന്ത ലഘൂകരണം ലക്ഷ്യമിട്ട് കെമിക്കൽ എമർജൻസി മോക്ക് ഡ്രിൽ

 

 

 

വ്യവസായ സ്ഥാപനങ്ങളിലെ രാസവസ്തുക്കളില്‍ നിന്നുള്ള അപകട സാധ്യത കണക്കിലെടുത്ത് ദുരന്ത ലഘൂകരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ കെമിക്കൽ എമർജൻസി മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. ദുരന്ത സാഹചര്യങ്ങളിലെ അടിയന്തര രക്ഷാ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് കൊച്ചി റിഫൈനറി പരിസരത്ത് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്.

 

യഥാർത്ഥ അപകട സാഹചര്യങ്ങളിലേതു പോലെ അപായ സന്ദേശം നൽകിയ ശേഷമാണ് മോക്ക് ഡ്രിൽ ആരംഭിച്ചത്. കൊച്ചി റിഫൈനറിയിലെ ക്രൂഡ് ഓയിൽ സൂക്ഷിച്ച ടാങ്കിനു പൊട്ടൽ ഉണ്ടായി വാതക ചോർച്ച ഉണ്ടായതിനെ തുടർന്ന് നടത്തിയ അപകട നിയന്ത്രണ മാർഗങ്ങളും രക്ഷാപ്രവർത്തനങ്ങളുമാണ് മോക്ക് ഡ്രില്ലിലൂടെ ആവിഷ്കരിച്ചത്.

 

അപകടം സംഭവിച്ച രണ്ടു പേരെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നൽകുന്നതും 10 കുടുംബങ്ങളെ വില്ലേജ് ഓഫീസറുടെയും തദ്ദേശ സ്വയം ഭരണ അധികാരികളുടെയും നേതൃത്വത്തിൽ എഫ്. എ. സി. ടി. കോമ്പൗണ്ടിലുള്ള ക്യാമ്പിലേക്ക് മാറ്റുന്നതും മോക്ക്ഡ്രില്ലിലൂടെ അവതരിപ്പിച്ചു.

 

ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ ക്രൂഡ് ഓയിൽ ടാങ്കുകൾ തണുപ്പിച്ചു അപകടം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും പോലീസിന്റെ നേതൃത്വത്തിൽ വാഹനങ്ങൾ വഴിമാറ്റി ഗതാഗത തിരക്ക് ക്രമീകരിക്കുകയും ചെയ്തു. അടിയന്തര വൈദ്യസഹായം ഉറപ്പാക്കി താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരും ആംബുലൻസ് സർവ്വീസും മോക് ഡ്രില്ലിന്റെ ഭാഗമായി സജ്ജമായിരുന്നു.

 

അടിയന്തര സാഹചര്യം ഉണ്ടാകുമ്പോൾ മുൻകരുതലോടെ സുരക്ഷ സജ്ജീകരണങ്ങളുമായി ഓരോ വകുപ്പുകളും പൂർണ്ണ സജ്ജമാണെന്ന സന്ദേശമാണ് മോക്ഡ്രില്ലിലൂടെ നൽകുന്നത്.

 

ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടർ വി ഇ അബ്ബാസ്, കുന്നത്തുനാട് തഹസിൽദാർ ജെ. താജുദ്ദീൻ, ലാന്റ് റെക്കോഡ്സ് തഹസിൽദാർ ജോർജ് ജോസഫ്, ഡെപ്യൂട്ടി തഹസിൽദാർമാരായ ആർ. സാബു, സി.കെ. സലീംക്കുട്ടി, പുത്തൻകുരിശ് വില്ലേജ് ഓഫീസർ എൻ. ശ്രീകല, ഫാക്റ്ററീസ് ആന്റ് ബോയ്‌ലേഴ്സ് ജോയിന്റ് ഡയറക്ടര്‍ നിതീഷ് കുമാര്‍, ഹസാഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരന്‍, കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ എം. ശങ്കർ, ടെക്നിക്കൽ ചീഫ് ജനറൽ മാനേജർ ജി. ആർ. സെന്തിൽ കുമാർ, പോലീസ്, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ്, മലിനീകരണ നിയന്ത്രണ ബോർഡ്, ആരോഗ്യ പ്രവർത്തകർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വ്യവസായ പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

 

ശേഷം ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടർ വി ഇ അബ്ബാസിന്റെ നേതൃത്വത്തിൽ ഇരുമ്പനം എൻ.എം റോയൽ കൗണ്ടിയിൽ വിവിധ വകുപ്പുകളുടെ അവലോകന യോഗം ചേർന്നു. മോക്ക്ഡ്രില്ലിനോട്‌ അനുബന്ധിച്ച് ഓരോ വകുപ്പുകളും നടത്തിയ പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തി.

date