Skip to main content

അംബേദ്ക്കര്‍ ഗ്രാമവികസനം: ഇഞ്ചിക്കുന്ന് കോളനിയില്‍ പ്രഥമയോഗം ചേര്‍ന്നു

കുന്നംകുളം മണ്ഡലത്തില്‍ പോര്‍ക്കുളം പഞ്ചായത്തിലെ നാലാം വാര്‍ഡ് ഇഞ്ചിക്കുന്ന് കോളനിക്ക് അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എ.സി മൊയ്തീന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. കോളനിയുടെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. യോഗത്തില്‍ ഉയര്‍ന്നുവന്ന വിവിധ വികസനാവശ്യങ്ങളെ പരിഗണിച്ച് സമഗ്രമായ എസ്റ്റിമേറ്റ് തയ്യാറാക്കാനും പൊതു ഇടങ്ങളുടെ നിര്‍മ്മാണത്തിനായി അഭ്യുദയാകാംക്ഷികളില്‍ നിന്ന് സ്ഥലം സ്വീകരിക്കാനും എംഎല്‍എ നിര്‍ദ്ദേശിച്ചു.  

കോളനിവാസികളുടെ പ്രതിനിധികള്‍ കൂടിച്ചേര്‍ന്ന മോണിറ്ററിംഗ് കമ്മറ്റിയെ പദ്ധതിയുടെ തുടര്‍ നടത്തിപ്പിനായി തിരഞ്ഞെടുത്തു. ഇഞ്ചിക്കുന്ന് കോളനിക്ക് അംബേദ്കര്‍ ഗ്രാമവികസനത്തിന് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപയാണ് അനുവദിച്ചത്. 45 ല്‍പ്പരം പട്ടികജാതി കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതോടൊപ്പം ഭവന അറ്റകുറ്റപ്പണി, ശുചിത്വ ടോയ്‌ലെറ്റുകളുടെ നിര്‍മ്മാണം തുടങ്ങിയവയും ഈ പദ്ധതിയുടെ ഭാഗമായി നടക്കും. സ്ഥല ലഭ്യതക്കനുസരിച്ച് സാംസ്‌കാരിക നിലയവും കളിസ്ഥലവും ഈ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്നതും പരിഗണിക്കും. കോളനിവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനാവശ്യമായ ഭൗതികസാഹചര്യം ഒരുക്കിനല്‍കുന്നതിനാണ് അംബേദ്കര്‍ ഗ്രാമവികസന പദ്ധതി ലക്ഷ്യമിടുന്നത്.  

പദ്ധതിയുടെ നിര്‍വ്വഹണത്തിനായി നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിനും മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കുന്നതിനുമായി കോളനി പരിസരിത്തുള്ള പോര്‍ക്കുളം വില്ലേജ് ഓഫീസ് അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ ചൊവ്വന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ആന്‍സി വില്ല്യംസ്, പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.  രാമകൃഷ്ണന്‍, വൈസ് പ്രസിഡണ്ടും വാര്‍ഡ് മെമ്പറുമായ ജിഷ ശശി, ജില്ല പഞ്ചായത്തംഗം പത്മ വേണുഗോപാല്‍, ബ്ലോക്ക് മെമ്പര്‍ സിന്ധു ബാലന്‍, മറ്റ് ജനപ്രതിനിധികള്‍, പട്ടികജാതി വികസന ഓഫീസര്‍ ഷാജു, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, അസി. എഞ്ചിനീയര്‍, പ്രമോട്ടര്‍ പ്രസീത, കോളനിവാസികള്‍
തുടങ്ങിയവര്‍ പങ്കെടുത്തു.

date