Skip to main content

കുന്നംകുളത്ത് ഇനി മാലിന്യ സംസ്കരണ പഠന കേന്ദ്രവും നഗരസഭാ ഗ്രീന്‍ ടെക്നോളജി സെന്റര്‍ - ഗ്രീന്‍പാര്‍ക്ക് : ഉദ്ഘാടനം മാര്‍ച്ച് 2 ന്  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി  എം.ബി രാജേഷ് നിര്‍വ്വഹിക്കും 

കുന്നംകുളം നഗരസഭ, മാലിന്യ സംസ്കരണ പഠനത്തിനും ഗവേഷണത്തിനുമായി സജ്ജമാക്കിയിട്ടുള്ള ഗ്രീന്‍ ടെക്നോളജി സെന്റര്‍ കുറുക്കന്‍പാറ ഗ്രീന്‍പാര്‍ക്കില്‍ മാര്‍ച്ച് 2 ന് രാവിലെ 10.30 ന്  തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

58 ലക്ഷം രൂപ ചെലവഴിച്ചാണ് കുറുക്കൻ പാറയിൽ ഗ്രീന്‍ ടെക്നോളജി പാര്‍ക്ക് സജ്ജീകരിച്ചിട്ടുള്ളത്. മാലിന്യ സംസ്കരണ രംഗത്തെക്കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും കുറുക്കന്‍പാറ ഗ്രീന്‍ പാര്‍ക്കിലേക്ക് നിരവധി ആളുകളാണ് എത്തുന്നത്. സംസ്ഥാനത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തദ്ദേശ സ്ഥാപനങ്ങള്‍, ഏജന്‍സികള്‍, കിലയില്‍ എത്തുന്നവര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവർ ഇതിൽ ഉൾപ്പെടും. ഇതിന്റെ ഭാഗമായാണ് ഗ്രീന്‍ ടെക്നോളനി പാര്‍ക്ക് എന്ന ആശയം രൂപപ്പെട്ടത്. 

രണ്ട് നിലകളിലായി നിർമ്മിച്ച ഗ്രീന്‍ ടെക്നോളജി സെന്ററിൽ 50 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. എൽഇഡി വാൾ, പ്രൊജക്ടർ, സൗണ്ട് സിസ്റ്റം എന്നീ ആധുനിക സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 2016 ൽ കുന്നംകുളം  കുറുക്കൻ പാറയിൽ ആരംഭിച്ച ഗ്രീൻ പാർക്ക് സംസ്ഥാനത്ത് തന്നെ മാതൃകയാകുന്ന രീതിയിലാണ് പ്രവൃത്തിക്കുന്നത്. ചകിരി സംസ്കരണ യൂണിറ്റുൾപ്പെടെ ഏഴ് ഷെഡുകൾ ഇവിടെ പ്രവർത്തിക്കുണ്ട്. 4.32 കോടി രൂപ വിനിയോഗിച്ചാണ് വിവിധ പദ്ധതികൾ നടപ്പാക്കിയിട്ടുള്ളത്.

എ.സി മൊയ്തീന്‍ എംഎൽഎ അധ്യക്ഷനാകുന്ന ചടങ്ങിൽ സംസ്ഥാന പട്ടികജാതി പട്ടിക വർഗ്ഗ കമ്മീഷന്‍ അംഗം ടി.കെ വാസു, നഗരസഭ മാലിന്യ സംസ്കരണ അംബാസിഡര്‍ വി.കെ ശ്രീരാമന്‍, ഗാനരചയിതാവ്  ബി. കെ ഹരിനാരായണന്‍ തുടങ്ങിയവര്‍  മുഖ്യാതിഥികളാവും. 
കുന്നംകുളം നഗരസഭയില്‍ തുടര്‍ച്ചയായി 11 തവണ 100 ശതമാനം യൂസര്‍ഫീ കളക്ഷന്‍ നേടിയ 5-ാം വാര്‍ഡ് കൌണ്‍സിലര്‍ പി.എം സുരേഷിനെ  മന്ത്രി ആദരിക്കും.വാര്‍ത്താസമ്മേളനത്തില്‍ വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ സജിനി പ്രേമന്‍, പ്രിയ സജീഷ്, സെക്രട്ടറി കെ.ബി വിശ്വനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date