Skip to main content

ജില്ലയില്‍ ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക കേന്ദ്രം ആരംഭിക്കും ; മന്ത്രി ഡോ.ആര്‍.ബിന്ദു

ജില്ലയില്‍ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക കേന്ദ്രം നിഷ്, നിപ്മര്‍ മാതൃകയില്‍ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസം സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു പറഞ്ഞു. പൂടംകല്ലില്‍ കള്ളാര്‍ മോഡല്‍ ചൈല്‍ഡ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നൂ മന്ത്രി. ഉത്തര മലബാറില്‍ മികവിന്റെ കേന്ദ്രമായ ഒരു ഭിന്നശേഷി പ്രത്യേക കേന്ദ്രം ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഒപ്പന കളിച്ച് സ്വാഗതം പറഞ്ഞ ബഡ്‌സ് സ്‌കൂളിലെ കുട്ടികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും മന്ത്രി അഭിനന്ദിച്ചു.

കുടുംബശ്രീ മാതൃകയില്‍ ഭിന്നശേഷിക്കാര്‍ക്ക് സ്വാശ്രയ സംഘങ്ങളുടെ കൂട്ടായ്മ രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ബൈലോ തയ്യാറായി കഴിഞ്ഞു. സംസ്ഥാനത്ത് ഉടന്‍ ആരംഭിക്കുന്ന കൂട്ടായ്മയിലേക്ക് ബഡ്‌സ് സ്‌കൂളിലെ എല്ലാ  ഭിന്നശേഷി കുട്ടികളെയും മന്ത്രി സ്വാഗതം ചെയ്തു.

സംസ്ഥാനത്തുള്ള 8,00,000 ഭിന്നശേഷിക്കാര്‍ക്ക് ഇതൊരു കൈത്താങ്ങായി തീരുമെന്നും അവരുടെ മാനസികവും ബൗദ്ധികവുമായ വികാസത്തിനും ശാക്തീകരണത്തിനും ഉതകുന്ന പദ്ധതിയായിരിക്കും എന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ ഭിന്നശേഷിക്കാര്‍ക്ക് പ്രഥമ പരിഗണ തന്നെയാണ് സാമൂഹിക നീതി വകുപ്പ് നല്‍കുന്നത് എന്നും എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമത്തില്‍ 'സഹജീവനം സ്‌നേഹ ഗ്രാമത്തില്‍' കൂടുതല്‍ പുനരധിവാസ സൗകര്യങ്ങള്‍ ലഭ്യമാക്കും എന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രാജമോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. കള്ളാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രിയാഷാജി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷിനോജ് ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.രേഖ, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് ഫൈസല്‍, കള്ളാര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.ഗോപി, പി.ഗീത, പി.സന്തോഷ്, വാര്‍ഡ് മെമ്പര്‍ ബി.അജിത്കുമാര്‍, പൂടംകല്ല് താലൂക്ക് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.സി.സുകു, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി.പ്രിജി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കമലാക്ഷി, വ്യാപാരി വ്യവസായി പ്രതിനിധി സി.ടി.ലൂക്കോസ്, പി.ടി.എ പ്രസിഡണ്ട് സതീശന്‍ അടോട്ടുകയ, എം.സി.ആര്‍.സി കള്ളാര്‍ പ്രധാന അധ്യാപിക ഡാലിയ മാത്യു, രാഷ്ട്രീയ പ്രതിനിധികളായ എം.എം.സൈമണ്‍, എ.കെ.രാജേന്ദ്രന്‍, രത്‌നാകരന്‍ നമ്പ്യാര്‍, ടോമി വാഴപ്പള്ളി, സി.ബാലകൃഷ്ണന്‍ നായര്‍, ഇബ്രാഹിം ചെമ്മനാട്, ലക്ഷ്മണഭട്ട് എന്നിവര്‍ സംസാരിച്ചു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണന്‍ സ്വാഗതവും കള്ളാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോസ് അബ്രഹാം നന്ദിയും പറഞ്ഞു.

വൈകല്യങ്ങള്‍ മറികടന്ന് ജീവിതം കൈ എത്തി പിടിക്കാന്‍ എം.സി.ആര്‍.സികള്‍

ആദ്യകാല സ്‌ക്രീനിംഗ്, ഇടപെടല്‍, അനുബന്ധ സേവനങ്ങള്‍ എന്നിവ ഭിന്നശേഷിക്കാരില്‍ പ്രത്യേകിച്ച് കുട്ടികള്‍ക്കിടയില്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമായി അംഗീകരിക്കപ്പെട്ടതാണ്. നേരത്തെ ഇടപെടുകയും വൈകല്യം കുറയ്ക്കുകയും ചെയ്യുക എന്നതാണ് നേരത്തെയുള്ള ഇടപെടലിന് പിന്നിലെ ആശയം. വൈകല്യമുള്ള കുട്ടിക്ക് സാധ്യമായ ഏറ്റവും ഉയര്‍ന്ന സാധ്യതകളിലേക്ക് എത്തുന്നതിന് കുട്ടിയുടെ വികസനം മെച്ചപ്പെടുത്താന്‍ കഴിയും.

ഉചിതമായ മെഡിക്കല്‍ സഹായത്തോടെയും, തെറാപ്പി സേവനങ്ങളിലൂടെയും വൈകല്യങ്ങളുടെ തോത് ഗണ്യമായി കുറയ്ക്കാനും അവരുടെ ദൈനംദിന ജീവിത പ്രവര്‍ത്തനങ്ങള്‍ സ്വയം ചെയ്യാനുള്ള പരിധിയിലേക്ക് കൊണ്ടുവരാനും സാധിക്കും. ഈ പരിധിയിലുള്ള ആധുനിക സൗകര്യങ്ങളും, ഉപകരണങ്ങളും ലഭ്യമാണ്. ഈ ആധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായാണ് മോഡല്‍ ചൈല്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററുകള്‍ (എം.സി.ആര്‍.സി) സ്ഥാപിക്കുന്നത്. എം.സി.ആര്‍.സിയുടെ പ്രവര്‍ത്തന ഉദ്ദേശം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കട്ടികളുടെ സമഗ്രമായ വികസനമാണ്. സാധാരണ സ്‌കൂളുകളില്‍ ഉള്‍പ്പെടുത്തി പരിശീലനം നല്‍കാന്‍ സാധിക്കാത്ത കുട്ടികള്‍ക്കാണ് അനിവാര്യമായ പരിശീലനം, തെറാപ്പി എന്നിവ എം.സി.ആര്‍.സി മുഖേന നല്‍കുന്നത്.

ശാസ്ത്രീയ പരമായ വികസനത്തിനായി തെറാപ്പി, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ദുരിതബാധിത കുട്ടികളുടെ മാതാപിതാക്കളെ ശക്തിപ്പെടുത്തുക, കുട്ടികളുടെ വിദ്യാഭ്യാസം, പോഷണം, ആരോഗ്യം, സമഗ്ര വികസനം എന്നിവ ഉള്‍പ്പെടുന്ന പദ്ധതികള്‍ നടപ്പിലാക്കുക സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ വിവിധ തറാപ്പികള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചുള്ള വ്യക്തിഗത പരിശീലന പ്രവര്‍ത്തനങ്ങള്‍ എന്നിവയും എം.സി.ആര്‍.സിയുടെ ലക്ഷ്യങ്ങളാണ്.
 

date