Skip to main content

പോളിയോ പ്രതിരോധ വാക്‌സിന്‍ മാര്‍ച്ച് മൂന്നിന്

ആലപ്പുഴ: അഞ്ച് വയസ്സിന് താഴെ പ്രായമുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും മാര്‍ച്ച് മൂന്നിന് പോളിയോ പ്രതിരോധ വാക്‌സിന്‍ നല്‍കും. പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മാവേലിക്കര ജില്ലാ ആശുപത്രിയില്‍ 10 മണിക്ക് എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ. നിര്‍വഹിക്കും. 

ജില്ലയിലെ 1,18,608 കുട്ടികള്‍ക്കാണ് പോളിയോ വാക്‌സിന്‍ നല്‍കുന്നത്. തുള്ളി മരുന്ന് വിതരണത്തിനായി 1,414 ബൂത്തുകള്‍ ജില്ലയില്‍ സജ്ജമാണ്. എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട അങ്കണവാടികള്‍, വായനശാല, ക്ലബ്ബ് റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, ബോട്ട് ജെട്ടി എന്നിവിടങ്ങളില്‍ രാവിലെ എട്ട് മണി മുതല്‍ അഞ്ച് മണി വരെ ബൂത്തുകള്‍ പ്രവര്‍ത്തിക്കും. കൂടാതെ കണിച്ചുകുളങ്ങര ക്ഷേത്രം മണ്ണാറശാല ക്ഷേത്രം എന്നീ സ്ഥലങ്ങളിലും ബൂത്തുകളുണ്ട്. അതിഥി തൊഴിലാളികള്‍ കൂടുതലായുള്ള ഇടങ്ങള്‍, എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളിലേക്ക് മൊബൈല്‍ യൂണിറ്റുകളും സേവനം നടത്തുന്നുണ്ട്.

അഞ്ചു വയസ്സിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് തൊട്ടടുത്തുള്ള
ബൂത്തിലെത്തി ഉറപ്പായും പ്രതിരോധ തുള്ളി മരുന്ന് നല്‍കുക. പോളിയോയ്ക്ക് മേലുള്ള വിജയം ഉറപ്പാക്കുക. വേനല്‍ക്കാലമായതുകൊണ്ട് വെയില് കടുക്കുന്നതിന് മുമ്പ് തന്നെ ബൂത്തുകളിലെത്തി പ്രതിരോധ തുള്ളിമരുന്ന് നല്‍കാന്‍ ശ്രമിക്കുക. 
 

date