Skip to main content

വടകര - മാഹി കനാൽ ഭൂമി ഏറ്റെടുക്കൽ: നഷ്ടപരിഹാരത്തുക മെയ് 15 നുള്ളിൽ  വിതരണം ചെയ്യും

 

കുറ്റ്യാടി നിയോജകമണ്ഡലത്തിലെ കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ്, കുറ്റ്യാടി ബൈപ്പാസ് , വടകര മാഹി കനാൽ എന്നീ പ്രവൃത്തികളുടെ ഭൂമി ഏറ്റെടുക്കൽ നടപടികളുടെ  അവലോകന യോഗം കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎയുടെ അധ്യക്ഷതയിൽ വടകര റസ്റ്റ് ഹൗസിൽ  നടന്നു.

വടകര മാഹി കനാൽ ഭൂമി ഏറ്റെടുക്കൽ  നടപടികളുമായി ബന്ധപ്പെട്ട്  മെയ് 15 മുൻപായി നഷ്ടപരിഹാരത്തുക വിതരണം ചെയ്യുവാൻ യോഗത്തിൽ തീരുമാനിച്ചു. 

കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡിൻ്റെ  11(1 )നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചതിനെ തുടർന്നുള്ള  നടപടികൾ ഊർജിതമായി നടക്കുകയാണെന്നും നിശ്ചയിച്ച കാലയളവിനുള്ളിൽ തന്നെ 19 (1) നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കാൻ സാധിക്കും എന്നും  യോഗത്തിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
 4 വില്ലേജുകളിലായും 8 ദേശങ്ങളിലായും ഉൾപ്പെടുന്ന സ്ഥലങ്ങളുടെ സർവ്വേ നടപടികളാണ് നടന്ന് വരുന്നത്. പദ്ധതിയുടെ എസ് പി വി ആയ
കെആർഎഫ് ബിയുമായി സംയുക്ത പരിശോധനയും നടന്നുവരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.

2024 ജൂലൈ മാസത്തോടെ കുറ്റ്യാടി ബൈപ്പാസുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ നടപടികളുടെ ഭാഗമായുള്ള തുക ഭൂവുടമകൾക്ക് വിതരണം ചെയ്യാൻ ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നും യോഗത്തിൽ തീരുമാനിച്ചു.നിലവിൽ എസ്പിവിയായ ആർ ബി ഡി സി കെ യുടെ നേതൃത്വത്തിൽ  കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തിയുടെ ടെൻഡർ അംഗീകരിക്കുന്നതിനുള്ള നടപടികൾ നടന്നു വരികയാണ്.

വടകര വില്യാപ്പള്ളി ചേലക്കാട് റോഡ് പ്രവൃത്തിയുടെ ഭാഗമായി  സർക്കാർ ഭൂമി കയ്യേറ്റം പരിശോധിക്കുന്ന നടപടികൾ പൂർത്തീകരിക്കുന്നതിനായി സർവേയർമാരെ ചുമതലപ്പെടുത്തുന്നതിനും  യോഗത്തിൽ തീരുമാനിച്ചു.  വടകര വില്യാപ്പള്ളി ചേലക്കാട് റോഡിൽ ചില ഭൂവുടമകളുടെ സമ്മതപത്രം  കിട്ടാത്തതിനാൽ പ്രവൃത്തിയുടെ സാങ്കേതിക അനുമതി നൽകാൻ സാധിക്കുന്നില്ലെന്ന്  കെ ആർ എഫ് ബി വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. 

യോഗത്തിൽ ജില്ലാ സർവ്വേ സൂപ്രണ്ട്  ജോയ് ആർ, എൽ എ  തഹസിൽദാർ  പ്രസ്സിൽ കെ കെ, ആർ ബി ഡി സി കെ പ്രതിനിധി  കെ കെ അനിൽകുമാർ, കെ ആർ എഫ് ബി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ  രാഹുൽ ലെസ്ലി, എൽ ആർ സീനിയർ സൂപ്രണ്ട്  അനുശ്രീ എന്നിവർ  പങ്കെടുത്തു.

date