Skip to main content

നെഹ്റുട്രോഫി മാധ്യമ അവാര്‍ഡിന് എന്‍ട്രി അയയ്ക്കാം

ആലപ്പുഴ: മാധ്യമപ്രവര്‍ത്തകര്‍ക്കായി ആലപ്പുഴ നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ഏര്‍പ്പെടുത്തിയ നെഹ്റു ട്രോഫി മാധ്യമ അവാര്‍ഡിന് അപേക്ഷിക്കാം. 69-ാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗമായി 2023 ജൂലായ്
14 മുതല്‍ ഓഗസ്റ്റ് 14 വരെ പത്രങ്ങളിലും ആനുകാലികങ്ങളിലും മലയാളം ടി.വി. ചാനലുകളിലും പ്രസിദ്ധീകരിച്ച, ജലമേളയുടെ പ്രചാരണത്തിനു സഹായകമായ റിപ്പോര്‍ട്ട്, വാര്‍ത്താദൃശ്യം എന്നിവയാണ് പരിഗണിക്കുക.

പത്ര-ദൃശ്യമാധ്യമ റിപ്പോര്‍ട്ടര്‍, പത്രഫോട്ടോഗ്രാഫര്‍, ദൃശ്യമാധ്യമത്തിലെ കാമറാമാന്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളിലുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് അപേക്ഷിക്കാം. ട്രോഫിയും 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

അച്ചടി മാധ്യമ റിപ്പോര്‍ട്ടിങ് അവാര്‍ഡിനായി അവ പ്രസിദ്ധീകരിച്ച പത്രത്തിന്റെ അസലും രണ്ട് പകര്‍പ്പും കൂടി അയയ്ക്കണം. വാര്‍ത്താ ചിത്രത്തിന്റെ 10 ഃ 8 വലിപ്പത്തിലുള്ള മൂന്നു പ്രതികളും ചിത്രം അച്ചടിച്ച പത്രത്തിന്റെ ഒരു പ്രതിയും വയ്ക്കണം.

മലയാളം ടി.വി. ചാനലിലെ വാര്‍ത്താ ബുള്ളറ്റിനിലോ വാര്‍ത്താ മാഗസിനിലോ സംപ്രേഷണം ചെയ്ത, ഏഴു മിനിറ്റില്‍ കവിയാത്ത റിപ്പോര്‍ട്ടുകളുടെ ഡി.വി.ഡി./സി.ഡി. ഫോര്‍മാറ്റ് സമര്‍പ്പിക്കണം. ഇവയുടെ രണ്ടു കോപ്പി നല്‍കണം. ഒരു ചാനലില്‍ നിന്ന് ഓരോ വിഭാഗത്തിലും പരമാവധി അഞ്ച് എന്‍ട്രിയേ പാടുള്ളൂ. എന്‍ട്രിയോടൊപ്പം ചിത്രത്തിന്റെ ടൈറ്റില്‍, ഉള്ളടക്കം, തീയതി, ദൈര്‍ഘ്യം, വിവരണം എന്നിവ എഴുതി നല്‍കണം. ഒരു സ്റ്റോറി പല ഭാഗങ്ങളായി സമര്‍പ്പിക്കാതെ സമഗ്രസ്വഭാവത്തോടു കൂടിയ വാര്‍ത്താ റിപ്പോര്‍ട്ടായി നല്‍കേണ്ടതാണ്.

പ്രസിദ്ധപ്പെടുത്തിയ പത്രം, ടി.വി. ചാനല്‍ എന്നിവയുടെ പേര്, തീയതി, സമയം, ജേണലിസ്റ്റിന്റെ/ഫോട്ടോഗ്രാഫറുടെ/കാമറാമാന്റെ പേര്, വിലാസം എന്നിവ എന്‍ട്രിയോടൊപ്പം മറ്റൊരു പേപ്പറില്‍ ചേര്‍ത്തിരിക്കണം. ഒരാള്‍ക്ക് ഒരു വിഭാഗത്തില്‍ പരമാവധി രണ്ട് എന്‍ട്രികള്‍ അയയ്ക്കാം. ഒരേ എന്‍ട്രി ഒന്നിലേറെ വിഭാഗങ്ങളിലേക്ക് അയയ്ക്കാന്‍ പാടില്ല. ഓരോ എന്‍ട്രിയും പ്രത്യേകം കവറില്‍ അയക്കണം. കവറിനു പുറത്ത് മത്സരവിഭാഗം ഏതെന്നു  രേഖപ്പെടുത്തിയിരിക്കണം. സി.ഡി./ഡി.വി.ഡി.യുടെ പുറത്ത് അപേക്ഷകന്‍ പേരെഴുതി ഒപ്പിടണം. എന്‍ട്രി അപേക്ഷകന്‍ തയ്യാറാക്കിയതാണെന്നതിന് ന്യൂസ് എഡിറ്ററുടെയോ സ്ഥാപനത്തിലെ മറ്റ് മേലധികാരിയുടെയോ സാക്ഷ്യപത്രവും വയ്ക്കണം.

എന്‍ട്രികള്‍ 2024 മാര്‍ച്ച് 19 വൈകിട്ട് അഞ്ചിനകം ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, സെക്രട്ടറി- നെഹ്‌റു ട്രോഫി മാധ്യമ അവാര്‍ഡ് കമ്മിറ്റി, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്, സിവില്‍ സ്റ്റേഷന്‍, ആലപ്പുഴ -688 001 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0477 2251349.
 

date