Skip to main content

തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കണം: ജില്ലാ കളക്ടര്‍

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി മലപ്പുറം ജില്ലയിലെ വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കണമെന്ന് തൊഴിലുറപ്പ് പദ്ധതി ജില്ലാ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് നിര്‍ദ്ദേശിച്ചു. ജില്ലയിലെ ഭൂഗര്‍ഭജലവിതാനം ഉയര്‍ത്തുന്നതിനും കൃഷിക്ക് ആവശ്യമായ ജല ലഭ്യത ഉറപ്പുവരുത്തുന്നതിനുമായി ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. ഭൂഗര്‍ഭ ജലവിതാനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഭൂജല ബോര്‍ഡ് നടത്തിയ പരിശോധനയില്‍ ജില്ലയിലെ എട്ടു ബ്ലോക്ക് പഞ്ചായത്തുകള്‍ ഭാഗികമായി ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് കളക്ടറുടെ നിര്‍ദ്ദേശം.
മഴവെള്ളം പരമാവധി സംഭരിക്കുന്നതിനുള്ള തടയണകള്‍, കുളങ്ങള്‍, മഴക്കുഴികള്‍, കിണര്‍ റീചാര്‍ജ് യൂണിറ്റുകള്‍ എന്നിവയുടെ നിര്‍മ്മാണം, ജലസ്രോതസ്സുകളുടെ പുനരുദ്ധാരണം, ബന്ധപ്പെട്ട ഐ.ഇ.സി പ്രവര്‍ത്തനങ്ങള്‍ എന്നിവ പരമാവധി നടപ്പിലാക്കണം. ഭൂഗര്‍ഭ ജല പരിപാലന പ്രവൃത്തികള്‍ക്ക് ഏറ്റവും അനുയോജ്യമായ മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലയളവില്‍ ഓരോ ഗ്രാമപഞ്ചായത്തിലും കുറഞ്ഞത് അഞ്ച് കുളങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികളും പൊതു കുളങ്ങളുടെയും മറ്റു ജലസ്രോതസ്സുകളുടെയും പുനരുദ്ധാരണവും നടപ്പിലാക്കണം. പരമാവധി കിണര്‍ റീചാര്‍ജ് പ്രവൃത്തികളും, നീര്‍ത്തട വികസനത്തിന് സഹായകരമായ നിര്‍മിതികളും, നീരുറവ് മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തില്‍ ക്യാംപയിന്‍ മാതൃകയില്‍ ഏറ്റെടുക്കണമെന്നുമാണ് നിര്‍ദ്ദേശം.

date