Skip to main content

ലോക് സഭാ തെരഞ്ഞെടുപ്പ് ഓണ്‍ലൈന്‍ സംവിധാനങ്ങളും സജ്ജം

 

ലോക് സഭാ തെരഞ്ഞെടുപ്പ് കുറ്റമറ്റതും കാര്യക്ഷമവുമാക്കുന്നതിന് വിവിധ ഓണ്‍ലൈന്‍ സംവിധാനങ്ങളും സജ്ജമായി. പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ അധികാരികളെ അറിയിക്കാന്‍ സി-വിജില്‍, ഭിന്നശേഷിക്കാര്‍ക്ക് വോട്ടിംഗ് എളുപ്പമാക്കാന്‍ ഉപയോഗിക്കുന്ന സക്ഷം മൊബൈല്‍ ആപ്പ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.

ചട്ടലംഘനങ്ങള്‍ അറിയിക്കാന്‍ സി-വിജില്‍

മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളും ചെലവ് നിയന്ത്രണവുമായി ബന്ധപ്പെട്ട പരാതികളും വളരെ വേഗത്തിലും എളുപ്പത്തിലും തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുന്നതിന് കമ്മീഷന്‍ തയ്യാറാക്കിയ ആപ്പാണ് വിജിലന്‍സ് സിറ്റിസണ്‍ (സി-വിജില്‍)ആപ്പ്. പൊതുജനങ്ങള്‍ക്ക് ചട്ടലംഘനങ്ങള്‍ സംബന്ധിച്ച ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ പകര്‍ത്തി സി-വിജില്‍ ആപ്പ് വഴി പരാതി അറിയിക്കാം. പേര് വെളിപ്പെടുത്തിയും അല്ലാതെയും പരാതി നല്‍കാം. ഇത്തരത്തില്‍ നല്‍കുന്ന പരാതികള്‍ക്ക് 100 മിനുട്ടിനുള്ളില്‍ നടപടിയാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

ഭിന്നശേഷിക്കാര്‍ക്കായി സക്ഷം മൊബൈല്‍ ആപ്പ്

തെരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്താനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവിഷ്‌കരിച്ച സുപ്രധാന സംവിധാനമാണ് സക്ഷം മൊബൈല്‍ ആപ്പ്. വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യല്‍, മറ്റ് തിരുത്തലുകള്‍ വരുത്തല്‍, പോളിംഗ് സ്റ്റേഷന്‍ കണ്ടെത്തല്‍, വോട്ട് രേഖപ്പെടുത്തല്‍ എന്നിവക്ക് ആവശ്യമായ സഹായങ്ങള്‍ ആപ്പിലൂടെ ലഭിക്കും. വോട്ടെടുപ്പ് ദിവസം വീല്‍ചെയര്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ആപ്പ് വഴി ആവശ്യപ്പെടാം. ആപ്പിന്റെ ആന്‍ഡ്രോയിഡ്, ഐ ഒ എസ് പതിപ്പുകള്‍ ലഭ്യമാണ്.

ഇ എസ് എം എസ് ആപ്പ്

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്താന്‍ ഫീല്‍ഡ് സര്‍വൈലന്‍സ് ടീമുകള്‍ ഉപയോഗിക്കുന്ന ആപ്പാണ് ഇലക്ഷന്‍ സീഷര്‍ മാനേജ്‌മെന്റ് സിസ്റ്റം (ഇ എസ് എം എസ് ആപ്പ്). 10 ലക്ഷം രൂപക്ക് മുകളിലുള്ള അനധികൃത പണമോ മറ്റ് വസ്തുകളോ കണ്ടെത്തിയാല്‍ ആപ്പില്‍ രേഖപ്പെടുത്തും. ബന്ധപ്പെട്ട നോഡല്‍ ഏജന്‍സിക്ക് ഇതിന്റെ വിവരങ്ങള്‍ ലഭ്യമാക്കും. നോഡല്‍ ഏജന്‍സിയാണ് ഇവ പിടിച്ചെടുക്കുക. ഇന്‍കംടാക്സ്, എക്സൈസ്, ജി എസ് ടി തുടങ്ങി 22 നോഡല്‍ ഏജന്‍സികളാണ് ഇ എസ് എം എസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.  

എന്‍കോര്‍ ആപ്പ്

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്‍കോര്‍ ആപ്പിലുള്ള വിവിധ മൊഡ്യൂളുകളിലാണ്. സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക, സൂക്ഷ്മ പരിശോധന, സത്യവാങ്മൂലം, പോളിംഗ് നില, ചെലവ് നിരീക്ഷണം തുടങ്ങിയവ കൈകാര്യം ചെയ്യാനുള്ള ആപ്പാണിത്. എന്‍കോറിന്റെ ഭാഗമായുള്ള പോര്‍ട്ടലാണ് സുവിധ. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനാണ് സുവിധ ആപ്ലിക്കേഷന്‍ തയ്യാറാക്കിയത്. സ്ഥാനാര്‍ഥി, സ്ഥാനാര്‍ഥിയുടെ പ്രതിനിധി, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധി, ഇലക്ഷന്‍ ഏജന്റ് എന്നിവര്‍ക്ക് സ്ഥാനാര്‍ഥിക്ക് വേണ്ടി ഓണ്‍ലൈനായി സുവിധ വഴി നാമനിര്‍ദ്ദേശ പത്രിക നല്‍കാം. പ്രചാരണത്തിന്റെ ഭാഗമായുള്ള അനുമതികള്‍ക്കുള്ള അപേക്ഷകള്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടി ഏജന്റുമാരും സുവിധ ആപ്ലിക്കേഷന്‍ വഴിയാണ് സമര്‍പ്പിക്കേണ്ടത്. മറുപടിയും അപേക്ഷയുടെ സ്റ്റാറ്റസും ആപ്പില്‍ തന്നെ ലഭ്യമാകും.

വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ്

പോളിങ് ദിനത്തില്‍ പോളിംഗ് ശതമാനം വേഗത്തില്‍ അറിയാനാണ് വോട്ടര്‍ ടേണ്‍ഔട്ട് ആപ്ലിക്കേഷന്‍ തയ്യാറാക്കിയത്. നിയോജക മണ്ഡലത്തില്‍ നിന്നുളള പോളിങ് ശതമാനം രണ്ടു മണിക്കൂര്‍ ഇടവിട്ട് ഇതില്‍ ലഭ്യമാകും. പോളിങ് ദിവസത്തിന്റെ തൊട്ടടുത്ത ദിവസം ബൂത്ത് തിരിച്ചുള്ള വിവരങ്ങളും ലഭ്യമാകും. പൊതുജനങ്ങള്‍ക്കും കാണാന്‍ സാധിക്കും.

ഇ വി എം മാനേജ്മെന്റ് സിസ്റ്റം (ഇ എം എസ് 2.0)

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രേഖപ്പെടുത്താനുള്ള സംവിധാനമാണ് ഇ വി എം മാനേജ്മെന്റ് സിസ്റ്റം. ഇ വി എമ്മിന്റെ ഫസ്റ്റ് ലെവല്‍ ചെക്കിംഗ്, റാന്‍ഡമൈസേഷന്‍, വെയര്‍ഹൗസ്, സ്ട്രോങ് റൂം എന്നിവിടങ്ങളിലേക്ക് മാറ്റുന്നത്, നിയോജക മണ്ഡലത്തിലേക്കും ബൂത്തുകളിലേക്കും നല്‍കുന്നത് തുടങ്ങിയ നടപടികള്‍ ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തും. ഇ എം എസ് 2.0 ന്റെ ആപ്പും പോര്‍ട്ടലും ലഭ്യമാണ്.

ഇ ആര്‍ ഒ നെറ്റ്

വോട്ടര്‍ പട്ടിക കൈകാര്യം ചെയ്യുന്നതിനുള്ള ആപ്ലിക്കേഷനാണ് ഇ ആര്‍ ഒ നെറ്റ്. ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ (ഇ ആര്‍ ഒ), ബൂത്ത് ലെവല്‍ ഓഫീസര്‍ (ബി എല്‍ ഒ) എന്നിവരാണ് ആപ്പ് ഉപയോഗിക്കുന്നത്. ഇതിന്റെ മൊബൈല്‍ ആപ്പ് ഉപയോഗിച്ചാണ് ബി എല്‍ ഒമാര്‍ വിവരശേഖരണം നടത്തുന്നത്.

ഇ ടി പി ബി എം എസ്

സര്‍വ്വീസ് വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അയക്കാനുള്ള സംവിധാനമാണ് ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് മാനേജ്മെന്റ് സിസ്റ്റം. സര്‍വ്വീസ് വോട്ടര്‍മാര്‍ക്ക് ഓണ്‍ലൈനായി ലഭിച്ച ബാലറ്റ് പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്ത് വോട്ട് ചെയ്ത ശേഷം തപാല്‍ വഴി തിരിച്ചയക്കും. ക്യൂ ആര്‍ കോഡ് സംവിധാനം ഉപയോഗിച്ചാണ് കൗണ്ടിംഗ് സമയത്ത് ഈ പോസ്റ്റല്‍ ബാലറ്റിന്റെ സാധുത പരിശോധിക്കുക. സാധുവായ പോസ്റ്റല്‍ ബാലറ്റ് മാത്രമേ കൗണ്ടിംഗിനായി പരിഗണിക്കൂ.

ഓര്‍ഡര്‍

പോളിംഗ് ഉദ്യോഗസ്ഥരെ സംബന്ധിച്ച വിവരങ്ങള്‍ കൈകാര്യം ചെയ്യാനായി നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്റര്‍ തയ്യാറാക്കിയ പോര്‍ട്ടലാണ് ഓര്‍ഡര്‍. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ അതിന്റെ പരിധിയിലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തും. അവിടുത്തെ ജീവനക്കാരുടെ വിവരങ്ങള്‍ സ്ഥാപനങ്ങള്‍ നേരിട്ട് പോര്‍ട്ടലില്‍ രേഖപ്പെടുത്തും. ചുരുങ്ങിയ സമയം കൊണ്ട് വിവരശേഖരണം സാധ്യമാകും. പോസ്റ്റിംഗ് ഓര്‍ഡര്‍ സംബന്ധിച്ച വിവരങ്ങളും ആപ്പില്‍ ലഭ്യമാകും.

പോള്‍ മാനേജര്‍

പോളിംഗ് ദിവസം പോളിംഗ് സ്റ്റേഷനുകളിലെ എല്ലാ നടപടിക്രമങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നതിനും ഓരോ മണിക്കൂറുകളിലുമുള്ള പോളിംഗ് നില പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് അപ്ഡേറ്റ് ചെയ്യുന്നതിനുമുള്ള ആപ്ലിക്കേഷനാണ് പോള്‍ മാനേജര്‍. ഇത്തരത്തില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ ആപ്പിലൂടെ അപ്ഡേറ്റ് ചെയ്യുന്ന വിവരങ്ങള്‍ ആര്‍ഒ, ഡിഇഒ, സിഇഒ എന്നീ തലങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ക്കും നിരീക്ഷിക്കാന്‍ സാധിക്കും. പോളിംഗ് ടീം വിതരണ കേന്ദ്രങ്ങളില്‍ നിന്നും പുറപ്പെടുന്നത് മുതല്‍ തിരിച്ച് എത്തുന്നത് വരെയുള്ള സമയത്തിനിടയില്‍ 20 ചോദ്യങ്ങളുടെ ഉത്തരങ്ങളായാണ് പ്രിസൈഡിംഗ് ഓഫീസറോ ഫസ്റ്റ് പോളിംഗ് ഓഫീസറോ ആപ്പിലൂടെ വിവരങ്ങള്‍ സമയബന്ധിതമായി രേഖപ്പെടുത്തേണ്ടത്.

date