Skip to main content

മണ്ണ് സംരക്ഷണം: കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്നു

ജില്ലയില്‍ സമീപകാലത്തുണ്ടായ അതിവര്‍ഷം, മഹാപ്രളയം , ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ മൂലം മണ്ണിനും ചെടികള്‍ക്കും ഉണ്ടായ കേടുപാടുകള്‍ പരിഹരിക്കുന്നതിന് കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്നു. മണ്ണിന്റെയും ചെടികളുടെയും ആരോഗ്യം വീണ്ടെടുക്കുന്നതിന് ഓരോ പ്രദേശത്തിനും യോജിച്ച കാര്‍ഷിക മുറകള്‍ അനുവര്‍ത്തിക്കാനും സൂക്ഷ്മ മൂലക തലത്തില്‍ മണ്ണ് പരിശോധിച്ച് വള പ്രയോഗം വേണ്ട പരിശീലനമാണ് എല്ലാ പഞ്ചായത്തിലും കൃഷി വകുപ്പ് ആത്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്നത്. പ്രകൃതിക്ഷോഭം മൂലം കൃഷി നശിച്ച് മാനസിക സമ്മര്‍ദ്ദത്തിലായ കര്‍ഷകര്‍ക്ക് കൗണ്‍സിലിംഗും ഇതോടൊപ്പം സംഘടിപ്പിക്കുന്നു. ഇതിന്റെ ചിലവിനത്തില്‍ ഓരോ കൃഷിഭവനും 10,000 രൂപവീതം ആത്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിക്കുന്നതായി ആത്മ പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു. ഒരു മണ്ണ് സാമ്പിള്‍ പരിശോധിക്കാന്‍ 400 രൂപ ചെലവുവരുന്ന സൂക്ഷ്മമൂലക തലത്തിലുള്ള പരിശോധനയും സൗജന്യമായി ചെയ്യുന്നു. താല്‍പര്യമുള്ളവര്‍ മണ്ണ് സാമ്പിളുകള്‍ ഈ പരിശീലനപരിപാടിയില്‍ എത്തിക്കണം. വിശദവിവരങ്ങള്‍ക്ക് അതത് കൃഷിഭവനുമായി ബന്ധപ്പെടണം. മണ്ണിന്റെ സൂക്ഷ്മ സുഷിരങ്ങളായ വായുഅറകള്‍ അടഞ്ഞുപോയതും ഈഷ്മാവ് ക്രമാതീതമായി കൂടിയതും മണ്ണിലെ ജൈവാംശം നശിച്ചതും വെല്ലുവിളികളാണ്. മണ്ണിന്റെ പ്രധാന മൂലകങ്ങളും സൂക്ഷ്മമൂലകങ്ങളും ഒലിച്ചുപോയതും സൂക്ഷ്മാണുക്കള്‍ നശിച്ചതും കോടിക്കണക്കിന് വര്‍ഷങ്ങള്‍ എടുത്ത് രൂപീകൃതമായ മണ്ണ് സമ്പത്ത് നശിച്ചതും മണ്ണിന്റെ പുളിരസം കൂടിയതും സ്വാഭാവികഘടന നഷ്ടമായതും കുരുമുളക്, ഏലം, ഇഞ്ചി, കൊക്കോ, തെങ്ങ്, ജാതി, മഞ്ഞള്‍, വാഴ തുടങ്ങിയ വിളകള്‍ ഉണങ്ങുന്നതിനോ ആരോഗ്യം നശിക്കുന്നതിനോ കാരണമാകും. ആരോഗ്യം നശിച്ച ചെടികളില്‍ കീട-രോഗങ്ങളുടെ കടന്നാക്രമണം കൂടുവാനും സാധ്യതയുണ്ട്. ഇവ നേരിടാന്‍ കര്‍ഷകരെ സജ്ജരാക്കാനാണ് പരിശീലനം.

date