Skip to main content

തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി ‘ഓഡര്‍’

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജീവനക്കാരെ നിയോഗിക്കുന്നതുള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ഇത്തവണ ‘ഓഡര്‍’ സോഫ്റ്റ്‌വെയറിലൂടെ. കുറ്റമറ്റ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനാണ് സംവിധാനമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് വ്യക്തമാക്കി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന വിവിധ സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ദേശസാത്കൃത ബാങ്കുകള്‍, കേരള ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക് ജീവനക്കാരുടെ വിവരങ്ങള്‍ സോഫ്റ്റ്വെയര്‍ മുഖേന ശേഖരിച്ച് മൂന്ന്ഘട്ടങ്ങളായി തരംതിരിച്ചാണ് വിവിധ പോളിംഗ് സ്റ്റേഷനിലേക്ക് ഉദ്യോഗസ്ഥരെ നിയമിക്കുന്നത്.

ഉദ്യോഗസ്ഥര്‍ക്ക് വോട്ടുള്ള നിയോജകമണ്ഡലത്തിലും നിലവില്‍ ജോലി ചെയ്യുന്ന മണ്ഡലത്തിലും ചുമതല നല്‍കില്ല. ഏപ്രില്‍ 24ന് വിവിധ പോളിംഗ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ പൂര്‍ണ്ണവിവരം ലഭ്യമാകും. ഓരോ പോളിംഗ് ബൂത്തിലും പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍, പോളിംഗ് ഓഫീസര്‍, പോളിംഗ് അസിസ്റ്റന്റ് എന്നിങ്ങനെ നാല് ഉദ്യോഗസ്ഥരെയാണ് നിയമിക്കുന്നത്. പ്രാദേശിക-സാമൂഹിക- രാഷ്ട്രീയ സാഹചര്യങ്ങളെ മുന്‍നിര്‍ത്തി തിരഞ്ഞെടുത്ത പോളിംഗ് ബൂത്തുകള്‍ക്ക് പ്രത്യേക ക്രമീകരണങ്ങള്‍ സജ്ജമാക്കും. പ്രാദേശിക സാഹചര്യം മുന്‍നിര്‍ത്തി സജ്ജീകരിക്കുന്ന സ്‌പെസിഫിക് പോളിംഗ് സ്റ്റേഷനുകളില്‍ അതാത് പ്രദേശത്തെ ജീവനക്കാരെയാണ് നിയമിക്കുക. തിരഞ്ഞെടുക്കപ്പെട്ട സ്റ്റേഷനുകളില്‍ വനിതാ ഉദ്യോഗസ്ഥരെ മാത്രംനിയമിച്ച് പിങ്ക് പോളിംഗ്‌സ്റ്റേഷനുകള്‍ സജ്ജീകരിക്കും. പ്രശ്‌നബാധിത പോളിംഗ് ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തും. മൈക്രോ ഒബ്‌സര്‍വറുടെ സേവനവും ബൂത്തില്‍ ഉറപ്പുവരുത്തും. പരാതിരഹിതവും സുതാര്യവുമായ രീതിയിലാണ് നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നത് എന്ന് ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ജിജി ജോര്‍ജ് പറഞ്ഞു.

date