Skip to main content

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ബോധവത്കരണ പരിപാടികൾ ഊർജിതമാക്കി സ്വീപ്

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജില്ലായിൽ ജനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന് വേറിട്ട നിരവധി പരിപാടികളുമായി ജില്ലാഭരണകൂടവും സിസ്റ്റമാറ്റിക് വോട്ടർ എഡ്യൂക്കേഷൻ ആൻഡ് ഇലക്ട്രറൽ പാർട്ടിസിപ്പേഷൻ പ്രോഗ്രാമും ( സ്വീപ്). തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പഞ്ചഭൂതങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ഈവന്റുകൾ ആണ് ഇതിൽ ഏറ്റവും പ്രധാനം. ഇതിന്റെ ഭാഗമായി പഞ്ചഭൂതങ്ങളിലെ അഗ്നിയെ ആസ്പദമാക്കിയുള്ള ബോധവൽക്കരണ പരിപരിപാടി മാർച്ച് 26ന് വൈകിട്ട് സംഘടിപ്പിക്കും. എല്ലാ സർക്കാർ ഓഫീസുകളിലും 25ന് വൈകിട്ട് ആറുമണിക്ക് ദീപം തെളിയിച്ച് ' വോട്ട് പോലെ മറ്റൊന്നില്ല, ഉറപ്പായും വോട്ട് ചെയ്യും' എന്ന പ്രതിജ്ഞ എടുക്കും.
 അഗ്നിക്കൊപ്പം ഭൂമി, ജലം, വായു, ആകാശം എന്നീ വിഷയങ്ങളിൽ ചെറുതും വലുതുമായ പരിപാടികളാണ് വോട്ടർ ബോധവൽക്കരണത്തിന്റെ ഭാഗമായി സ്വീപ് ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി ജലാശയ ശുചീകരണം, പതാക ഉയർത്തൽ, ബലൂൺ,പട്ടം പറപ്പിക്കൽ തുടങ്ങിയ പരിപാടികൾ നടത്തും.
 ജില്ലയിൽ പോളിംഗ് ശതമാനം ഉയർത്തുന്നതിനായി ബൂത്ത് അഡോപ്ഷൻ പദ്ധതി നടപ്പാക്കും. 2019 ലോക്‌സഭ തെരഞ്ഞെടുപ്പിൽ കുറഞ്ഞ പോളിംഗ് ശതമാനം രേഖപ്പെടുത്തിയ മൂന്ന് പോളിംഗ് ബൂത്തുകൾ ഇതിനായി തിരഞ്ഞെടുക്കും. എൻ.എസ്.എസ്, എൻ.സി.സി, കുടുംബശ്രീ, നെഹ്റു യുവ കേന്ദ്ര എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പ്രോഗ്രാം നടപ്പിലാക്കുന്നത്. ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സെൽഫി - സിഗ്‌നേച്ചർ പോയിന്റുകൾ സ്ഥാപിക്കും. സാമൂഹ്യ മാധ്യമങ്ങൾ വഴി ബോധവത്കരണ പോസ്റ്ററുകളും വീഡിയോകളും പ്രചരിപ്പിക്കും.  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റീൽ തയാറാക്കൽ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തുകളിലും മാതൃകബൂത്ത് പദ്ധതി നടപ്പാക്കും. എല്ലാ ബൂത്തുകളിലും പ്രകൃതി സൗഹൃദ അലങ്കാര മത്സരം സംഘടിപ്പിക്കും. എല്ലാ ബൂത്തുകളും വനിതാ - ശിശു സൗഹൃദവുമാക്കും. പുഞ്ച സ്‌പെഷ്യൽ ഓഫീസർ എം. അമൽ മഹേശ്വരാണ് സ്വീപ്പിന്റെ നോഡൽ ഓഫീസർ.

 

date