Skip to main content
എം.സി.എം.സി  ഉദ്ഘാടനം

ലോക്‌സഭ തെരഞ്ഞെടുപ്പ്: എം.സി.എം.സി പ്രവര്‍ത്തനമാരംഭിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രവര്‍ത്തനമാരംഭിച്ച മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി) ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഉദ്ഘാടനം ചെയ്തു. പത്ര-ദൃശ്യ-ശ്രവ്യ-ഇലക്ട്രോണിക്-ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനും പെയ്ഡ് ന്യൂസുകള്‍ നിരീക്ഷിക്കാനുള്ള സംവിധാനമാണ് എം.സി.എം.സി. പെയ്ഡ് ന്യൂസ്, ഏകപക്ഷീയ വാര്‍ത്തകള്‍, മുന്‍കൂര്‍ അനുമതിയില്ലാത്ത പരസ്യ പ്രസിദ്ധീകരണം, സംപ്രേഷണം എന്നിവ കണ്ടെത്തി നടപടി സ്വീകരിക്കുക, സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള വിവിധ മാധ്യമങ്ങളില്‍ നല്‍കാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നല്‍കുക എന്നിവയാണ് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ (എം.സി.എം.സി) ചുമതലകള്‍. പത്രങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍, പ്രാദേശിക കേബിള്‍ ചാനലുകള്‍, റേഡിയോ, സാമൂഹിക നവമാധ്യമങ്ങള്‍, എസ്.എം.എസ്/ വോയിസ് മെസേജസ്, തീയറ്ററുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ദൃശ്യ-ശ്രവ്യ മാധ്യമ സങ്കേതങ്ങള്‍, പൊതുസ്ഥലങ്ങളിലെ വീഡിയോ-ഓഡിയോ പ്രദര്‍ശനം, ഇ-പേപ്പറുകള്‍, സാമൂഹിക മാധ്യമങ്ങള്‍, വെബ്സൈറ്റുകള്‍ തുടങ്ങിയവയിലെ പരസ്യങ്ങള്‍ക്കും മുന്‍കൂര്‍ അനുമതി തേടണം.

ഇതര രാജ്യങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനം, മതം-സമുദായങ്ങള്‍ക്കെതിരെയുള്ള ആക്രമണം, അപകീര്‍ത്തിപ്പെടുത്തല്‍, അശ്ലീല പരാമര്‍ശം, അക്രമം പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ പരസ്യങ്ങള്‍  അനുവദിക്കില്ല. കോടതിയലക്ഷ്യം, നിയമ വ്യവസ്ഥയുടെ വിശ്വാസ്യതയെ പരാമര്‍ശിക്കല്‍, രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, പരമാധികാരം എന്നിവയ്‌ക്കെതിരെയുള്ളതും ഏതെങ്കിലും വ്യക്തിയുടെ പേര് പറഞ്ഞ് വിമര്‍ശിക്കുന്ന പരസ്യങ്ങളും അനുവദിക്കില്ല. ആരാധനാലയങ്ങളുടെ ചിത്രങ്ങള്‍, അടയാളങ്ങള്‍, പ്രതീകങ്ങള്‍ എന്നിവ സമൂഹ മാധ്യമ പോസ്റ്റുകളിലും പ്രചാരണ ഗാനങ്ങളിലും ഉള്‍പ്പെടുത്തരുത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സജ്ജീകരിച്ച മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി മാധ്യമ നിരീക്ഷണത്തിനും പരസ്യങ്ങളുടെ സാക്ഷ്യപ്പെടുത്തലിനുമായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയത്. ജില്ലാ കളക്ടര്‍, എ.ഡി.എം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ്-സെക്രട്ടറി എന്നിങ്ങനെ ആറംഗ സമിതിയാണ് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയിലുള്ളത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടന്ന പരിപാടിയില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.എം മെഹ്‌റലി, സുല്‍ത്താന്‍ ബത്തേരി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ ഇ. അനിതകുമാരി, ഡെപ്യൂട്ടി കളക്ടര്‍ കെ.ഗോപിനാഥ്,  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, പ്രസ് ക്ലബ്ബ് പ്രസിഡന്റ് എ.എസ് ഗിരീഷ് കുമാര്‍, പ്രസ് ക്ലബ്ബ് സെക്രട്ടറി കെ. മുഹമ്മദ് നിസാം, ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജീവനക്കാര്‍, എം.സി.എം.സി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

date