Skip to main content

വോട്ടിംഗ് സജ്ജീകരണങ്ങള്‍ കുറ്റമറ്റതാണെന്ന് ഉറപ്പാക്കണം : ജില്ലാ കലക്ടര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ കുറ്റമറ്റതും സുതാര്യവും ആണെന്ന് എ ആര്‍ ഒ മാര്‍ (അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍) ഉറപ്പാക്കണം എന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും വരണാധികാരിയുമായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ജില്ലയിലെ നിയമസഭാ നിയോജകമണ്ഡലങ്ങളിലെ എ ആര്‍ ഒ മാരുടെയും നോഡല്‍ ഓഫീസര്‍മാരുടേയും യോഗത്തില്‍ അധ്യക്ഷനായിരുന്നു.

 വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം ഓരോ എ ആര്‍ ഒ മാരും കൃത്യമായി നിരീക്ഷിക്കണം. പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസുകളെല്ലാം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറ്റെടുത്തു. നിയോജക മണ്ഡലങ്ങളില്‍ എം പി ,എം എല്‍ എ ഫണ്ടുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച നിര്‍മ്മാണങ്ങളില്‍ ജനപ്രതിനിധികളുടെ പേര് തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുന്നത് വരെ മറച്ചു വെച്ച് വോട്ടര്‍മാര്‍ യാതൊരു വിധത്തിലും സ്വാധീനിക്കപെടുന്നില്ല എന്ന് ഉറപ്പാക്കണം. തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ക്കായി ഉദ്യോഗസ്ഥരെ നിയോഗിച്ചു. ബി എല്‍ ഒ, സെക്ടറല്‍ മജിസ്ട്രേറ്റ് എന്നിവരുടെ ഉള്‍പ്പെടെയുള്ള അടക്കം വിവരങ്ങള്‍ അടങ്ങുന്ന സംവിധാനം വേഗത്തില്‍ തയ്യാറാക്കണം.

വിവിധ സ്‌ക്വഡുകളുടെ പ്രവര്‍ത്തനം എല്ലാമേഖലയിലും ഉറപ്പാക്കണം. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ നടപടിസ്വീകരിക്കണം. മോഡല്‍-പിങ്ക് പോളിംഗ് സ്റ്റേഷനുകള്‍ക്ക് അധിക സജീകരണങ്ങള്‍ ആവശ്യാനുസരണം ക്രമീകരിക്കണമെന്നും നിര്‍ദേശിച്ചു.

ബാലറ്റ് യൂണിറ്റ് (ബി യു) കണ്ട്രോള്‍ യൂണിറ്റ് (സി യു ) വി വി പാറ്റ് എന്നിവയുടെ ആദ്യഘട്ട റാന്റമൈസെഷനും യോഗാനന്തരം നടത്തി. സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, എ ഡി എം സി.എസ്. അനില്‍, ഇലക്ഷന്‍ ഡെപ്യുട്ടി കലക്ടര്‍ ജേക്കബ് സഞ്ജയ് ജോണ്‍, സിറ്റി പൊലിസ് കമ്മിഷണര്‍ വിവേക് കുമാര്‍, റൂറല്‍ പൊലിസ് മേധാവി കെ. എം. സാബു മാത്യു, എ ആര്‍ ഒ മാര്‍, നോഡല്‍ ഓഫീസര്‍മാര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date