Skip to main content

ലോക്സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി പൊതു നിരീക്ഷകർ  *അവലോകന യോഗം ചേർന്നു 

 

ജില്ലയിലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി ജനറൽ ഒബ്സർവർമാർ. കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ ചേർന്ന ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിലാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ നടപ്പിലാക്കിയ ഒരുക്കങ്ങൾ വിലയിരുത്തിയത്. 

തിരഞ്ഞെടുപ്പിന്റെ വിജയത്തിനായി ഉദ്യോഗസ്ഥർ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കണമെന്ന് ഒബ്സർവർമാർ നിർദേശിച്ചു. ജില്ലാ അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കണമെന്നും സമൂഹമാധ്യമങ്ങൾ കൃത്യമായി  വീക്ഷിക്കണമെന്നും  നിർദ്ദേശിച്ചു.

വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്ന നിരവധി സ്വീപ്പ്  പ്രവർത്തനങ്ങൾ ജില്ലയിൽ സംഘടിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിലെ പരസ്യപ്രചാരണങ്ങൾക്കും മറ്റുമായി സ്ഥാനാർത്ഥികൾക്ക് ഉപയോഗിക്കാവുന്ന ചെലവ് വിവര കണക്കുകൾ നിരീക്ഷിക്കുന്ന കമ്മിറ്റികൾ വളരെ നേരത്തെ തന്നെ പ്രവർത്തനമാരംഭിച്ചതായും സി വിജിൽ  ആപ്ലിക്കേഷൻ മുഖേന ലഭിക്കുന്ന പരാതികൾക്ക് നിശ്ചിത സമയത്തിനുള്ളിൽ നടപടി സ്വീകരിക്കുന്നുണ്ടെന്നും  ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് യോഗത്തിൽ പറഞ്ഞു.

പോളിംഗ് ഡ്യൂട്ടിക്കായി ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന് ഓർഡർ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നുണ്ടെന്നും ബൂത്തുകളിൽ കുടിവെള്ളം സൗകര്യം ഉൾപ്പെടെ ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ നിരീക്ഷകരെ അറിയിച്ചു. 

യോഗത്തിൽ എറണാകുളം മണ്ഡലം ജനറൽ ഒബ്സർവർ ശീതൾ ബാസവ രാജ് തേലി ഉഗലെ, ചാലക്കുടി മണ്ഡലം ജനറൽ ഒബ്സർവർ റിതേന്ദ്ര നാരായൺ ബസു റോയ് ചൗധരി, പോലീസ് ഒബ്സെർവർ പരിക്ഷിത രാത്തോഡ്, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്യാം സുന്ദർ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആശാ സി. എബ്രഹാം,  ആലുവ റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന, ജില്ലാ വികസന കമ്മീഷണർ എം.എസ് മാധവിക്കുട്ടി, ഉപവരണാധികാരികൾ, വിവിധ വകുപ്പുകളിലെ നോഡൽ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

date