Skip to main content

ലോക്‍സഭാ തിരഞ്ഞെടുപ്പ്: വീട്ടില്‍ നിന്നും വോട്ട് രേഖപ്പെടുത്താന്‍ 13,216 പേര്‍

’വീട്ടില്‍ നിന്നും വോട്ട്’ 15 മുതല്‍ 24 വരെ

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സമ്മതിദായകരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്ന രീതിയായ ‘വീട്ടില്‍ നിന്നും വോട്ട്’ (ഹോം വോട്ടിങ്) സേവനം ഉപയോഗപ്പെടുത്താന്‍ മലപ്പുറം ജില്ലയില്‍ നിന്നും 13,216 പേര്‍. ജില്ലയില്‍ ഏപ്രില്‍ 15 മുതല്‍ 24 വരെയാണ് ‘വീട്ടില്‍ നിന്നും വോട്ട്’ സേവനം ലഭ്യമാക്കുകയെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അറിയിച്ചു. മുന്‍കൂട്ടി അപേക്ഷ നല്‍കിയ ഭിന്നശേഷിക്കാര്‍ക്കും 85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് വീട്ടില്‍ നിന്നും വോട്ടിന് അവസരം ലഭിച്ചിട്ടുള്ളത്. ‘വീട്ടില്‍ നിന്നും വോട്ട്’ പ്രക്രിയയ്ക്കായി ജില്ലയില്‍ വിവിധ അസി. റിട്ടേണിങ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പോളിങ് ഉദ്യോഗസ്ഥരടങ്ങുന്ന 156 ടീമുകളെ നിയോഗിച്ചിട്ടുണ്ട്. രണ്ട് പോളിങ് ഓഫീസര്‍മാര്‍, വീഡിയോഗ്രാഫര്‍, പൊലീസ് ഉദ്യോഗസ്ഥന്‍ എന്നിവരുള്‍പ്പെടുന്നതാണ് ഒരു ടീം. ആവശ്യമെങ്കില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരും സംഘത്തെ അനുഗമിക്കും. വോട്ടിങ് പ്രക്രിയയുടെ സുതാര്യത ഉറപ്പ് വരുത്തുന്നതിനായി സ്ഥാനാര്‍ത്ഥികളുടെ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്കും സംഘത്തോടൊപ്പം നിന്ന് നടപടിക്രമങ്ങള്‍ വീക്ഷിക്കാനാവും. വോട്ടിങിന്റെ രഹസ്യ സ്വഭാവം തകരാത്ത വിധത്തില്‍ വോട്ടിങ് നടപടികള്‍ ഫോട്ടോ/വീഡിയോ എടുത്ത് സൂക്ഷിക്കുകയും ചെയ്യും. കാഴ്ച പരിമിതര്‍, ചലനശേഷിയില്ലാത്തവര്‍ എന്നിവര്‍ക്കൊഴികെ വോട്ട് ചെയ്യുന്നതിനായി സഹായിയെ അനുവദിക്കില്ല. വോട്ടിങിനായി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുന്ന തിയ്യതിയും സമയവും മുന്‍കൂട്ടി എസ്.എം.എസ് വഴിയും ഇതിന് സൗകര്യമില്ലാത്ത സാഹചര്യത്തില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേനയും വോട്ടര്‍മാരെ അറിയിക്കും. ഈ സമയം വോട്ടര്‍ വീട്ടിലില്ലാത്ത സാഹചര്യമുണ്ടായാല്‍ മറ്റൊരു ദിവസം കൂടി അവസരം നല്‍കും. ഈ അവസരം കൂടി നഷ്ടമായാല്‍ പിന്നീട് അവര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കില്ല.
ജില്ലയില്‍ 85 വയസ് പിന്നിട്ട 16,438 പേരും ഭിന്നശേഷി വിഭാഗത്തില്‍ 29,840 പേരുമാണ് വോട്ടര്‍മാരായുള്ളത്.  ‘വീട്ടില്‍ നിന്നും വോട്ട്’ പ്രക്രിയയ്ക്കായി ഇവര്‍ക്ക് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേന 12 ഡി ഫോറം വിതരണം നടത്തുകയും ചെയ്തു. ഇവരില്‍ വീടുകളില്‍ വോട്ട് ചെയ്യാന്‍ താത്പര്യമറിയിച്ച 85 വയസ് കഴിഞ്ഞ 9044 പേര്‍ക്കും ഭിന്നശേഷിക്കാരായ 4172 പേര്‍ക്കുമാണ് ‘വീട്ടില്‍ നിന്നും വോട്ട്’ അനുവദിച്ചത്. ‘വീട്ടില്‍ നിന്നും വോട്ട്’ സംബന്ധിച്ച വിവരം വോട്ടര്‍ പട്ടികയില്‍ രേഖപ്പെടുത്തുന്നതിനാല്‍ ഈ തിരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് പോളിങ് ബൂത്തുകളില്‍ ചെന്ന് വോട്ട് രേഖപ്പെടുത്താന്‍ സാധിക്കുകയില്ലെന്നും കളക്ടര്‍ അറിയിച്ചു.

date