Skip to main content

അവശ്യസര്‍വീസ് ജീവനക്കാര്‍ക്ക് പോസ്റ്റല്‍ വോട്ടിങ് ഏപ്രില്‍ 21 മുതല്‍ 23 വരെ

 തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ആബ്‌സന്റീ വോട്ടര്‍മാര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട അവശ്യസര്‍വീസിലെ ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വഴി ഏപ്രില്‍ 21, 22, 23 തീയതികളില്‍ വോട്ട് രേഖപ്പെടുത്താം. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചുവരെ തൃശൂര്‍ ജില്ലാ പ്ലാനിങ് ഹാളിലാണ് പോസ്റ്റല്‍ വോട്ടിങ് സെന്റര്‍ സജ്ജമാക്കിയിട്ടുള്ളത്. ഫോം 12 ഡിയില്‍ വരണാധികാരിക്ക് അപേക്ഷ നല്‍കിയ പോളിങ് ദിവസം ഡ്യൂട്ടിയിലുള്ള അവശ്യ സര്‍വീസ് ജീവനക്കാര്‍ക്കാണ് വോട്ട് ചെയ്യാന്‍ അവസരം. പോളിങ് സ്‌റ്റേഷന് സമാനമായ സുരക്ഷാ സംവിധാനങ്ങളോട് കൂടിയാണ് പോസ്റ്റല്‍ വോട്ടിങ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. 

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ 323 അവശ്യസര്‍വീസ് ജീവനക്കാരാണ് വോട്ടിങിന് അര്‍ഹരായിട്ടുള്ളത്. ഗുരുവായൂര്‍- 10, മണലൂര്‍- 29, ഒല്ലൂര്‍- 62, തൃശൂര്‍- 50, നാട്ടിക- 41, ഇരിങ്ങാലക്കുട- 42, പുതുക്കാട്- 89 എന്നിങ്ങനെയാണ് നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള കണക്ക്. സംസ്ഥാനത്ത് പൊലീസ്, അഗ്നിരക്ഷാസേന, ജയില്‍, എക്സൈസ്, മില്‍മ, ഇലക്ട്രിസിറ്റി, ജലഅതോറിറ്റി, കെ.എസ്.ആര്‍.ടി.സി, ട്രഷറി, ആരോഗ്യ സര്‍വീസസ്, വനം, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ ഓള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍, ബി.എസ്.എന്‍.എല്‍, റെയില്‍വേ, പോസ്റ്റ് ആന്‍ഡ് ടെലഗ്രാഫ്, മാധ്യമപ്രവര്‍ത്തകര്‍, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എന്നിവയെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അവശ്യസര്‍വീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അപേക്ഷകര്‍ ഈ അവസരം പ്രയോജനപ്പെടുത്തി വോട്ടവകാശം വിനിയോഗിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

date