Skip to main content

ലോക്‌സഭ തെരഞ്ഞെടുപ്പ്; മാലിന്യ സംസ്‌കരണം ശാസ്ത്രീയമാക്കും അവലോകന യോഗം ചേര്‍ന്നു

ജില്ലയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാലിന്യ സംസ്‌കരണം ശാസ്ത്രീയമാക്കും. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പോളിങ് ബൂത്തുകള്‍, വിതരണ സ്വീകരണ കേന്ദ്രങ്ങള്‍, എന്നിവിടങ്ങളില്‍ പരമാവധി മാലിന്യം കുറച്ചും ഹരിത ചട്ടം പാലിച്ചുമായിരിക്കും പരിപാടികള്‍ നടത്തുക. ബൂത്തുകള്‍ അടക്കമുള്ള എല്ലാ കേന്ദ്രങ്ങളിലും തരം തിരിച്ച് മാലിന്യം ഇടാനുള്ള ബിന്നുകള്‍, സൂചനാ ബോര്‍ഡുകള്‍ എന്നിവ ഒരുക്കുന്നതിനും ഹരിത കര്‍മ്മ സേനയെ നിയോഗിക്കുന്നതിനും യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. മാലിന്യ മുക്ത- പ്രകൃതി സൗഹൃദ തെരഞ്ഞെടുപ്പാണ് നടത്തേണ്ടതെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.എം മെഹറലി പറഞ്ഞു. ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളായ ഡിസ്‌പോസിബിള്‍ ഗ്ലാസ്സ്, പ്ലേറ്റ്, ഇല, സ്പൂണ്‍, സ്‌ട്രോ, പ്ലാസ്റ്റിക് അലങ്കാര വസ്തുക്കള്‍ എന്നിവ ഒഴിവാക്കും. ബൂത്തുകളിലോ പോളിങ് സ്റ്റേഷനുകളിലോ നിരോധിത ഫ്‌ളക്‌സുകള്‍ ഉപയോഗിക്കരുത്. ഭക്ഷണം പാര്‍സല്‍ പ്ലാസ്റ്റിക് വിമുക്തമാക്കും. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.എം മെഹറലിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് റൗണ്ട് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരായ എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ സി. മുഹമ്മദ് റഫീഖ്, എല്‍.എ ഡെപ്യൂട്ടി കളക്ടര്‍ ഇ. അനിതകുമാരി, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.ജയരാജന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. അനുപമ, കുടുംബശ്രീ കോര്‍ഡിനേറ്റര്‍ എസ്. ബാലസുബ്രഹ്‌മണ്യം, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എസ് ഹര്‍ഷന്‍, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ കെ. അനൂപ്, ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കെ.റഹിം ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. തഹസില്‍ദാര്‍മാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍, ബ്ലോക്ക് പഞ്ചായത്ത്തല ഗ്രീന്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

date