Skip to main content

സ്വീപ് ബോധവത്കരണ പരിപാടികൾക്ക് വർണാഭ സമാപനം; തിരഞ്ഞെടുപ്പ് വിളംബര ഘോഷയാത്ര 25ന് തിരുവനന്തപുരത്ത്

 

ലോക്സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് നടത്തിയ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആന്റ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) ബോധവത്കരണ പരിപാടികൾ ഏപ്രിൽ 25 വൈകിട്ട് തിരുവനന്തപുരത്ത് നടക്കുന്ന 'തിരഞ്ഞെടുപ്പ് വിളംബര ഘോഷയാത്ര'യോടെ സമാപിക്കും. വൈകിട്ട് നാലിന് രാജ്ഭവനിൽ നിന്ന് ആരംഭിച്ച് കനകക്കുന്നിൽ സമാപിക്കുന്ന വിളംബരഘോഷയാത്രയിൽ സാംസ്‌കാരിക നായകരും സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രഗത്ഭരും പങ്കെടുക്കും.

തിരഞ്ഞെടുപ്പുകളോടുള്ള ആഭിമുഖ്യം യുവജനങ്ങളുടെ ഇടയിൽ  കുറഞ്ഞുവരുന്ന സാഹചര്യത്തിൽ എല്ലാ സമ്മതിദായകരെയും വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് സംസ്ഥാന വ്യാപകമായി സ്വീപിന്റെ നേതൃത്വത്തിൽ വിപുലമായ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. ബോധവത്കരണ പരിപാടികൾ വൻ വിജയമായതോടെ വോട്ടർ പട്ടികയിൽ മൂന്നു ലക്ഷത്തിലധികം യുവസമ്മതിദായകരുടെ വർധനവുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച 2023 ഒക്ടോബർ 27ന് ശേഷം 3,11,805 വോട്ടർമാരാണ് പുതുതായി ചേർന്നത്. സംസ്ഥാനത്ത് നിലവിൽ 5,34,394 യുവ വോട്ടർമാരാണുള്ളത്. 18നും 19നും ഇടയിൽ പ്രായമുള്ള സമ്മതിദായകരാണു യുവവോട്ടർമാരുടെ വിഭാഗത്തിലുള്ളത്. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർകൂടിയാണ് ഇവർ. ഹ്രസ്വകാലയളവിനുള്ളിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധന ശരാശരി അടിസ്ഥാനത്തിൽ രാജ്യത്തുതന്നെ ഒന്നാമതാണെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. ബോധവത്കരണ പ്രവർത്തനങ്ങളെത്തുടർന്ന് ഭിന്നലിംഗ വോട്ടർമാരുടെ എണ്ണത്തിലും വർധന ഉണ്ടായി. 

ചീഫ് ഇലക്ടറൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ  വ്യാപകമായി നടത്തിയ പ്രചാരണ പരിപാടികളും ജില്ലാ ഇലക്ഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ ജില്ലാ തലത്തിൽ നടത്തിയ പ്രചാരണവുമാണ് യുവാക്കളുടെ എണ്ണത്തിൽ വർദ്ധന സാധ്യമാക്കിയത്. സോഷ്യൽ മീഡിയ മുഖേനയും കോളേജുകൾസർവകലാശാലകൾപൊതുഇടങ്ങൾ എന്നിവിടങ്ങളിലും വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ബോധവത്കരണത്തിനായി സംസ്ഥാനത്തെ വിവിധ നിയോജക മണ്ഡലങ്ങളിൽ വോട്ടുവണ്ടിയുമെത്തി.

'നമ്മുടെ വിരൽത്തുമ്പിലൂടെ മുഴങ്ങട്ടെ നാളെയുടെ ശബ്ദംഎന്നതാണ് തിരഞ്ഞെടുപ്പ് വിളംബര ഘോഷയാത്രയുടെ മുദ്രാവാക്യം. കേരളത്തിന്റെ തനത് കലാരൂപങ്ങളും അശ്വാരൂഢസേനയും റോളർ സ്‌കേറ്റിങ് ടീമുമൊക്കെ അണിനിരക്കുന്ന വർണാഭമായ ഘോഷയാത്രയിൽ താലപ്പൊലിപഞ്ചവാദ്യംവേലകളിതെയ്യംകളരിപ്പയറ്റ്ഒപ്പനമാർഗംകളിപുലികളിചെണ്ടമേളംകഥകളികേരളനടനംമോഹിനിയാട്ടം എന്നിവ അരങ്ങേറും. വാക്കത്തോണും ഇതോടനുബന്ധിച്ച് നടക്കും. ഘോഷയാത്ര കനകക്കുന്നിലെത്തുമ്പോൾ തിരഞ്ഞെടുപ്പ് വിളംബരം കുറിച്ച് തിരുവാതിര അരങ്ങേറും. സമാപന പരിപാടിയോടനുബന്ധിച്ച് വൈകിട്ട് ഏഴിന് മാനവീയം വീഥിയിൽ അതു നറുകരയുടെയും സംഘത്തിന്റെയും മ്യൂസിക് ബാൻഡും അരങ്ങേറും.

നമ്മുടെ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും പ്രതിഫലനമെന്നോണം ഒരുക്കുന്ന തിരഞ്ഞെടുപ്പ് വിളംബര ഘോഷയാത്ര'യിൽ എല്ലാവരും ഭാഗമാകണമെന്നും ലോക്സഭ തിരഞ്ഞെടുപ്പിൽ അഭിമാനത്തോടെ വോട്ട് രേഖപ്പെടുത്തി ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കാളികളാകണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അഭ്യർഥിച്ചു.

പി.എൻ.എക്‌സ്. 1492/2024

date